എബോള: ലൈബീരിയയില്‍ കര്‍ഫ്യൂ

Posted on: August 21, 2014 12:42 am | Last updated: August 21, 2014 at 12:42 am

ebolaമോണ്‍റിവിയ: പശ്ചിമാഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച എബോള രോഗത്തിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലൈബീരിയയില്‍ പ്രസിഡന്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. രോഗനിവാരണത്തിന്റെ ഭാഗമായി 50,000ത്തോളം പേര്‍ അധിവസിക്കുന്ന ചേരിയിലേക്ക് സുരക്ഷാ സൈന്യത്തേയും നിയോഗിച്ചിട്ടുണ്ട്.
രോഗബാധിതരായ മൂന്ന് ആരോഗ്യപ്രവര്‍ത്തകരില്‍ മരുന്ന് പരീക്ഷിച്ചതിനെ തുടര്‍ന്ന് ഇവര്‍ നില മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ കാണിക്കുന്നുണ്ടെങ്കിലും ഇത് എത്രമാത്രം ഫലപ്രദമാകുമെന്ന് ഉറപ്പില്ലെന്ന് മെഡിക്കല്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ഗിനിയ, ലൈബീരിയ, സിയറ ലിയോണ്‍, നൈജീരിയ എന്നീ രാജ്യങ്ങളിലായി 1,229 പേര്‍ എബോള രോഗം ബാധിച്ച് മരിച്ചിട്ടുണ്ടെന്നും 2,240 പേര്‍ക്ക് രോഗബാധയുണ്ടെന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ലൈബീരിയയില്‍ 466 പേര്‍ മരിച്ചിട്ടുണ്ട്. ലൈബീരിയന്‍ പ്രസിഡന്റ് എലന്‍ ജോണ്‍സണ്‍ സിര്‍ലീഫ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.