Connect with us

Kerala

തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ വഫാത്തായി

Published

|

Last Updated

തിരൂരങ്ങാടി: പ്രമുഖ പണ്ഡിതനും എഴുത്തുകാരനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ മുശാവറ അംഗവുമായ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ വഫാത്തായി. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. തിരൂരങ്ങാടിയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. മയ്യിത്ത് നിസ്‌ക്കാരം വൈകീട്ട് വെെകീട്ട് മൂന്ന് മണിക്ക് തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ ആരംഭിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.   ഖബറടക്കം അഞ്ച് മണിക്ക് വസതിക്ക് സമീപമുള്ള കുടുംബ ഖബര്‍സ്ഥാനില്‍.

വിശ്രുതനും നഖ്ശബന്തി ത്വരീഖത്തിന്റെ ഗുരുവുമായ താനൂര്‍ അബ്ദുര്‍റഹ്മാന്‍ ശൈഖിന്റെ പൗത്രനാണ് ബാപ്പു മുസ്‌ലിയര്‍. അബ്ദുര്‍റഹ്മാന്‍ ശൈഖിന്റെ സീമന്ത പുത്രന്‍ മുഹമ്മദ് മുസ്‌ലിയാരുടെ മകന്‍ അബ്ദുര്‍റഹ്മാന്‍ എന്ന ബാവ മുസ്‌ലിയാരാണ് പിതാവ്. അബ്ദുര്‍റഹ്മാന്‍ ശൈഖിന്റെ രണ്ടാമത്തെ മകന്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ മകള്‍ ഫാത്വിമ ബീവി മാതാവും.

1933-ലാണ് ബാപ്പു മുസ്‌ലിയാരുടെ ജനനം. ജനനവും ചെറുപ്പ കാല ജീവിതവും ഉമ്മയുടെ കൂടെ തിരൂരങ്ങാടിയിലായിരുന്നു. പ്രഥമ ഉസ്താദ് ഓത്തുപള്ളിയിലെ അധ്യാപകന്‍ തയ്യില്‍ അബ്ദുല്ല മുസ്‌ലിയാരാണ്. അവരില്‍ നിന്ന് ഖുര്‍ആന്‍ പാരായണവും നിസ്‌കാരക്കണക്കും പഠിച്ച ശേഷം തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ ചേര്‍ന്നു പകര സൈതലവി മുസ്‌ലിയാരില്‍ നിന്ന് പത്ത് കിതാബും തിരൂരങ്ങാടി വലിയ പള്ളിയില്‍ കുണ്ടോട്ടി മായിന്‍ മുസ്‌ലിയാരില്‍ നിന്ന് നഹ്‌വും അഭ്യസിച്ചു. തുടര്‍ന്ന് കുഞ്ഞീന്‍ മുസ്‌ലിയാര്‍ (വേങ്ങര ദര്‍സ്), നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ (കരിങ്കപ്പാറ ദര്‍സ്), കാടേരി അബ്ദുല്‍ കമാല്‍ മുഹമ്മദ് മുസ്‌ലിയാര്‍ (പരപ്പനങ്ങാടി പനയത്തില്‍ പള്ളി ദര്‍സ്), കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, കൊയപ്പ കുഞ്ഞായിന്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ എന്നിവരില്‍ നിന്ന് ഉന്നത പഠനം നടത്തി വെല്ലൂര്‍ ബാഖിയാത്തില്‍ ചേര്‍ന്നു സനദ് വാങ്ങി. ശൈഖ് ആദം ഹസ്രത്ത്, ഉത്തമ പാളയം അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരാണ് ബാഖിയാത്തിലെ പ്രധാന ഉസ്താദുമാര്‍. തലക്കടത്തൂരില്‍ ഒ കെ ഉസ്താദിന്റെ ദര്‍സില്‍ ബാപ്പു മുസ്‌ലിയാരും ശൈഖുനാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ഒന്നിച്ചു പഠിച്ചിട്ടുണ്ട്.

