സ്‌പെയ്‌നില്‍ പന്തുരുളുന്നു

Posted on: August 23, 2014 10:38 am | Last updated: August 23, 2014 at 10:38 am

1408233994867_wps_13_Real_Madrids_German_midfiമാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസി,നെയ്മര്‍, സുവാരസ്, ടോണിക്രൂസ്, ഇനിയെസ്റ്റ, ഗാരെത് ബെയില്‍, കോകെ എന്നീ താരപ്രമുഖര്‍ അണിനിരക്കുന്ന സ്പാനിഷ് ലാ ലിഗ ഫുട്‌ബോളിന് ഇന്ന് കിക്കോഫ്. മലാഗയും അത്‌ലറ്റിക്കോ ബില്‍ബാവോയും തമ്മിലാണ് ആദ്യ കളി. ഗ്രനഡ എഫ് സി- ഡിപ്പോര്‍ട്ടീലോ ല കൊരൂന, സെവിയ്യ-വലന്‍ഷ്യ എഫ് സി, അല്‍മേരിയ-എസ്പാന്യോള്‍ മത്സരങ്ങളും ഇന്ന് നടക്കും.
കിരീടം തിരിച്ചുപിടിക്കാനിറങ്ങുന്ന ബാഴ്‌സലോണ നാളെ എല്‍ചെയെ നേരിടും. ഈബര്‍-റയല്‍സോസിഡാഡ്, സെല്‍റ്റ വിഗോ-ഗെറ്റഫെ, ലെവന്റെ-വിയ്യാറയല്‍ മത്സരങ്ങളും നാളെയാണ്.
അതേ സമയം ലാ ലിഗ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡും യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍മാഡ്രിഡും തിങ്കളാഴ്ചയാണ് കളത്തിലിറങ്ങുന്നത്. റയലിന്റെ ആദ്യ എതിരാളി കൊര്‍ഡോബയും അത്‌ലറ്റിക്കോയുടെത് റയോ വാല്‍ക്കാനോയും.

ഉയര്‍ന്നുവന്നവര്‍

ഇരുപത് ക്ലബ്ബുകള്‍ മാറ്റുരക്കുന്ന ലീഗില്‍ പതിനേഴും കഴിഞ്ഞ സീസണിലുള്ളവര്‍. മൂന്ന് ടീമുകള്‍ പ്രമോട്ടഡ് ആയി വന്നവര്‍. രണ്ടാം ഡിവിഷനായ സെഗുന്‍ഡ ലീഗിലെ ആദ്യ രണ്ട് ടീമുകളായ ഈബറും ഡിപ്പോര്‍ട്ടീവോയും പ്ലേ ഓഫ് ജേതാക്കളായ കൊര്‍ഡോബ എഫ് സിയുമാണ് ലാ ലിഗയിലേക്ക് ഉയര്‍ന്നുവന്നവര്‍. 2012-13 ലാ ലിഗ സീസണില്‍ സെഗുന്‍ഡ ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട ഡിപ്പോര്‍ട്ടീവോ ല കൊരൂന ഒരു സീസണിന് ശേഷം തിരിച്ചുവരവ് നടത്തിയിരിക്കുന്നു. 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊര്‍ഡൊബ സിഎഫിന്റെ ലാ ലിഗ പ്രവേശം.

അത്‌ലറ്റിക്കോയുടെ
വെല്ലുവിളി
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലാ ലിഗ ചാമ്പ്യന്‍മാരായതിന്റെ ആവേശം നിലനിര്‍ത്തുകയെന്നതാണ് അത്‌ലറ്റിക്കോ മാഡ്രിഡ് പുതുസീസണില്‍ നേരിടുന്ന വെല്ലുവിളി. കോച്ച് ഡിയഗോ സിമിയോണി ഒപ്പമുള്ളത് തന്നെയാണ് ടീമിന്റെ കരുത്ത്. എന്നാല്‍, സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റയും ഫുള്‍ ബാക്ക് ഫിലിപ് ലൂയിസും ഗോളി തിബോട് കുര്‍ടോയിസും ടീം വിട്ടു. മൂവരും ഇപ്പോള്‍ ചെല്‍സിയുടെ പാളയത്തില്‍. കഴിഞ്ഞ സീസണുകളില്‍ സിമിയോണി ടീമിനെ പടുത്തുയര്‍ത്തിയതില്‍ ഇവരുടെ സാന്നിധ്യത്തിന് വലിയ റോളുണ്ടായിരുന്നു. ബയേണ്‍ മ്യൂണിക്കില്‍ നിന്ന് ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍ഡുകിചിനെ ടീമിലെത്തിച്ച് സിമിയോണി ഡിയഗോ കോസ്റ്റയുടെ അഭാവം പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മെയ് പതിനേഴിന് ബാഴ്‌സലോണക്കെതിരെ ഇറങ്ങിയ ആദ്യ ഇലവനിലെ ആറ് പേരും ടീം വിട്ടുവെന്നത് അത്‌ലറ്റിക്കോയെ എത്രത്തോളം ബാധിക്കുമെന്നത് വരും ദിവസങ്ങളില്‍ വ്യക്തമാകും.

