നിരത്തുകളില്‍ ജീവന്‍ പൊലിയാതിരിക്കാന്‍ മുന്നറിയിപ്പുമായി മാജിക് അക്കാദമിയുടെ യാത്ര

Posted on: August 21, 2014 10:15 am | Last updated: August 21, 2014 at 10:15 am

കല്‍പ്പറ്റ: റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിരത്തുകളില്‍ ജീവന്‍ പൊലിയാതിരിക്കാന്‍ ഇന്ദ്രജാലത്തിന്റെ അകമ്പടിയോടെ ബോധവത്ക്കരണവുമായി മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള സംഘം കേരള പര്യടനം തുടരുന്നു.
റോഡ് സുരക്ഷാ അതോറിറ്റിയുടെയും മാജിക് അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യാത്ര പരിപാടിയിലാണ് സുരക്ഷിതമായി യാത്ര ചെയ്യേണ്ടതിന്റെ ആവശ്യകതയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ സോദ്ദേശ ഇന്ദ്രജാലങ്ങള്‍ അരങ്ങേറുന്നത്.
ശൂന്യതയില്‍ നിന്നും പ്രത്യക്ഷപ്പെടുന്ന മാന്ത്രികന്‍, ചലച്ചിത്രതാരം മോനിഷ, കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടേ, ഡയാനാ രാജകുമാരി തുടങ്ങി ഒട്ടനവധി അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായി നിരത്തുകളില്‍ പൊലിഞ്ഞുപോയവര്‍ക്ക് സ്മരണാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിക്കുന്നത്. തുടര്‍ന്ന് ദൃശ്യം സിനിമയിലൂടെ പ്രശസ്തയായ എസ്തറുമൊത്ത് മാന്ത്രികന്‍ നടത്തിയ ഒരുല്ലാസയാത്രയുടെ ദൃശ്യാവിഷ്‌കാരത്തിലൂടെയാണ് പരിപാടി പുരോഗമിക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക, വേഗം നിയന്ത്രിക്കുക, കാല്‍നട യാത്രക്കാര്‍ക്ക് പരിഗണന നല്‍കുക, നിശ്ചിത സ്ഥലത്തുമാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, വാഹനം വശത്തേയ്ക്ക് തിരിക്കുമ്പോഴും വേഗം കുറയ്ക്കുമ്പോഴും നിര്‍ത്തുമ്പോഴും ശരിയായ സിഗ്‌നലുകള്‍ നല്‍കുക, ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനമോടിക്കാതിരിക്കുക, ഡ്രൈവിംഗ് വേളയില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗ നിയന്ത്രണം, കാല്‍നടയാത്രക്കാര്‍ പാലിക്കേý നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളെല്ലാം ഈ പരിപാടി പ്രതിപാദിക്കുന്നു.കൂറ്റന്‍ എല്‍ ഇ ഡി വാളില്‍ പ്രദര്‍ശിപ്പിക്കുന്ന ചലന ദൃശ്യങ്ങളും ഇന്ദ്രജാലവും സമ്മേളിച്ച് നടക്കുന്ന പരിപാടി കേരളത്തിലെ യുവാക്കള്‍, വിദ്യാര്‍ഥികള്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവരെ ലക്ഷ്യമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.
മാന്ത്രിക സന്ദേശ യാത്ര നഗരസഭാ ചെയര്‍മാന്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. വയനാട് ആര്‍ ടി ഒ പി എ സത്യന്‍ അധ്യക്ഷത വഹിച്ചു. വയനാട് ആര്‍ ടി ഒ പി എ സത്യന്‍ അധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് മാമുക്കോയ മുഖ്യപ്രഭാഷണം നടത്തി. ഡബ്ല്യു എം ഒ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികള്‍ പ്രാര്‍ഥന ചൊല്ലി. മുന്‍ ഗതാഗത മന്ത്രി ജോസ് തെറ്റയില്‍, കല്‍പറ്റ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ ബി വസന്ത സംസാരിച്ചു. ബത്തേരി ജോ. ആര്‍ ടി ഒ എ കെ രാധാകൃഷ്ണന്‍ സ്വാഗതവും വയനാട് ജോ. ആര്‍ ടി ഒ സി ജെ പോള്‍സണ്‍ നന്ദിയും പറഞ്ഞു.