മദ്യ നയം: കോണ്‍ഗ്രസില്‍ തര്‍ക്ക ലഹരി തുടരുന്നു

Posted on: August 23, 2014 7:11 am | Last updated: August 23, 2014 at 9:12 am

തിരുവനന്തപുരം: ചരിത്രപരമായ തീരുമാനമെടുത്ത് മദ്യനയത്തിന് യു ഡി എഫ് തീര്‍പ്പ് കല്‍പ്പിച്ചെങ്കിലും കോണ്‍ഗ്രസില്‍ തര്‍ക്കത്തിന്റെ ലഹരി കുറയുന്നില്ല. 418 ബാറുകള്‍ അടച്ച്പൂട്ടിയതില്‍ തുടങ്ങിയ വിവാദം സമ്പൂര്‍ണ മദ്യനിരോധത്തിലേക്കുള്ള ചുവട്‌വെപ്പില്‍ അവസാനിച്ചെങ്കിലും തുടര്‍ചലനത്തിന്റെ ലഹരിയിലാണ് കോണ്‍ഗ്രസ്. ബാറുകള്‍ക്ക് അനുകൂല നിലപാടാണ് എ ഗ്രൂപ്പും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്വീകരിച്ചതെന്ന വികാരമുണ്ടാക്കാന്‍ വി എം സുധീരനും ചില ഘടകകക്ഷികളും ശ്രമിച്ചെന്ന പരാതിയാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചിരിക്കുന്നത്. വി എം സുധീരനെതിരെ എം എം ഹസന്‍ ഇന്നലെ പൊട്ടിത്തെറിച്ചതും ഇതിന്റെ ഭാഗം തന്നെ.
മുഖ്യമന്ത്രിയെ മദ്യലോബിയുടെ വക്താവായി ചിത്രീകരിക്കാന്‍ ആസൂത്രിത ശ്രമം നടന്നുവെന്നാണ് എ ഗ്രൂപ്പിന്റെ പരാതി. പ്രായോഗിക സമീപനമെടുത്തപ്പോള്‍ ജനഹിതത്തിന് എതിര് നില്‍ക്കുന്നുവെന്ന് സുധീരനും അദ്ദേഹത്തിന്റെ അടുപ്പക്കാരും പ്രചരിപ്പിച്ചെന്ന് എ ഗ്രൂപ്പുകാര്‍ പറയുന്നു. മദ്യനയത്തിന്റെ കാര്യത്തില്‍ ഒറ്റരാത്രി കൊണ്ട് കടുത്ത നടപടികളിലേക്ക് കടക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ച ഘടകവും ഈ പ്രചാരണം തന്നെ. 418 ബാറുകള്‍ മാത്രം പൂട്ടിയാല്‍ പോരാ തുറന്ന 312 കൂടി പൂട്ടണമെന്നും സമ്പൂര്‍ണ മദ്യനിരോധത്തിന് വഴിയൊരുക്കുകയാണ് വേണ്ടതെന്നും ഉമ്മന്‍ ചാണ്ടി തന്നെ യു ഡി എഫ് യോഗത്തില്‍ നിലപാട് സ്വീകരിച്ചതിന്റെ കാരണവും മറ്റൊന്നല്ല. മദ്യനയം യു ഡി എഫ് അംഗീകരിച്ചതിന് പിന്നാലെ ഞൊടിയിടയില്‍ കാര്യങ്ങള്‍ തീരുമാനിച്ച് തന്റെ മദ്യവിരുദ്ധ നിലപാട് അരക്കിട്ടുറപ്പിക്കുകയാണ് ഉമ്മന്‍ ചാണ്ടി. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് യു ഡി എഫ് യോഗം അംഗീകരിച്ച മദ്യനയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ രാവിലെ തന്നെ അദ്ദേഹം ഉന്നതതലയോഗം വിളിച്ചു. എക്‌സൈസ് മന്ത്രി കെ ബാബുവിനെയും ഉന്നതഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കി.
