സ്വകാര്യ ബസ് പണിമുടക്ക്; ഓര്‍ഗനൈസേഷന് കീഴിലെ ബസുകള്‍ സര്‍വീസ് തുടങ്ങി

Posted on: August 23, 2014 10:31 am | Last updated: August 23, 2014 at 10:31 am

കല്‍പ്പറ്റ: കൂലി, ആനുകൂല്യ വര്‍ധനവ് ആവശ്യപ്പെട്ട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് സമരത്തിനിടെ ഒരു വിഭാഗം ബസുടമകളും തൊഴിലാളികളും തമ്മില്‍ ധാരണയായി.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനാണ് തൊഴിലാളികള്‍ക്ക് ആനുകൂല്യം കൂട്ടി നല്‍കാമെന്ന് അറിയിച്ചത്. ഇതേ തുടര്‍ന്ന് ഇന്നലെ വൈകീട്ട് മുതല്‍ വൈത്തിരി താലൂക്കില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് ആരംഭിച്ചു. ഓര്‍ഗനൈസേഷന് പ്രാതിനിധ്യമുള്ളത് വൈത്തിരി താലൂക്കിലാണ്. ഇവര്‍ക്ക് ഏകദേശം 90 ബസുകളാണുള്ളത്. ഇന്നലെ തൊഴില്‍വകുപ്പ് പ്രതിനിധികള്‍, എ.ഡി.എം. എന്നിവരുടെ മധ്യസ്ഥതയില്‍ തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഓര്‍ഗനൈസേഷന്‍ ഒത്തുതീര്‍പ്പു സന്നദ്ധത അറിയിച്ചത്. അതേ സമയം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുമായി ഇന്നലെ അധികൃതര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇരു വിഭാഗവും വിട്ടുവീഴ്ചകള്‍ക്കു തയാറായില്ല. ഇരു വിഭാഗവുമായി വെവ്വേറെ ചര്‍ച്ചയാണ് നടത്തിയത്.
സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നായിരുന്നു ബസ് തൊഴിലാളികളുടെ പ്രധാന ആവശ്യം. ഓര്‍ഗനൈസേഷന് കീഴില്‍ രണ്ടു തരത്തിലുള്ള വേതന പരിഷ്‌കരണത്തിനാണ് ധാരണയായത്. അടിസ്ഥാന ശമ്പളം 200 രൂപയും കലക്ഷന്‍ ബത്ത 7-7-5 എന്ന രീതിയിലും അടിസ്ഥാന ശമ്പളം 225ഉം കലക്ഷന്‍ ബത്ത 6-6-5 എന്ന രീതിയിലുമാണ് പരിഷ്‌കരിച്ചത്.
നേരത്തെ പല നിരക്കുകളിലാണ് തൊഴിലാളികള്‍ക്ക് വേതനം നല്‍കിയിരുന്നതെങ്കില്‍ ഇനി മുതല്‍ ഈ രണ്ടു രീതിയെ അടിസ്ഥാനപ്പെടുത്തിയാണ് വേതനം നിര്‍ണയിക്കുക. തൊഴിലാളികളുടെ മറ്റൊരു പ്രധാന ആവശ്യമായ ബോണസ് പ്രശ്‌നത്തിലും തീരുമാനമായി. ബോണസ് പതിനായിരം രൂപയാക്കിയാണ് ഉയര്‍ത്തിയത്. മുഴുവന്‍ തൊഴിലാളികളെയും ക്ഷേമനിധി പരിധിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. എന്നാല്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന് കീഴിലുള്ള ബസ്സുകള്‍ കൂടുതലുള്ള സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ പണിമുടക്ക് തുടരുകയാണ്.