ബസുകളുടെ മല്‍സരം ഓട്ടം

Posted on: August 22, 2014 6:59 am | Last updated: August 22, 2014 at 6:59 am

സ്വകാര്യ ബസുകളുടെ അമിതവേഗം മൂലമുള്ള അപകടങ്ങള്‍ ഗണ്യമായി വര്‍ധിച്ചിരിക്കെ അതിനെതിരായ നടപടി സംസ്ഥാനത്തെങ്ങും കര്‍ശനമാക്കിയിരിക്കയാണ്. എറണാകുളത്ത് ബസുകളുടെ മത്സര ഓട്ടം നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കുകയുണ്ടായി. നിയമം ലംഘിക്കുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറോടും ട്രാഫിക് പോലീസ് അസി. കമ്മീഷണറോടും കോടതി നിര്‍ദേശിച്ചിട്ടുമുണ്ട്. കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ബസുകള്‍ മറ്റു വാഹനങ്ങളെ മറികടക്കരുതെന്ന് ട്രാഫിക് വിഭാഗം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടുതല്‍ യാത്രക്കാരെ തിരുകിക്കയറ്റി വരുമാനം വര്‍ധിപ്പിക്കാന്‍ സ്വകാര്യ ബസുകള്‍ നടത്തുന്ന മത്സരപ്പാച്ചിലില്‍ നൂറുകണക്കിന് ജീവനുകളാണ് വര്‍ഷം തോറും നഷ്ടമാകുന്നത്. പലപ്പോഴും അപകടത്തെ തുടര്‍ന്ന് ജനരോഷം ഉയരുമ്പോഴാണ് അധികൃതര്‍ കണ്ണ് തുറക്കുന്നത്. കഴിഞ്ഞ വാരത്തില്‍ കൊച്ചിയില്‍ രാജേന്ദ്ര മൈതാനത്തിന് സമീപമുണ്ടായ അപകടത്തില്‍ സഹദരിമാരായ രണ്ട് സത്രീകള്‍ മരിച്ച സംഭവത്തോടെയാണ് എറണാകുളത്ത് ബസുകളുടെ മത്സരയോട്ടത്തിനെതിരെ ഭരണകൂടവും ന്യായാസനവും ഉണര്‍ന്നത്. മുന്നിലുള്ള ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ പിന്നിലുള്ള ബസ് എതിരെ വന്ന ബൈക്കില്‍ തട്ടി ഇടതുവശത്തേക്ക് വെട്ടിച്ചപ്പോഴാണ് റോഡ് മുറിച്ചുകടക്കാന്‍ നില്‍ക്കുകയായിരുന്ന സഹോദരിമാരുടെ മേല്‍ ഇടിച്ചത്. ഗതാഗത കുരുക്ക് രൂക്ഷമായ പ്രധാന നഗരങ്ങളില്‍ പോലും അമിതവേഗത്തിലുള്ള മരണപ്പാച്ചില്‍, സിഗ്‌നല്‍ തെറ്റിച്ചോടല്‍, നടുറോഡില്‍ നിര്‍ത്തി ആളെ കയറ്റല്‍, യാത്രക്കാര്‍ കയറുന്നതിനും ഇറങ്ങുന്നതിനും മുമ്പ് വണ്ടി വിടുക, കുഞ്ഞുങ്ങളെയുമായി യാത്ര ചെയ്യുന്ന സ്ത്രീകളെയും പ്രായം ചെന്നവരെയും വേഗമിറങ്ങാന്‍ നിര്‍ബന്ധിക്കുക, ഇറങ്ങിയില്ലെങ്കില്‍ പിടിച്ചു വലിച്ചിറക്കുക തുടങ്ങിയ നിയമലംഘനങ്ങളും ദ്രോഹനടപടികളും സ്വകാര്യ ബസ് ജീവനക്കാരില്‍ സാധാരണമാണ്. ഇതിനിടെ ബാംഗ്ലൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് അമ്പതിലധികം യാത്രികരുമായി പോകുകയായിരുന്ന ഒരു അന്തര്‍സംസ്ഥാന ബസ് 150 കിലോ മീറ്റര്‍ വേഗത്തിലാണ് കേരളത്തിലെ കുണ്ടും കുഴിയും നിറഞ്ഞ നിരത്തിലൂടെ ഓടിയത്. മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച മണ്ണുത്തി ചേര്‍ത്തല പാതയിലെ ഇരുപതിലധികം നിരീക്ഷണ ക്യാമറകള്‍ ഈ മരണപ്പാച്ചില്‍ പകര്‍ത്തുകയുണ്ടായി.
