പ്ലസ്ടു: 415 ബാച്ചുകളില്‍ പ്രവേശന നടപടികള്‍ പുനരാരംഭിച്ചു

Posted on: August 21, 2014 7:29 am | Last updated: August 21, 2014 at 7:30 am

PLUS ONE ADMISSIONതിരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശാനുസരണമുള്ള പ്ലസ്ടു സ്‌കൂളുകളുടെ പുതിയ ലിസ്റ്റ് പുറത്തിറങ്ങി. പുതിയ ലിസ്റ്റ് അനുസരിച്ച് ആകെ ബാച്ചുകളുടെ എണ്ണം 700ല്‍ നിന്ന് 415 ആയി കുറഞ്ഞു. ഈ സ്‌കുളുകളില്‍ 27ന് ക്ലാസുകള്‍ ആരംഭിക്കാനും ഹയര്‍ സെക്കന്‍ഡറി വകുപ്പ് തീരുമാനിച്ചു.  മന്ത്രിസഭാ ഉപസമിതിയുടെ ശിപാര്‍ശ പ്രകാരം പ്ലസ്ടു നല്‍കിയ സ്‌കൂളുകള്‍ ഒഴികെയുള്ള മറ്റു ബാച്ചുകളിലേക്കുള്ള പ്രവേശന നടപടികളാണ് പുനരാരംഭിച്ചിരിക്കുന്നത്.

പുതുക്കിയ ലിസ്റ്റില്‍ 285 ബാച്ചുകളാണ് വെട്ടിച്ചുരുക്കിയത്. നേരത്തേ പ്ലസ്ടു ഇല്ലാത്ത 131 പഞ്ചായത്തുകളില്‍ പുതിയ ബാച്ച് അനുവദിച്ചിരുന്നു. പുതിയ ലിസ്റ്റില്‍ ഇത് 121 ആയി കുറഞ്ഞിട്ടുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ബാച്ചുകള്‍- 112. തിരുവനന്തപുരം- 14, കൊല്ലം-11, പത്തനംതിട്ട-16, ആലപ്പുഴ- 19, കോട്ടയം- 13, ഇടുക്കി- 10, എറണാകുളം- 33, തൃശൂര്‍- 29, പാലക്കാട്- 39, കോഴിക്കോട്-56, വയനാട്- 18, കണ്ണൂര്‍- 25, കാസര്‍കോട്- 20 എന്നിങ്ങനെയാണ് ഓരോ ജില്ലകള്‍ക്കും ലഭിച്ച ബാച്ചുകളുടെ കണക്ക്.
എറണാകുളം മുതല്‍ വടക്കോട്ടു ജില്ലകളിലെ 91 ഹൈസ്‌കൂളുകളെ ഹയര്‍ സെക്കന്‍ഡറിയായി അപ്‌ഗ്രേഡ് ചെയ്തു. എറണാകുളം- 8, തൃശൂര്‍- 18, പാലക്കാട്- 7, മലപ്പുറം- 19, കോഴിക്കോട്- 15, വയനാട്- ഒമ്പത്, കണ്ണൂര്‍- ആറ്, കാസര്‍കോട്-ഒമ്പത് എന്നിങ്ങനെയാണ് അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകളുടെ പട്ടിക.
നേരത്തെ 189 ആയിരുന്ന അധിക ബാച്ചുകള്‍ 158 ആയി ചുരുങ്ങി. എറണാകുളം- 5, തൃശൂര്‍- 6, പാലക്കാട്- 21, മലപ്പുറം- 74, കോഴിക്കോട്- 24, വയനാട്- 8, കണ്ണൂരും കാസര്‍ഗോഡും 10 വീതവുമാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്.
ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലുമായി മുന്നോട്ടുപോകുമെങ്കിലും പ്രവേശന നടപടികള്‍ തടസ്സപ്പെടുത്തേണ്ടെന്നാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ തീരുമാനം.
ഇതനുസരിച്ച് പ്രവേശന നടപടികള്‍ 23 വരെ നീട്ടി. 27ന് ക്ലാസുകള്‍ ആരംഭിക്കും. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുനഃക്രമീകരിച്ച പുതിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടേയും അധിക ബാച്ചുകളുടേയും വിശദാംശങ്ങള്‍ www.dhsekerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.