Connect with us

Gulf

പോലീസ് ഓഫീസര്‍ ചമഞ്ഞ് വീട്ടുവേലക്കാരികളെ കൊള്ളയടിച്ചു

Published

|

Last Updated

ദുബൈ: പോലീസ് ഓഫീസര്‍ ചമഞ്ഞ് വീട്ടുവേലക്കാരികളെ കൊള്ളയടിച്ചു. അല്‍ മുറഖബാദിലാണ് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു വേലക്കാരികളെയാണ് അജ്ഞാതന്‍ കൊള്ളയടിച്ചത്. ഇവരില്‍ നിന്നും 10,000 ദിര്‍ഹം വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് ഇയാള്‍ തന്ത്രപരമായി കൊള്ള ചെയ്തത്.
കൂടുതല്‍ വീട്ടുജോലിക്കാരെയും തൊഴിലാളികളെയും ഇയാള്‍ കൊള്ളചെയ്തിരിക്കാമെന്നാണ് നിഗമനം. ലേബര്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു വ്യാജ പോലീസ് കാര്‍ നിര്‍ത്തിയതെന്ന് തമിഴ്‌നാട് സ്വദേശിയായ 45 കാരി വെളിപ്പെടുത്തി. കാര്‍ഡ് കൈവശമില്ലെന്ന് അറിയിച്ചപ്പോള്‍ 3,500 ദിര്‍ഹം വിലവരുന്ന ചെയിന്‍ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് തട്ടിപ്പിനിരയായ വീട്ടു ജോലിക്കാരികളില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കന്തൂറ ധരിച്ചാണ് തസ്‌കരന്‍ എത്തിയത്. സ്‌നേഹിതയുടെ അടുത്തേക്ക് നടന്നു പോകവേയായിരുന്നു സംഭവം.
ലേബര്‍ കാര്‍ഡ് കാണിക്കുന്നതില്‍ പരാജയപ്പെട്ടതോടെ കാറില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭയന്നു കാറില്‍ കയറിയപ്പോള്‍ 24 ഗ്രാം തൂക്കമുള്ള ചെയിന്‍ ഊരി വാങ്ങി. ഞാന്‍ കരുതിയത് സി ഐ ഡി ഉദ്യോഗസ്ഥനാവുമെന്നായിരുന്നു. ഏതാനും ദൂരം ചെന്നപ്പോള്‍ ബേഗും മൊബൈല്‍ ഫോണും തിരിച്ചെല്‍പ്പിച്ച് റോഡില്‍ ഇറക്കിവിട്ടപ്പോഴാണ് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ഉറക്കേ കരഞ്ഞെങ്കിലും ആരും സഹായത്തിന് എത്തിയില്ല. ഇതിനിടയില്‍ കാര്‍ നമ്പര്‍ നോക്കാന്‍ സാധിച്ചില്ല. ഒരു വെള്ള സെഡാന്‍ കാറിലാണ് തട്ടിപ്പുകാരന്‍ എത്തിയതെന്നും ഇവര്‍ പറഞ്ഞു. ഈ സംഭവം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ പരിചയക്കാരിയായ മറ്റൊരു വീട്ടുവേലക്കാരിക്കും സമാനമായ അനുഭവം ഉണ്ടായി. ഇവരുടെ 40 ഗ്രാം തൂക്കം വരുന്ന ആഭരണങ്ങളാണ് അപഹരിച്ചത്. ലേബര്‍ കാര്‍ഡ് ചോദിച്ച് അവരുടെ മുമ്പിലും കാര്‍ നിര്‍ത്തുകയായിരുന്നു കൊള്ള നടത്തിയത്. കൈയില്‍ വിസ തെളിയിക്കുന്ന രേഖകളൊന്നും ഇല്ലായിരുന്നു. ഇതോടെ കൈവശമുള്ള മൊബൈലും സ്വര്‍ണ വളയും കാതിലയും ഊരി വാങ്ങി. വിസാ രേഖകള്‍ കൊണ്ടുവന്നാന്‍ ആഭരണങ്ങള്‍ നല്‍കാമെന്ന് അറിയിച്ചിരുന്നു.
രേഖകളുമായി തിരിച്ചെത്തിയപ്പോള്‍ കാറും ആ വ്യക്തിയും ആ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല. ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും കാണാതിരുന്നപ്പോഴാണ് ചതി ബോധ്യപ്പെട്ടത്. ദീര്‍ഘകാലം ജോലിയെടുത്തിട്ടാണ് വളയും കമ്മലും വാങ്ങിയത്. അതാണ് തട്ടിപ്പറിച്ചിരിക്കുന്നതെന്നും ഈ ഹതഭാഗ്യ കണ്ണീരോടെ പറഞ്ഞു. ആളുകളെ തട്ടിക്കൊണ്ട് പോകലും ആള്‍മാറാട്ടം നടത്തി വിലപിടിപ്പുള്ള വസ്തുക്കള്‍ കവരലുമായി ബന്ധപ്പെട്ട് ഏതാനും കേസുകള്‍ കഴിഞ്ഞ ആഴ്ച അബുദാബിയില്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
പോലീസ് ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബിസിനസുകാരന്‍ വിദ്യാര്‍ഥിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം അബുദാബി കോടതി വാദം കേട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സാധാരണക്കാരില്‍ ഭയം ജനിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയില്‍.

Latest