Connect with us

Eranakulam

മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കല്‍ യു ഡി എഫിന്റെ പ്രഖ്യാപിത നയമെന്ന്

Published

|

Last Updated

കൊച്ചി: മലയോര കര്‍ഷകര്‍ക്ക് പട്ടയം ലഭ്യമാക്കുക എന്നത് യു ഡി എഫിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പ്രഖ്യാപിത നയമാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ഇതുസംബന്ധിച്ചുള്ള ആശങ്കകള്‍ താന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ദൂരീകരിച്ചുകഴിഞ്ഞതായും സുധീരന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് വരുമ്പോള്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച്, ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കരുതെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. അതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളകളില്‍ നാം കണ്ടത്. അങ്ങനെയുള്ള ചില ആളുകളുടെ ഇടപെടല്‍ കൊണ്ടാകാം ഇക്കാര്യത്തില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്. എത്രയും വേഗത്തില്‍ പട്ടയം അര്‍ഹരായവര്‍ക്ക് കിട്ടണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹം. പട്ടയം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തിലാക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും റവന്യൂ മന്ത്രി അടൂര്‍ പ്രകാശും പങ്കെടുത്ത പാര്‍ട്ടിയുടെ ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനം എടുത്തതായും സുധീരന്‍ പറഞ്ഞു മദ്യനിരോധനത്തിന്റെ കാര്യത്തില്‍ വലിയ സംതൃപ്തിയാണ് തനിക്കുള്ളത്. മദ്യവര്‍ജനം എന്ന ആശയം വളരെ ശക്തിയായി ഉയര്‍ന്നു വന്നിരിക്കുന്നു. രാഷ്ട്രീയ സമൂഹം ഇത് വളരെ ഗൗരവത്തില്‍ തന്നെ എടുത്തിരിക്കുന്നുവെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. എതായായലും ഇതേകുറിച്ച് പരസ്യമായ അഭിപ്രായപ്രകടനത്തിലേക്ക് പോകുന്നത് ഉചിതമല്ല. ഇപ്പോള്‍ ഉയര്‍ന്ന് വന്നിട്ടുള്ള എല്ലാ അഭിപ്രായങ്ങളൂം കണക്കിലെടുത്ത് ഒരു തീരുമാനം ഇന്നത്തെ യു ഡി എഫ് യോഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആത്യന്തികമായി നാടിന്റെയും ജനങ്ങളുടെയും നന്‍മയാണ് ലക്ഷ്യം. അതിന് പറ്റുന്ന നടപടികളാണ് ആവശ്യം. ഇതൊരു വിവാദ പ്രശന്‌മോ രാഷ്ട്രീയ ബലാബലത്തിന്റെ പ്രശ്‌നമോ അല്ല. ജനങ്ങളുടെ പ്രശ്‌നമാണ്. സമൂഹത്തിന്റെ വളര്‍ച്ചയുടെയും തലമുറകളുടെ സുരക്ഷയുടെയും പ്രശ്‌നമാണ് . ഈ വിഷയത്തെ പരിമിതമായ തലത്തിലേക്ക് കൊണ്ടുപോകുന്നത് ഒട്ടും ശരിയല്ലെന്നും സുധീരന്‍ പറഞ്ഞു.