ഭീകര പ്രവര്‍ത്തനത്തിന് വധശിക്ഷ; നിയമത്തില്‍ പ്രസിഡന്റ് ഒപ്പുവെച്ചു

Posted on: August 21, 2014 8:05 pm | Last updated: August 21, 2014 at 8:05 pm

sheikh khaleefa bin sayid al nahyanഅബുദാബി: രാജ്യസുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തി ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമത്തില്‍ യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഒപ്പുവെച്ചു. രാജ്യത്തിനെതിരെ ക്ഷിദ്രശക്തികള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരം പ്രവര്‍ത്തനങ്ങളെ തുടച്ചു നീക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ പരമാവധി ശിക്ഷയായ വധശിക്ഷ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നല്‍കാന്‍ യു എ ഇ തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള നിയമം ഉടന്‍ നടപ്പാക്കും. രാജ്യത്തിന്റെ പരമാധികാരികള്‍, അവരുടെ കുടുംബങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവരുടെ മരണത്തിന് ഇത്തരം ആക്രമണങ്ങള്‍ കാരണമാവുന്ന കേസുകളിലാവും വധിശിക്ഷ ഉറപ്പാക്കുക. ഭീകരവാദ സംഘടനയിലേക്ക് ആളെ ചേര്‍ക്കുക, ആളുകളെ തട്ടിക്കൊണ്ടുപോകുക, തടവില്‍ വെക്കുക, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നയതന്ത്ര കാര്യാലയങ്ങള്‍, കോണ്‍സുലേറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അതിക്രമിച്ചു കയറുക, ആണവരാസ ജൈവ ആയുധങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രയോഗിക്കുക തുടങ്ങിയ കുറ്റങ്ങളും വധശിക്ഷയുടെ പരിധിയില്‍ വരും.
പുതിയ നിയമ പ്രകാരം വധശിക്ഷ, ജീവപര്യന്തം, 10 കോടി ദിര്‍ഹം വരെ പിഴ എന്നിവയാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. നിയമം നിര്‍വചിച്ചിട്ടുള്ള ഏതെങ്കിലും കുറ്റക്രിത്യമോ പ്രവര്‍ത്തിയോ ഭീകരവാദ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുന്നതെന്ന് തെളിയിക്കപ്പെടുന്ന കേസുകളിലാണ് നടപടി സ്വീകരിക്കുക.
ഭീകരവാദ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളിള്‍ ഭയം ജനിപ്പിക്കുക, ജനങ്ങളെ കൊല്ലുക, മാരകമായി പരുക്കേല്‍പ്പിക്കുക, സ്വത്ത്, പരിസ്ഥിതി തുടങ്ങിയവ നശിപ്പിക്കുക, രാജ്യാന്തര തലത്തില്‍ സുരക്ഷക്ക് അപകടം വരുത്തുക, രാജ്യത്തെ എതിര്‍ക്കുക, രാജ്യത്തെയോ രാജ്യാന്തര തലത്തിലേയോ ഉദ്യോഗസ്ഥരെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുക, രാജ്യത്തെ നശിപ്പിക്കാനായി രാജ്യത്തിന് അകത്തു നിന്നോ പുറത്തു നിന്നോ സഹായം തേടുക തുടങ്ങിയവയെല്ലാം പുതിയ നിയമത്തില്‍ ഭീകരവാദ പ്രവര്‍ത്തനമായി നിര്‍വചിച്ചിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കൈകോര്‍ക്കാന്‍ രാജ്യാന്തര തലത്തില്‍ ഒപ്പിട്ട രാജ്യം കൂടിയാണ് യു എ ഇ.