തുറന്ന ബാറുകളും അടച്ചു പൂട്ടും: ഇനി ഫൈവ്സ്റ്റാര്‍ ബാറുകള്‍ മാത്രം

Posted on: August 21, 2014 5:02 pm | Last updated: August 22, 2014 at 7:55 am

barതിരുവനന്തപുരം: സംസ്ഥാനത്ത് പഞ്ചനക്ഷത്ര പദവിയിലുള്ളതൊഴികെ മുഴുവന്‍ ബാറുകളും അടച്ചുപൂട്ടും. നിലവില്‍ പൂട്ടികിടക്കുന്ന 418 ബാറുകള്‍ തുറക്കാന്‍ അനുവദിക്കേണ്ടെന്നും ലൈസന്‍സ് പുതുക്കി നല്‍കിയ 312 ബാറുകള്‍ കൂടി അടച്ചുപൂട്ടാനും നിര്‍ദേശിക്കുന്ന പുതിയ മദ്യനയത്തിന്ന് യു ഡി എഫ് ഉന്നതാധികാര സമിതി യോഗം അംഗീകാരം നല്‍കി. തുറന്ന ബാറുകളില്‍ നിന്ന് ഒരു വര്‍ഷത്തേക്കുള്ള ലൈസന്‍സ് ഫീസ് വാങ്ങിയതിനാല്‍ നിയമവശം പരിശോധിച്ച ശേഷമാകും ഇവ പൂട്ടുക. ഇപ്പോള്‍ പൂട്ടുന്നതിന് തടസ്സം നേരിട്ടാലും മാര്‍ച്ച് 31ന് ശേഷം ഈ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് യു ഡി എഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2015 ഏപ്രില്‍ ഒന്ന് മുതല്‍ പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകളില്‍ മാത്രമായിരിക്കും ബാറുകള്‍ പ്രവര്‍ത്തിക്കുക.

അടുത്ത പത്ത് വര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായി സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് യു ഡി എഫിന്റെ പുതിയ മദ്യനയം. മദ്യരഹിത കേരളം എന്നതാകും സര്‍ക്കാറിന്റെ പുതിയ മുദ്രാവാക്യം. യു ഡി എഫ് അംഗീകരിച്ച മദ്യനയം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്ത് അംഗീകരിച്ച ശേഷം 26ന് കോടതിയില്‍ സമര്‍പ്പിക്കും. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ പുതുതായി തുടങ്ങില്ലെന്ന തീരുമാനം തുടരുന്നതിനൊപ്പം ഓരോ വര്‍ഷവും പത്ത് ശതമാനം വീതം നിര്‍ത്തലാക്കും. വാരാന്ത്യ ദിനങ്ങളായ ഞായറാഴ്ച ഡ്രൈ ഡേ ആയി പ്രഖ്യാപിക്കാനും യോഗം ശിപാര്‍ശ ചെയ്തു. ഇതോടെ നിലവിലുള്ള ഡ്രൈ ഡേകള്‍ക്കു പുറമേ, പ്രതിവര്‍ഷം 52 ദിവസങ്ങള്‍ കൂടി ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും.
മദ്യത്തിനെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ബിവറേജസ് കോര്‍പറേഷന്റെ വരുമാനത്തിന്റെ ഒരു ശതമാനം മാറ്റിവെക്കും. ബിവറേജസ് കോര്‍പറേഷന്‍ വില്‍ക്കുന്ന വീര്യം കൂടിയ മദ്യം കുറക്കാന്‍ ശ്രമിക്കും. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കാനും നടപടി സ്വീകരിക്കും. അതേസമയം, പരമ്പരാഗത കള്ളുചെത്ത് വ്യവസായം സംരക്ഷിക്കും. ചെത്തുതൊഴിലാകളുടെ തൊഴില്‍ സംരക്ഷണം ഉറപ്പ് വരുത്തും. കള്ളിന്റെ ലഭ്യതയും തെങ്ങിന്റെ എണ്ണവും തൊഴിലാളികളുടെ എണ്ണവും കണക്കാക്കി മാത്രമേ ഷാപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.
പുതിയ തീരുമാനങ്ങള്‍ കാരണം തൊഴില്‍ നഷ്ടപ്പെടുന്ന ബാറുകളിലെ തൊഴിലാളികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ സാമ്പത്തിക സഹായവും ബേങ്കില്‍ നിന്ന് വായ്പയും ലഭ്യമാക്കും. ഓരോ വര്‍ഷവും നിര്‍ത്തലാക്കുന്ന ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റിലെ സ്റ്റിക്കര്‍ ഒട്ടിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെയുള്ള എല്ലാ തൊഴിലാളികളെയും പുനരധിവസിപ്പിക്കും. രണ്ട് പദ്ധതികള്‍ക്കും വേണ്ടി ബിവറേജസ് കോര്‍പറേഷനില്‍ നിന്നുമുള്ള വരുമാനത്തിന്റെ അഞ്ച് ശതമാനം ഓരോ വര്‍ഷവും മാറ്റിവെച്ച് കേരള ആല്‍ക്കഹോള്‍ എജ്യൂക്കേഷന്‍, റിസര്‍ച്ച്, റീ ഹാബിലിറ്റേഷന്‍ ആന്‍ഡ് കോംപന്‍സേഷന്‍ ഫണ്ട് രൂപവത്കരിക്കും. മദ്യപാനത്തിനെതിരെ പ്രചാരണം നടത്തുക, ഇതു സംബന്ധിച്ച് ഡാറ്റ സമാഹരിക്കുക, അമിത മദ്യപാനത്തെ തുടര്‍ന്ന് ജീവിതം തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയവയും ഇതിന്റെ ലക്ഷ്യങ്ങളായിരിക്കും.
തൊഴിലാളികളെ പുനരധിവസിപ്പിക്കാനും മദ്യാസക്തിയില്‍പ്പെട്ടവരെ സംരക്ഷിക്കാനുമുള്ള പദ്ധതി പുനര്‍ജനി- 2030 എന്ന പേരില്‍ നടപ്പാക്കും. കേരളത്തിലെ 334 ലക്ഷം ജനങ്ങളുടെയും പങ്കാളിത്തം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ മലയാളികളുടെയും ഒരു ദിവസത്തെ വരുമാനമെങ്കിലും ഇതിലേക്ക് സംഭാവന ചെയ്യണമെന്ന് യോഗം അഭ്യര്‍ഥിക്കും.
മദ്യത്തിന് അടിമപ്പെട്ടവരെ ചികിത്സിക്കാന്‍ ഡി അഡിക്ഷന്‍ സെന്ററുകള്‍ക്ക് സഹായം നല്‍കുന്നത് വിപുലപ്പെടുത്തും. മദ്യവര്‍ജന പ്രചാരണ പരിപാടികള്‍ ഊര്‍ജിതമാക്കാന്‍ കലാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്കരണ പരിപാടികള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ‘ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ്’ പദ്ധതിക്ക് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷാകര്‍ത്താക്കളില്‍ നിന്നും വലിയ പ്രതികരണം ലഭിക്കുന്ന സാഹചര്യത്തില്‍ ഇത് കൂടുതല്‍ ശക്തിപ്പെടുത്താനാവശ്യമായ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.