ഒരു വര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങിയ സഹാചര്യത്തില്‍ തുറന്ന ബാറുകള്‍ ഉടന്‍ പൂട്ടാന്‍ കഴിയുമോയെന്ന ആശങ്ക യു ഡി എഫ് യോഗത്തില്‍ ഉയര്‍ന്നതാണ്. എന്നാല്‍, ഒറ്റരാത്രി കൊണ്ടാണ് അതില്‍ പ്രശ്‌നമില്ലെന്ന നിയമോപദേശം മുഖ്യമന്ത്രി സംഘടിപ്പിച്ചത്. യു ഡി എഫ് യോഗം പരിഗണിക്കാതിരുന്ന കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളുടെ കാര്യത്തിലും അദ്ദേഹം തീരുമാനമെടുത്തു. തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ തയ്യാറാക്കുന്ന പദ്ധതിയിലേക്ക് അഞ്ച് ശതമാനം സെസ് പിരിച്ച് മദ്യവില ഉയര്‍ത്താന്‍ തീരുമാനിച്ചതും തന്റെ മദ്യവിരുദ്ധ നിലപാട് വിമര്‍ശകരെ അറിയിക്കുന്നതിന് വേണ്ടിയാണ്.
ആര് വിചാരിച്ചാലും തന്നെ മദ്യലോബിയുടെ ആളാക്കാന്‍ കഴിയില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയില്‍ തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്. യു ഡി എഫിന്റെ അബ്കാരി നയങ്ങളിലെല്ലാം നിര്‍ണായക പങ്കുവഹിച്ചത് താനാണെന്ന് കൂടി ഇന്നലെ ഉമ്മന്‍ ചാണ്ടി പറഞ്ഞുവെച്ചു. അതിന്റെ ചരിത്രവും മാധ്യമങ്ങളുമായി പങ്കുവെച്ചു. 1985ല്‍ യു ഡി എഫ് സര്‍ക്കാര്‍ മദ്യനിരോധനത്തെ കുറിച്ച് പഠിക്കാന്‍ ഉദയഭാനു കമ്മീഷനെ നിയോഗിച്ചത് ഉമ്മന്‍ ചാണ്ടി കണ്‍വീനറായ യു ഡി എഫ് സമിതിയുടെ ശിപാര്‍ശ അനുസരിച്ചാണ്. ഉപമദ്യഷാപ്പുകള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയതും ഈ സമിതിയുടെ ശിപാര്‍ശ പരിഗണിച്ച് തന്നെ. വീര്യം കൂടിയ മദ്യത്തിന്റെ ലഭ്യത കുറക്കണമെന്ന ഉദയഭാനു കമ്മീഷന്‍ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പിന്നീട് ചാരായ നിരോധം നടപ്പാക്കിയത്. 112 കൊല്ലം പഴക്കമുള്ള അബ്കാരി ചട്ടം ഭേദഗതി ചെയ്താണ് ഈ സര്‍ക്കാര്‍ നീര ഉല്‍പ്പാദനം ആരംഭിച്ചത്.
പ്രായോഗികത വാദമുയര്‍ത്തിയത് മദ്യലോബിയെ സഹായിക്കാനാണെന്ന വിമര്‍ശത്തിനും ഇന്നലെ ഉമ്മന്‍ ചാണ്ടി മറുപടി നല്‍കി. മദ്യാസക്തി കുറക്കാതെയും ബോധവത്കരണം നടത്താതെയും നിരോധനം കൊണ്ടുവന്നാല്‍ വ്യാജമദ്യ ഉത്പാദനം വര്‍ധിക്കുമെന്നതാണ് പ്രായോഗിക പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടിയത്. ഇത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അതുകൊണ്ടുതന്നെ മദ്യനിരോധം നടപ്പാക്കുന്നതിന് സമയമായോ എന്ന സംശയം ഉണ്ടാവുകയും അത് പ്രകടിപ്പിക്കുകയും ചെയ്തുവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
അതേസമയം, എ ഗ്രൂപ്പിന്റെ നീക്കങ്ങളോട് തത്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് വി എം സുധീരന്‍. അവകാശവാദം ഉന്നയിച്ച് പാര്‍ട്ടിയില്‍ അപശബ്ദം ഉണ്ടാക്കാന്‍ താന്‍ കാരണമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു.