Connect with us

Malappuram

വൃക്കരോഗികള്‍ക്ക് സൗജന്യ മെഡിക്കല്‍ ടെസ്റ്റ്; ജില്ലയില്‍ ആരോഗ്യസ്പര്‍ശം പദ്ധതി തുടങ്ങുന്നു

Published

|

Last Updated

മലപ്പുറം: വൃക്കരോഗികള്‍ക്ക് സൗജന്യനിരക്കില്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ ചെയ്തു നല്‍കുന്ന “ആരോഗ്യസ്പര്‍ശം” പദ്ധതി ജില്ലയില്‍ തുടങ്ങുന്നു.
മലപ്പുറം ജില്ലാ പഞ്ചായത്ത് കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയും കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (കെ പി എം ടി എ) ജില്ലാ കമ്മറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 24ന് നടക്കുമെന്ന്് കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചക്ക് 12 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. വൃക്ക രോഗികള്‍ക്ക് ജില്ലയിലെ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്ന് ലബോറട്ടി, എക്‌സ്‌റേ, ഇ സി ജി, സ്‌കാനിംഗ് പരിശോധനകള്‍ സൗജന്യ നിരക്കില്‍ ചെയ്തു നല്‍കുന്നതാണ് പദ്ധതി.
കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ സഹായം നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന രോഗികള്‍ക്കെല്ലാം പദ്ധിതിയുടെ ആനുകൂല്യം ലഭ്യമാകും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 125 സ്ഥാപനങ്ങളില്‍ നിന്നാണ് സഹായം ലഭിക്കുക. ഓരോ അഞ്ചു കിലോമീറ്റര്‍ പരിധിക്കുള്ളിലും ഇത്തരത്തില്‍ ഒന്നിലധികം സ്ഥാപനങ്ങള്‍ ആനൂകൂല്യം നല്‍കുന്നത് രോഗികള്‍ക്ക് ഏറെ സഹായകരമായിരിക്കും. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച് ഡയാലിസിസിനും ട്രാന്‍സ്പ്ലാന്റേഷനിലും അഭയം കണ്ടെത്തിയ രോഗികള്‍ക്ക് മാസത്തില്‍ ഒന്നിലധികം തവണ പരിശോധനകള്‍ നടത്തേണ്ടി വരുന്നു എന്നതിനാല്‍ ആരോഗ്യസ്പര്‍ശം രോഗികള്‍ക്ക് ഏറെ ആശ്വാസമാകും. ജില്ലയിലെ മുഴുവന്‍ വൃക്കരോഗികള്‍ക്കും സൗജന്യനിരക്കില്‍ പരിശോധന നല്‍കുന്ന ഇത്തരത്തിലുള്ള പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്.
വൃക്കരോഗ സാധ്യത മുന്‍കൂട്ടി കണ്ടെത്തുന്നതിനായി ജില്ലയില്‍ വ്യാപകമായി വൃക്കരോഗ നിര്‍ണയ ക്യാമ്പുകളും ജീവിത ശൈലീരോഗ നിര്‍ണയവും നടപ്പിലാക്കും. ഈ വര്‍ഷം ഇത്തരത്തില്‍ പത്ത് ക്യാമ്പുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ പി എം ടി എ ഭാരവാഹികളായ കെ പി എം ടി എ ഇബ്‌റാഹീം വെള്ളില, എം രമേഷ്‌കുമാര്‍, സലീം മുക്കാട്ടില്‍, ശരീഫ് പാലോളി സംബന്ധിച്ചു.