സിവില്‍ സപ്ലൈസ് കോര്‍പറേഷനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Posted on: August 21, 2014 12:43 am | Last updated: August 21, 2014 at 12:43 am

പാലക്കാട്: കേരള സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഹോള്‍സെയില്‍ ഓപണ്‍ മാര്‍ക്കറ്റിലെ ശരാശരി വിലയേക്കാള്‍ കൂടിയ വിലക്ക് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുക വഴി കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ബ്ലാക് ലിസ്റ്റില്‍ പെട്ട കമ്പനികളുടെ ബിനാമി കമ്പനികള്‍ക്ക് കരാര്‍ നല്‍കുന്നതായും ആരോപണമുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയായ പി യു സി എല്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഹോള്‍സെയില്‍ ഓപന്‍ മാര്‍ക്കറ്റിലെ വിലയേക്കാള്‍ കൂടിയ വിലക്ക് സാധനങ്ങള്‍ വാങ്ങരുതെന്നതാണ് കേരള സ്‌റ്റോര്‍സ് പര്‍ച്ചേസ് മാന്വലിന്റെ വ്യവസ്ഥ. ഇതിനുസരിച്ച് മാത്രമേ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ സാധനങ്ങള്‍ വാങ്ങാവൂ. എന്നാല്‍ കഴിഞ്ഞ മെയ് 24നും ജൂണ്‍ 26നും കോര്‍പറേഷന്‍ നല്‍കിയ ഓര്‍ഡറുകള്‍ ഇതിനു വിരുദ്ധമാണെന്ന് പി യു സി എല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ കണക്കുകള്‍ സഹിതം വിവരിക്കുന്നു.—മെയ് 24ന് 80 മെട്രിക് ടണ്‍ ചെറുപയര്‍ ഇറക്കുമതി ചെയ്തത് കിലോക്ക് 74 മുതല്‍ 79 രൂപവരെ വിലക്കാണ്. എന്നാല്‍ ചെറുപയര്‍ കൂടുതലായി ഉത്പാദിപ്പിക്കുന്ന മധ്യപ്രദേശ്, ഗുജറാത്ത്്്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹോള്‍സെയില്‍ ഓപന്‍ മാര്‍ക്കറ്റില്‍ കിലോക്ക് 58 മുതല്‍ 61 രൂപ വരെയേ ഉള്ളൂ എന്ന് പരാതിയില്‍ പറയുന്നു. ഇത് പ്രകാരം കിലോക്ക് 18 രൂപയും 80 മെട്രിക് ടണിന് 42 ലക്ഷം രൂപയും കോര്‍പ്പറേഷന് നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. സമാന രീതിയില്‍ യില്‍ മെയ് 24ന് നല്‍കിയ കരാറില്‍ മാത്രം കോര്‍പറേഷന് പത്ത് കോടിയുടെ നഷ്ടം സംഭവിച്ചതായി പരാതിക്കാര്‍ ആരോപിച്ചു. ജൂണ്‍ പതിനാറിന് നല്‍കിയ കരാര്‍ പ്രകാരം ചെറുപയറും, ബംഗാള്‍ പയറും ഇറക്കുമതി ചെയ്തതില്‍ എട്ട് കോടിയുടെ നഷ്ടം കോര്‍പറേഷന് ഉണ്ടായതായും പരാതിയില്‍ പറയുന്നു.—
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലേക്ക് സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള കരാറുകള്‍ ബ്ലാക്ക് ലിസ്റ്റില്‍ പെട്ട കമ്പനികള്‍ക്ക് നല്‍കുന്നുവെന്നതാണ് മറ്റൊരു പരാതി. കോര്‍പറേഷനുമായുള്ള മുന്‍ ഇടപാടുകളില്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയവരോ, കേസ് നടക്കുന്നവരോ ആയുള്ള സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ പാടില്ലെന്നതാണ് കോര്‍പറേഷന്‍ ചട്ടം. എന്നാല്‍ ഇത്തരത്തിലുള്ള കമ്പനികള്‍ ബിനാമി പേരുകളില്‍ രജിസ്‌ട്രേഷന്‍ നടത്തി കരാറുകള്‍ നേടുന്നതായാണ് പരാതി. രജിസ്‌ട്രേഷന്‍ നടത്താനുള്ള എല്ലാ ചട്ടങ്ങളും ലംഘിച്ചതായും ആരോപണമുണ്ട്. ബ്ലാക്ക് ലിസ്റ്റില്‍ പെട്ട ഏതൊക്കെ കമ്പനികള്‍ ഏതൊക്കെ പേരുകളില്‍ രജിസ്‌ട്രേഷന്‍ നടത്തിയെന്നും പരാതിയില്‍ വിശദമായി പറയുന്നു. പരാതി സ്വീകരിച്ച വിജിലന്‍സ് കോടതി, ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാര്‍ ഉന്നയിക്കുന്നതെന്നും, പ്രഥമദൃഷ്ട്യാ പരാതി തള്ളിക്കളയാന്‍ ആകില്ലെന്നും നിരീക്ഷിച്ചു. അതിനാല്‍ പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. എറണാകുളം വിജിലന്‍സ് എസ് പിയെ അന്വേഷണച്ചുമതല ഏല്‍പ്പിച്ച കോടതി നവംബര്‍ പതിനാറിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിട്ടുണ്ട്.