17 പഠന കേന്ദ്രങ്ങള്‍ക്ക് ഇഗ്നോ അംഗീകാരം

Posted on: August 20, 2014 10:37 pm | Last updated: August 20, 2014 at 10:37 pm

അബുദാബി: ഗള്‍ഫിലെ 17 പഠനകേന്ദ്രങ്ങള്‍ക്ക് ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂനിവേഴ്‌സിറ്റി (ഇഗ്നോ)യുടെ അംഗീകാരം. വര്‍ഷങ്ങളായി അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്താണ് പുതിയ നടപടിയെന്ന് ഇഗ്നോ അറിയിച്ചു. വിദേശത്ത് പഠനം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഗുണകരമാകുന്നതാണ് ഇഗ്നോ തീരുമാനം. ഗള്‍ഫിലെ 17 കേന്ദ്രങ്ങളടക്കം വിദേശത്തെ 29 സ്ഥാപനങ്ങള്‍ക്കാണ് ഇഗ്നോ അംഗീകാരം നല്‍കിയത്. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങള്‍ ലഭിച്ചത് യു.എ.ഇയിലാണ്. യുഎഇയില്‍ ഏഴ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചപ്പോള്‍ സൗദിയില്‍ അഞ്ച് കേന്ദ്രങ്ങള്‍ക്കും ഇഗ്നോ അംഗീകാരം ലഭിച്ചു.
കുവൈത്തില്‍ രണ്ട് കേന്ദ്രങ്ങള്‍ക്കും ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രങ്ങള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. അബുദാബി, ദുബൈ, റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിസ്ഡം ഇന്‍സ്റ്റിറ്റിയൂട്ട്, റാസല്‍ ഖൈമയിലെ എമിറേറ്റ്‌സ് എം സി സി യൂനിവേഴ്‌സിറ്റി, ഷാര്‍ജയിലെ അല്‍ഹിക്മ ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മോഡേണ്‍ ടെക്‌നോളജി, എമിറേറ്റ്‌സ് പ്രൊഫഷണല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയാണ് യു എ ഇയിലെ അംഗീകൃത കേന്ദ്രങ്ങള്‍. ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഡുക്കേഷനല്‍ കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ഗൈഡിംഗ് സെന്റര്‍, അല്‍ഖോബാറിലെ ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഐ ടി എസ്റ്റാബ്ലിഷ്‌മെന്റ്, ദമ്മാമിലെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി എന്നിവയാണ് സഊദിയിലെ ഇഗ്നോ കേന്ദ്രങ്ങള്‍. കുവൈത്തിലെ ഗള്‍ഫ് സെന്റര്‍ ഫോര്‍ യൂനിവേഴ്‌സിറ്റി എഡൂക്കേഷന്‍, ഗ്ലോബല്‍ കോളജ് ഓഫ് ഹയര്‍എഡുക്കേഷന്‍ എന്നിവക്കാണ് അംഗീകാരം. ദോഹയിലെ മിഡിലീസ്റ്റ് എജുക്കേഷന്‍ സര്‍വീസ്, മസ്‌കത്തിലെ ഗ്ലോറി ഇന്‍സ്റ്റിറ്റിയൂട്ട്, ബഹ്‌റൈനിലെ ഇന്ത്യന്‍ അക്കാദമി എന്നിവയാണ് അംഗീകാരം നേടിയ മറ്റു ഇഗ്നോ കേന്ദ്രങ്ങള്‍.
അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചതിന് ഈ കേന്ദ്രങ്ങളോട് ജനുവരിയില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇവിടത്തെ വിദേശ വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് കഴിഞ്ഞമാസം ഇവക്ക് അംഗീകാരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.