Connect with us

Kozhikode

സിറാജ് വാര്‍ത്ത തുണയായി; മൊയ്തീനും കുടുംബത്തിനും ആശ്വാസമായി വീണ്ടും എസ് വൈ എസ്

Published

|

Last Updated

മലപ്പുറം: ദുരിതം പേറി ജീവിക്കാന്‍ പാട്‌പെടുന്ന മൊയ്തീനും കുടുംബത്തിനും ആശ്വാസമായി വീണ്ടും മലപ്പുറം സോണ്‍ എസ് വൈ എസ്. ഇത്തവണ ചോര്‍ന്നൊലിക്കുന്ന വീടിന് മുകളില്‍ ഷീറ്റ് പാകിയാണ് എസ് വൈ എസ് സാന്ത്വന തീരം വക സഹായം നല്‍കിയത്.
വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന മലപ്പുറം താമരക്കുഴി തറമ്മല്‍ മൊയ്തീന്റെ കുടുംബത്തെ കുറിച്ച് സിറാജ് വാര്‍ത്ത നല്‍കിയിരുന്നു. മൊയ്തീന്റെ മൂന്ന് മക്കളില്‍ വലിയ മകന്‍ അശ്‌റഫിന് എട്ടാം വയസ്സില്‍ വന്ന മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കുടുംബത്തെ വേട്ടയാടുന്ന ദുരിതങ്ങള്‍ കണ്ടറിഞ്ഞാണ് എസ് വൈ എസ് മലപ്പുറം സോണ്‍ ഭാരവാഹികള്‍ അശ്വാസവുമായി എത്തിയത്. സഹായത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ വീല്‍ചെയറും കട്ടിലും ബെഡും ഫാനുമടക്കം വീട്ടുപകരണങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് എസ് വൈ എസ് കൈമാറിയിരുന്നു. കൂടാതെ വാര്‍ത്ത വായിച്ചറിഞ്ഞ് കണ്ണൂരില്‍ നിന്നടക്കം നിരവധി വ്യക്തികളും സന്നദ്ധ സംഘടനകളും സഹായവുമായി ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.
വീടിന് മുകളില്‍ ഇരുമ്പ് ഷീറ്റ് പാകുന്നതിനായി 1,25, 000 രൂപയാണ് ചെലവായത്. കൂടാതെ മൊയ്തീന്റെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവും എസ് വൈ എസ് ഏറ്റെടുക്കും. സോണ്‍ ഭാരവാഹികളായ ഇബ്‌റാഹീം ബാഖവി മേല്‍മുറി, നാസര്‍ സഖാഫി പൊന്‍മള, സുബൈര്‍ മാസ്റ്റര്‍, എം കെ ബദറുദ്ദീന്‍, നജ്മുദ്ദീന്‍ സഖാഫി, ശൗക്കത്തലി സഖാഫി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്നും മലപ്പുറം സോണ്‍ എസ് വൈ എസ് സാന്ത്വനം തീരത്തിന്റെ ഭാഗമായി സഹായങ്ങള്‍ നല്‍കുമെന്ന് സോണ്‍ പ്രസിഡന്റ് ഇബ്‌റാഹീം ബാഖവി മേല്‍മുറി അറിയിച്ചു.