ദീനീ വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും പ്രാവീണ്യം നേടിയ ബാപ്പു മുസ്‌ലായാര്‍ കണ്ണൂര്‍ തെക്കുമ്പാട്, വൈലത്തൂര്‍ ചിലവില്‍, കണ്ണൂര്‍ പുതിയങ്ങാടി, വടകര ചെറുവണ്ണൂര്‍, കരുവന്‍ തിരുത്തി, കുണ്ടൂര്‍, തലക്കടത്തൂര്‍, തിരൂരങ്ങാടി നൂറുല്‍ ഹുദാ അറബിക് കോളജ്, അരീക്കോട് മജ്മഅ്, വലിയോറ ദാറുല്‍ മആരിഫ് അറബിക് കോളജ് എന്നിവിടങ്ങളിലായി നീണ്ട അഞ്ച് പതിറ്റാണ്ടോളം ദര്‍സ് നടത്തി.

വര്‍ത്തമാനകാല അറബി സാഹിത്യത്തിന്റെ കുലപതി, ആസ്വാദകരുടെ മനസ്സുകളില്‍ ആര്‍ദ്രതയുടെ ഗീതികള്‍ വിരിയിച്ച് സ്‌നേഹത്തിനും അനുരാഗത്തിനും പുതിയ ഭാഷ്യം രചിച്ച പണ്ഡിത ശ്രേഷ്ഠന്‍, അറബി കാവ്യലോകത്തിന്റെ ഗഹനതയും സമ്പുഷ്ഠതയും പ്രാസഭംഗിയും സ്വരഘടനയിലെ സംഗീതാത്മകതയും സമ്മേളിച്ച എഴുത്തുകാരന്‍, പ്രവാചകാനുരാഗ ശൈലിയില്‍ കൈരളിയുടെ ബൂസ്വുരി-എല്ലാമാണ് തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍. തൂലികാനാമം അബുല്‍ഫള്ല്‍ എന്നാണ്. (Read: വിടപറഞ്ഞത് കൈരളിയുടെ ബൂസ്വൂരി)

ബാപ്പു മുസ്‌ലിയാരുടെ നിരവധി സേവന മേഖലകളെ പരിഗണിച്ചു കാരന്തൂര്‍ സുന്നി മര്‍കസ് സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ ആദരിച്ചിരുന്നു. മഖ്ദൂം അവാര്‍ഡ്, ഇമാം ഗസ്സാലി അവാര്‍ഡ്, എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിയും എസ് എസ് എഫ് ഡോട്ട് കോം കമ്മിറ്റിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ഇമാം ബൂസ്വുരി അവാര്‍ഡും നേടിയിട്ടുണ്ട്. 2005-ല്‍ എസ് എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയും പ്രത്യേകം ആദരിച്ചിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗമായ അദ്ദേഹം തിരൂരങ്ങാടിയിലെ ദീനീ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന ഹിദായത്തുസ്സ്വിബ്‌യാന്‍ സംഘം പ്രസിഡന്റ് കൂടിയാണ്. 1997ല്‍ എസ് വൈ എസ് ഹജ്ജ് സംഘത്തിന്റെ അമീറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പിതൃസഹോദര പുത്രനും പ്രശസ്ത എഴുത്തുകാരനുമായിരുന്ന കോയക്കുട്ടി മൗലവിയുടെ മകളാണ് ഭാര്യ. (മലബാര്‍ കലാപത്തെക്കുറിച്ചുള്ള ആദ്യത്തെ ആധികാരികഗ്രന്ഥം എഴുതിയത് കോയക്കട്ടി മൗലവിയാണ്). അബ്ദുര്‍റഹ്മാന്‍, മുസ്ഥഫ, മൂസ, ശാക്കിര്‍, സുഹ്‌റ, ആഇശഹുമൈറാഅ്, ഖദീജ, റശീദ എന്നിവരാണ് മക്കള്‍. മൂത്തപുത്രന്‍ അബ്ദുര്‍റഹ്മാന്‍ വിവാഹം ചെയ്തത് ഒ കെ ബാപ്പു മുസ്‌ലിയാരുടെ മകളെയാണ്. മരുമക്കള്‍: മഹ്മൂദ് മുസ്‌ലിയാര്‍, അബ്ദുശ്ശുകൂര്‍ മുസ്‌ലിയാര്‍ (ഒ കെ ഹസ്‌റത്തിന്റെ മകന്‍), മുസ്ഥഫ മഖ്ദൂമി, ടി ടി അബ്ദുര്‍റഹീം മുസ്‌ലിയാര്‍.

വിടപറഞ്ഞത് കൈരളിയുടെ ബൂസ്വൂരി

 

Latest