കാല്‍നടയാത്രക്കാരെയോ ഇരുചക്ര വാഹനമുള്‍പ്പെടെയുള്ള ചെറുവാഹന യാത്രക്കാരെയോ ഒട്ടും ഗൗനിക്കാതെ, അവര്‍ക്കെന്തു സംഭവിച്ചാലും തങ്ങള്‍ക്കെന്ത് എന്ന ധാര്‍ഷ്ട്യ ഭാവത്തോടെയാണ് പലപ്പോഴും െ്രെപവറ്റ് ബസ് ജീവനക്കാരുടെ പോക്ക്. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ സംഘടനാ ശക്തിയുടെ പിന്‍ബലത്തില്‍ ബസ് തൊഴിലാളികള്‍ അവരെ നേരിടും. ഒരു പരിധി വരെ തൊഴിലാളി സംഘടനകളാണ് നിയമ ലംഘനത്തിന് അവര്‍ക്ക് പ്രചോദനമാകുന്നത്. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ നേടിക്കൊടുക്കുകയാണ് ഇത്തരം സംഘടനകളുടെ സ്ഥാപിത ലക്ഷ്യമെങ്കിലും പലപ്പോഴും അവരുടെ നിയമലംഘനത്തിനും ജനദ്രോഹ നിലപാടുകള്‍ക്കും സംഘടനാ നേതൃത്വങ്ങള്‍ കൂട്ടുനില്‍ക്കാറുണ്ട്. അനീതിക്ക് അരുനില്‍ക്കുന്ന പ്രവണത അവസാനിപ്പിച്ചു പൊതുജന താത്പര്യം മാനിക്കാന്‍ തൊഴിലാളികളെ പ്രാപ്തരാക്കുന്നതിനുള്ള ക്രിയാത്മക നടപടികളാണ് തൊഴിലാളി സംഘനകളില്‍ നിന്നുണ്ടാകേണ്ടത്.
ചില പ്രത്യേക സംഭവങ്ങളുടെയോ, പൊതുജന പ്രക്ഷോഭത്തിന്റെയോ പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങള്‍ക്കെതിരെ അധികൃതര്‍ പ്രഖ്യാപിക്കുന്ന കര്‍ക്കശ നടപടികള്‍ക്ക് ദിവസങ്ങളുടെ ആയുസ്സേ ഉണ്ടാകാറുള്ളു. പ്രതിഷേധം ആറിത്തണുക്കുന്നതോടെ അധികൃതരുടെ ജാഗ്രതയും അവസാനിക്കാറാണ് പതിവ്. മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് വയനാട് റോഡില്‍ ഒരു കാറിനെ അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്തു ഫുട്പാത്തിലൂടെ ഓടിയ ബസ് ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടുറോഡില്‍ ബസ് തടഞ്ഞിട്ട് സമരം തുടങ്ങിയതോടെ അപകടമുണ്ടാക്കുന്ന ബസുകളുടെ പെര്‍മിറ്റ് ഉടനടി റദ്ദാക്കാനും െ്രെഡവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം അധികൃതരുടെ പരിശോധനയും നടപടികളും അവസാനിച്ചു. നഗരത്തില്‍ പിന്നെയും ബസുകളുടെ മത്സരയോട്ടവും അപകടങ്ങളും വ്യാപകമായി. സ്വകാര്യ ബസുകളുടെ ഫുട് ബോര്‍ഡില്‍ അനധികൃതമായി നിര്‍മിച്ച ചവിട്ടുപടി നീക്കം ചെയ്യുമെന്നും ബസുകളിലെ സ്റ്റീരിയോകള്‍ എടുത്തു മറ്റുമെന്നുമുള്ള ആര്‍ ടി ഒയുടെ വാഗ്ദാനവും പാഴ്‌വാക്കായി. സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ഷം തോറും വര്‍ധിച്ചു വരുന്നതിന്റെ കാരണം അധികൃതരുടെ ഈ ഉദസീനതയാണ്. ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പ്രഖ്യാപിക്കുന്ന നടപടികള്‍ സ്ഥിരമായി ജാഗ്രതയോടെ നടപ്പാക്കാനുള്ള ഉത്തരവാദിത്വ ബോധവും കാര്യക്ഷമതയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടിയിരിക്കുന്നു.