Connect with us

Palakkad

ഒഴലപ്പതി പ്രാഥമികാരോഗ്യകേന്ദ്രം ചോര്‍ന്നൊലിക്കുന്നു

Published

|

Last Updated

ചിറ്റൂര്‍: ഒഴലപ്പതി പ്രാഥമികാരോഗ്യകേന്ദ്രം ചോര്‍ന്നൊലിക്കുന്നു. മഴപെയ്താല്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാല്‍ രോഗികളെ ചികില്‍സിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. 30 വര്‍ഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തില്‍ ചോര്‍ച്ച കാരണം ചികില്‍സ തേടിയെത്തുന്ന രോഗികള്‍ക്ക് ഇരിക്കാന്‍പോലും പറ്റാത്ത അവസ്ഥയാണ്.
കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന കെട്ടിടത്തിലെ ഏഴുമുറികളിലും ചോര്‍ന്നൊലിച്ച വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ മഴയുള്ള ദിവസങ്ങളില്‍ ഇവിടത്തെ സേവനം ലഭ്യമാകാറില്ല. ഈ കെട്ടിടത്തില്‍ തന്നെയാണു പ്രതിരോധ കുത്തിവയ്പിനുള്ള മരുന്നുകള്‍ സൂക്ഷിക്കുന്നതും ഗര്‍ഭിണികളെ പരിശോധിക്കുന്നതും കംപ്യൂട്ടര്‍ സ്ഥാപിച്ചിട്ടുള്ളതും വനിതാ ജീവനക്കാര്‍ക്കുള്ള മുറിയും സാന്ത്വന പരിചരണത്തിനുള്ള മരുന്നുകളും മറ്റു സാധനങ്ങളും സൂക്ഷിക്കുന്നതും.
ചോര്‍ച്ച കാരണം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പിനുള്ള മരുന്നുകള്‍ സൂക്ഷിക്കുന്ന ഫ്രിഡ്ജില്‍ നിന്നും ഷോക്ക് ഏല്‍ക്കുന്നതു പതിവാണെന്നും കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാറില്ലെന്നും ജീവനക്കാര്‍ അറിയിച്ചു. ജീവനക്കാര്‍ക്കു നല്‍കിയിട്ടുള്ള ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെ കോണ്‍ക്രീറ്റ് ചെയ്ത കെട്ടിടങ്ങളിലെ ചോര്‍ച്ച കാരണം മുന്‍പു മുകളില്‍ ഓടിട്ടിരുന്നു. എന്നിട്ടും ചോര്‍ച്ചക്ക് യാതൊരുകുറവും ഇല്ല.
മഴയുള്ള ദിവസങ്ങളില്‍ കെട്ടിടത്തിനകത്ത് നില്‍ക്കാന്‍പോലും പറ്റാത്ത അവസ്ഥയാണുള്ളത്. താല്‍ക്കാലികമായി ചോര്‍ച്ച പരിഹരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച്‌മേല്‍ക്കൂര മൂടിയിട്ടുണ്ട്. കഴിഞ്ഞ മഴയിലെ ചോര്‍ച്ച പരിഹരിക്കാന്‍ മാസങ്ങള്‍ക്കു മുന്‍പ് കെട്ടിടം അറ്റകുറ്റപ്പണി ചെയ്തിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല.
രണ്ടുവര്‍ഷം മുന്‍പ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ആറുലക്ഷം രൂപ എസ്റ്റിമേറ്റ് കണക്കാക്കിയിരുന്നു. എന്നാല്‍ പണി നടന്നില്ല. ഇപ്പോള്‍ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും അറ്റകുറ്റപ്പണികള്‍ക്ക് ചെലവുകണക്കാക്കുന്നതായി അധികൃതര്‍ പറഞ്ഞു.
വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളില്‍ നിന്നും തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും പ്രതിദിനം ഇരുനൂറിലധികം നിര്‍ധനരായ രോഗികള്‍ ഇവിടെ ചികില്‍സക്കെത്തുന്നുണ്ട്. സ്റ്റാഫ് നഴ്‌സ് പ്രസവാവധിയില്‍ പ്രവേശിച്ചിരിക്കുന്നതിനാല്‍ ഈ തസ്തിക താല്‍ക്കാലികമായി ഒഴിഞ്ഞു കിടക്കുകയാണ്.
സാന്ത്വന പരിചരണ വിഭാഗത്തിലെ നഴ്‌സുമാര്‍ക്കാണ് ഈ ചുമതല. സ്വന്തമായി ലാബ് ഉണ്ടായിട്ടും സ്ഥിരമായി ലാബ് ടെക്‌നീഷ്യനെ നിയമിക്കാത്തതിനാല്‍ പ്രവര്‍ത്തനമില്ല.
ഡോക്ടര്‍ നിര്‍ദേശിക്കുന്ന പരിശോധനകള്‍ക്കായി കിലോമീറ്ററുകള്‍ സഞ്ചരിച്ച് കൊഴിഞ്ഞാമ്പാറയില്‍ പോകണമെന്നതിനാല്‍ പല രോഗികളും ചെയ്യാറില്ല.
ഇപ്പോള്‍ ഡപ്യൂട്ടേഷനിലുള്ള ലാബ് ടെക്‌നീഷ്യന്‍ രണ്ടുമാസം അവധിയിലുമാണ്. പ്രദേശത്തെ ഏക ആരോഗ്യകേന്ദ്രമായ ഈ സ്ഥാപനത്തെയും പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളെയും തീര്‍ത്തും അവഗണിച്ചുകൊണ്ടുള്ള നടപടികളാണ് ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിക്കുന്നത് എന്നുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്.—

---- facebook comment plugin here -----

Latest