Connect with us

Kerala

ദൂരപരിധി 50 മീറ്ററാക്കി കുറച്ചു; പൂട്ടിയ പാറമടകള്‍ തുറന്നു

Published

|

Last Updated

തിരുവനന്തപുരം: നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ ചൂണ്ടിക്കാട്ടി പാറമടകള്‍ തമ്മിലെ ദൂരപരിധി അമ്പത് മീറ്ററാക്കി കുറച്ചു. ദൂരപരിധി ലംഘിച്ചതിനെ തുടര്‍ന്ന് നേരത്തെ അടച്ചു പൂട്ടിയ പല പാറമടകളും ഈ ഉത്തരവിനെ തുടര്‍ന്ന് പ്രവര്‍ത്തനം പുനരാരംഭിച്ചു. ജനവാസ കേന്ദ്രങ്ങളിലെ പാറമടകള്‍ക്ക് ലഭിച്ച ഇളവ് വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2007ലാണ് പാറമടകള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റ അനുമതി നിര്‍ബന്ധമാക്കിയത്. ഇതനുസരിച്ച് പുതിയ പാറമടകളുടെ ദൂരപരിധി നൂറ് മീറ്ററാക്കി ഉയര്‍ത്തിയിരുന്നു. ഇതിനുള്ളില്‍ ജനവാസ കേന്ദ്രങ്ങളോ പ്രാര്‍ഥനാലയങ്ങളോ പാലങ്ങളോ ഉണ്ടെങ്കില്‍ പാറ പൊട്ടിക്കാന്‍ അനുമതി നല്‍കരുതെന്നായിരുന്നു ഈ ഉത്തരവിലെ പ്രധാന നിര്‍ദേശം.
പഴയതും പുതിയതുമായ എല്ലാ പാറമടകളുടെയും ദൂരപരിധി 2011ല്‍ നൂറ് മീറ്ററാക്കി. പഴയ പാറമടകളുടെ പ്രവര്‍ത്തനം സമീപത്തുള്ളവരുടെ ജീവന് ഭീഷണിയായതോടെയാണ് ദൂരപരിധി ഉയര്‍ത്തിയത്. ഈ ഉത്തരവിലാണ് ഇപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ അനുമതിപത്രത്തില്‍ പറഞ്ഞിരിക്കുന്ന സര്‍വേ നമ്പറില്‍ മാത്രമേ പാറമട പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി പുതുക്കിനല്‍കുകയുള്ളൂവെന്ന വ്യവസ്ഥയോടെയാണ് അനുമതി.
പാറമടയുടെ സ്ഥലവിസ്തൃതി കൂട്ടിയുള്ള അപേക്ഷകള്‍ പ്രവര്‍ത്തനാനുമതിക്ക് പരിഗണിക്കില്ല. കോടതി ഉത്തരവുകള്‍ക്കും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും വിധേയമായിട്ടായിരിക്കണം പാറമടകള്‍ക്ക് അനുമതി പുനഃസ്ഥാപിച്ചു നല്‍കേണ്ടതെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

Latest