കരുത്തേറ്റി റയല്‍മാഡ്രിഡ്
യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി റയല്‍മാഡ്രിഡ് അവരുടെ പ്രതാപകാലം തിരികെ പിടിച്ചിരിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗാരെത് ബെയ്‌ലും മത്സരിച്ചു കളിക്കുന്ന നിരയിലേക്ക് ബയേണിന്റെ സൂപ്പര്‍ താരം ടോണിക്രൂസും ചേര്‍ന്നിരിക്കുന്നു. കൊളംബിയയുടെ ലോകകപ്പ് ടോപ് സ്‌കോറര്‍ ഹാമിഷ് റോഡ്രിഗസിന്റെ സാന്നിധ്യമാണ് റയലിന്റെ മറ്റൊരു പ്രത്യേകത. സൂപ്പര്‍ ഗലാറ്റിക്കോസിനെ ഒരിക്കല്‍ കൂടി ലോകഫുട്‌ബോളില്‍ അവതരിപ്പിക്കുമ്പോള്‍ റയലിന്റെ പരിശീലക സ്ഥാനത്ത് കാര്‍ലോ ആഞ്ചലോട്ടിയെന്ന പരിചയ സമ്പന്നന്‍. സഹപരിശീലകനായി ഇതിഹാസ താരം സിനദിന്‍ സിദാന്‍. താരാധിക്യം കൊണ്ട് അര്‍ജന്റൈന്‍ താരം ഏഞ്ചല്‍ ഡി മാരിയയും ജര്‍മനിയുടെ സമി ഖെദീറയും പുതിയ ലാവണം തേടുന്നുവെന്നതാണ് പുതിയ വാര്‍ത്ത. രണ്ട് പേരെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലക്ഷ്യമിടുന്നു. ഡി മാരിയ ഏറെക്കുറെ യുനൈറ്റഡിന്റെ പാളയത്തിലെത്തിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഖെദീറക്കായി ആഴ്‌സണല്‍ രംഗത്തുണ്ടായിരുന്നെങ്കിലും പിന്‍മാറി. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. അതേ സമയം, ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക മോഡ്രിചിന് പുതിയ കരാര്‍ നല്‍കി റയല്‍ ഒപ്പം നിര്‍ത്തി.

പുതിയ കോച്ച്, പുതിയ ബാഴ്‌സ
ബാഴ്‌സലോണ ഇരുട്ടില്‍ തപ്പുന്ന അവസ്ഥയില്‍ നിന്ന് രക്ഷപ്പെടുമോ? പുതിയ കോച്ച് ലൂയിസ് എന്റികെക്ക് അത്ഭുതം പ്രവര്‍ത്തിക്കാനുള്ള കെല്‍പ്പുണ്ടോ? ഉത്തരം നല്‍കേണ്ടത് ഈ സീസണാണ്. ലയണല്‍ മെസിയും നെയ്മറും ഒരുമിച്ച് കളിച്ചാലൊന്നും ഒരു ടീമും രക്ഷപ്പെടില്ല. മികച്ച ആസൂത്രണമുള്ള കോച്ചിന് മാത്രമേ ബാഴ്‌സയെ മുന്നോട്ട് നയിക്കാന്‍ സാധിക്കൂവെന്ന് കഴിഞ്ഞ സീസണ്‍ വ്യക്തമാക്കി.
ഷാവിക്ക് പകരക്കാരനെ കണ്ടെത്തുന്നതില്‍ വരുന്ന കാലതാമസം നൗകാമ്പ് ടീമിനെ ബാധിക്കുന്നു. പെപ് ഗോര്‍ഡിയോളയുടെ പ്രതാപകാലത്തെ ടിക്കി-ടാക്കയില്‍ നിന്ന് മാര്‍ട്ടിനോയുടെ തന്ത്രത്തിലേക്കുള്ള ചുവടുമാറ്റം ബാഴ്‌സയുടെ കളിയഴകിനെയും കിരീടപ്പോരിനെയുമൊക്കെ ബാധിച്ചു. പുതിയ കോച്ചിന് കീഴില്‍ പുതിയൊരു ബാഴ്‌സയെ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.
സുവാരസിന്റെ വരവ്
ലാ ലിഗില്‍ സുവാരസിന്റെ രംഗപ്രവേശം വൈകുമെങ്കിലും വൈകിയെത്തുന്ന സുവാരസിനെ ചുറ്റിപ്പറ്റിയാകും ലാ ലിഗയിലെ വാര്‍ത്തകള്‍ പുരോഗമിക്കുക. ബാഴ്‌സ തിരിച്ചടി നേരിടുകയാണെങ്കില്‍ സുവാരസിന്റെ വരവിനായി ക്ലബ്ബ് ആരാധകര്‍ കാത്തിരിക്കും.
മറിച്ചാണെങ്കിലും സ്ഥിതിയില്‍ മാറ്റമുണ്ടാകില്ല. സുവാരസ് കൂടി ചേരുന്നതോടെ ബാഴ്‌സ കൂടുതല്‍ കരുത്തുറ്റ നിരയാകും എന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ക്കും സ്ഥാനമുണ്ട്. പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോറര്‍ക്ക് ലാ ലിഗിലും തരംഗമാകാന്‍ സാധിക്കുമെന്ന് ഇനിയെസ്റ്റ ഉറച്ച് വിശ്വസിക്കുന്നു.