Connect with us

Gulf

സര്‍ട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തല്‍ യുഎഇയില്‍ സ്വീകാര്യമല്ല

Published

|

Last Updated

അബുദാബി: സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ യു എ ഇ ഗവണ്‍മെന്റ് സേവനങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം അറിയിച്ചു. സിറാജിനോട്് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഏതാനും ദിവസം മുമ്പാണ് സെല്‍ഫ് അറ്റസ്റ്റേഷന്‍ അനുവദനീയമായത്. എന്നാല്‍ ജോലിക്ക് വേണ്ടിയും വിസയുടെ ആവശ്യത്തിനും യു എ ഇയുടെ വിവിധ മന്ത്രാലയങ്ങളില്‍ ഹാജരാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റും സെല്‍ഫ് അറ്റസ്റ്റേഷന്‍ സ്വീകാര്യമല്ല. അതിനാല്‍ അവ എംബസിയിലോ കോണ്‍സുലേറ്റിലോ ബന്ധപ്പെട്ട മന്ത്രാലയങ്ങളിലോ അറ്റസ്റ്റു ചെയ്യണം. അതേസമയം, ഇന്ത്യയിലെ ആവശ്യങ്ങള്‍ക്കാണെങ്കില്‍ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ സ്വീകരിക്കുന്നതുമാണ്.
ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ ചിത്രകാരന്മാരെ കേരളത്തില്‍ താമസിപ്പിച്ചു വരച്ച് തയ്യാറാക്കിയ ചിത്രങ്ങളുടെ പ്രദര്‍ശനം “കേരള ഗ്രീന്‍” അടുത്തമാസം അബുദാബിയില്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്ത്യന്‍ എംബസി ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ സെപ്തംബര്‍ 13ന് പ്രവാസി മീറ്റും അബുദാബിയില്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രവാസി മീറ്റില്‍ വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് നോര്‍ക്ക പങ്കെടുക്കും. ഇന്ത്യയും യു എ ഇയും ഒപ്പുവെച്ച തടവുകാരുടെ സ്ഥലം മാറ്റ കരാര്‍ ഇനിയും പ്രാവര്‍ത്തികമായിട്ടില്ല. ധാരാളം സാങ്കേതിക പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. തുടര്‍ വാസം നാട്ടിലെ ജയിലില്‍ ആക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഇന്ത്യന്‍ തടവുകാര്‍ 10 ശതമാനത്തില്‍ താഴെയാണ്. എന്നാല്‍, ഇവര്‍ക്ക് നാട്ടിലെ ജയിലില്‍ സൗകര്യമൊരുക്കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കേണ്ടത്, അതാത് സംസ്ഥാന സര്‍ക്കാറുകളാണ്. അവരുടെ ഭാഗത്തു നിന്ന്, ലഭിക്കുന്ന പ്രതികരണങ്ങളില്‍ കാലതാമസം നേരിടുകയും ചെയ്യുന്നുവെ്ന്നും ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest