Connect with us

Kozhikode

നഗരത്തിന് പൂക്കാലമൊരുക്കി മേളകള്‍ സജീവം

Published

|

Last Updated

കോഴിക്കോട്: നഗരത്തിന് പൂക്കാലമൊരുക്കി ഗ്രാമീണ കരകൗശല മേളകള്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആകര്‍ഷകമായ ഉത്പന്നങ്ങളുമായി രാജസ്ഥാന്‍ കരകൗശല മേള മാനാഞ്ചിറ കോംട്രസ്റ്റ് ഗൗണ്ടിലാണ് നടക്കുന്നത്. രാജസ്ഥാന്‍ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് സംഘടിപ്പിച്ച മേളയില്‍ വൈവിധ്യമാര്‍ന്ന നിരവധി ഉത്പന്നങ്ങളാണ് വില്‍പ്പനക്കുള്ളത്. വിവിധ തരം സാരികള്‍, ഖാദി കുര്‍ത്തകള്‍, ബെഡ് ഷീറ്റുകള്‍, ജയ്പൂര്‍ ജ്വല്ലറികള്‍, ജ്യൂട്ട് ബാഗുകള്‍, ബ്ലാക്ക് മെറ്റല്‍ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം മേളയെ ആകര്‍ഷണീയമാക്കുന്നുണ്ട്.
വസ്മി സാരി, കാശ്മീരി സില്‍ക്ക്, ബംഗാള്‍ കോട്ടണ്‍, കാന്തവര്‍ക്ക് സാരികള്‍ എന്നിവയെല്ലാം മനോഹരങ്ങളാണ്. സാരികള്‍ക്ക് നാനൂറ് മുതല്‍ ആയിരം രൂപ വരെയാണ് വില. ഖാദി കുര്‍ത്തകള്‍ അഞ്ഞൂറ് വരെ വിലയില്‍ ലഭിക്കും. ജയ്പൂര്‍ ജ്വല്ലറികള്‍ക്ക് അമ്പത് രൂപ മുതല്‍ 95,000 രൂപ വരെ വിലയുണ്ട്. പൈന്‍ മരത്തിന്റെ പൂക്കള്‍, ആലിലകള്‍, തെങ്ങോലകള്‍ എന്നിവ ഉണക്കി നിര്‍മിച്ച വിവിധ ഉത്പന്നങ്ങളും ചണം കൊണ്ട് നിര്‍മിച്ച പാദരക്ഷകളും മേളയിലുണ്ട്.
ഹാന്റിക്രാഫ്റ്റ്, ജ്വല്ലറി ഉത്പ്പന്നങ്ങള്‍ക്ക് പത്ത് ശതമാനവും ഹാന്റ്‌ലൂം ഉത്പന്നങ്ങള്‍ക്ക് 20 ശതമാനവും ഡിസ്‌കൗണ്ട് മേളയില്‍ ലഭിക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന ഗ്രാമീണ കലാകാരന്‍മാരുടെ ഉന്നമനത്തിനായാണ് മേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. മേള സെപ്തംബര്‍ ഏഴിന് സമാപിക്കും.
കേരള സ്റ്റേറ്റ് ഹാന്റിക്രാഫ്റ്റ്‌സ് എംമ്പോറിയത്തിന്റെ ആഭിമുഖ്യത്തില്‍ ആരാധന ടൂറിസ്റ്റ് ഹോമിലാണ് ഓണം കരകൗശല വസ്ത്ര പ്രദര്‍ശന വിപണന മേള നടക്കുന്നത്. തടിയിലും ലോഹങ്ങളിലും തീര്‍ത്ത കരകൗശല ഉത്പ്പന്നങ്ങള്‍, ആറന്മുള ലോഹ കണ്ണാടി, വലംപിരി ശംഖുകള്‍, പൂജാ മണ്ഡപങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, രുദ്രാക്ഷമാല, സ്ഥടികമാള, രസമണി എന്നിവ മേളയിലുണ്ട്. മേള സുരഭി ഡയരക്ടര്‍ ബോര്‍ഡ് അംഗം ശ്രീകുമാരി സി രാജ ഉദ്ഘാടനം ചെയ്തു. ഹാന്റ്‌മെയ്ഡ് ജ്വല്ലറികളുടെയും സാരികളുടെയും മറ്റും അപൂര്‍വ ശേഖരവുമായാണ് നളന്ദ ഓഡിറ്റോറിയത്തില്‍ ദൃശ്യമേള നടക്കുന്നത്.

Latest