Connect with us

Malappuram

മുജാഹിദുകള്‍ വീണ്ടും ഏറ്റുമുട്ടി; എട്ട് പേര്‍ക്കെതിരെ കേസ്

Published

|

Last Updated

തിരൂരങ്ങാടി: മുജാഹിദ് വിഭാഗങ്ങള്‍ക്കിടയിലെ ഭിന്നതയെ തുടര്‍ന്ന് സലഫി മസ്ജിദ് പൂട്ടിയ തിരൂരങ്ങാടിയില്‍ ഇരുവിഭാഗങ്ങള്‍ വീണ്ടും തമ്മില്‍ തല്ലി. എട്ട് പേര്‍ക്കെതിരെ കേസെടുത്തു. മുജാഹിദ് പ്രവര്‍ത്തകനായ മൊയ്തീങ്കാന്റകത്ത് അബ്ദുര്‍റസാഖിന്റെ പരാതി പ്രകാരം ജിന്ന് വിഭാഗത്തില്‍പെട്ട നാല് പേര്‍ക്കെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തിട്ടുണ്ട്. പൂങ്ങാടന്‍ അബ്ദുല്ല, കാരാടന്‍ അബ്ദുസ്സലാം, ഹിദായത്തുല്ല, പ്രഭാഷകനായ സാജിദ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരുടെ നേതൃത്വത്തില്‍ 20ഓളം വരുന്ന സംഘം രാവിലെ അബ്ദുര്‍റസാഖിനെ വീട്ടില്‍ കയറി ആക്രമിച്ചു എന്നാണ് പരാതി. അതേസമയം തിരൂരങ്ങാടിയിലെ ജിന്ന് വിഭാഗം നേതാവായ പയ്യാനകത്ത് സാജിദിന്റെ പരാതി പ്രകാരം മറു വിഭാഗത്തില്‍ പെട്ട അബ്ദുര്‍റസാഖ്, സാജിദ്, ഫത്താഹ്, അബ്ദുസ്സമദ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 6.15ന് തിരൂരങ്ങാടിയില്‍ വെച്ച് ഇവരുടെ നേതൃത്വത്തിലുള്ള സംഘം തന്നെ മര്‍ദിച്ചു എന്നാണ് പരാതി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാല് വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത തിരൂരങ്ങാടി ടൗണ്‍ സലഫി മസ്ജിദ് ജിന്ന് വിഭാഗവും ഔദ്യോഗിക വിഭാഗവും തമ്മിലുള്ള അവകാശ തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂട്ടിയത്. ജുമുഅക്ക് മുമ്പായി ഇരുവിഭാഗവും തമ്മില്‍ മണിക്കൂറുകളോളം ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പോലീസ് വന്ന് പള്ളി അടച്ചുപൂട്ടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവിഭാഗവും റോഡിന്റെ രണ്ട് ഭാഗങ്ങളിലായി വെവ്വേറെ ജുമുഅ നിസ്‌കരിച്ചു. പോലീസ് കാവലുള്ള പള്ളിയില്‍ ഇപ്പോള്‍ ആരാധന ഒന്നും നടക്കുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ചയും തിരൂരങ്ങാടിയില്‍ ഇരു വിഭാഗവും തമ്മില്‍ സംഘട്ടനം നടന്നിരുന്നു.

 

Latest