Connect with us

International

ഇസ്‌ലാമാബാദ് സംഘര്‍ഷഭരിതം

Published

|

Last Updated

ഇസ്‌ലാമാബാദ്: പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ തമ്പടിക്കുന്ന പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദ് നഗരം സംഘര്‍ഷഭരിതം. പാര്‍ലിമെന്റ് മന്ദിരം, മറ്റ് പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ റെഡ് സോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് സോണ്‍ മറികടന്ന് പാര്‍ലിമെന്റിന് മുമ്പിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവിലേക്ക് “സമാധാനപരമായ” റാലി നടത്താന്‍ പാക്കിസ്ഥാന്‍ അവാമി തഹ്‌രീക് നേതാവ് ഡോ. ത്വാഹിറുല്‍ ഖാദിരിയും പാക്കിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫ് നേതാവ് ഇംറാന്‍ ഖാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
“അക്രമം നടത്തരുതെന്നും ഭീകരാന്തരീക്ഷം സൃഷ്ടിക്കരുതെന്നും വാഗ്ദാനം ചെയ്യുകയാണെ”ന്ന് ഖാദിരി അനുയായികളോട് പറഞ്ഞു. മുമ്പ് പി പി പിയും പി എം എല്‍- എന്നും പാര്‍ലിമെന്റിന് സമീപം എത്തരത്തിലാണ് പ്രതിഷേധം നടത്തിയതെന്ന് വിവരിച്ചാണ് റെഡ് സോണ്‍ ഭേദിക്കുന്നതിനെ ഖാദിരി ന്യായീകരിച്ചത്. ലാഹോറില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചിന് നേരെ ഗുജ്രാന്‍വാലയിലുണ്ടായ കല്ലേറില്‍ പരുക്കേറ്റ സംഘടനാ അനുയായി മരിച്ചതായി ഖാദിരി അറിയിച്ചു. “ഞാന്‍ നയിക്കും, നിങ്ങള്‍ പിന്തുടരൂ” എന്നാണ് ഖാന്‍ അനുയായികളോട് പറഞ്ഞത്. നവാസ് ശരീഫ് സര്‍ക്കാറിന് രാജിവെക്കാന്‍ അനുവദിച്ച 48 മണിക്കൂര്‍ അന്ത്യശാസനം കഴിഞ്ഞതിനെ തുടര്‍ന്നാണ് മാര്‍ച്ചിന് ഇരുവരും ആഹ്വാനം ചെയ്തത്.
111 ബ്രിഗേഡ് നഗരത്തില്‍ വിവിധയിടങ്ങളിലായി നിലയുറപ്പിച്ചിട്ടുണ്ട്. 350 സൈനികരെ വിന്യസിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് നിരയായിട്ടാണ് റെഡ് സോണില്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്. ഒന്നാം നിരയില്‍ പോലീസും രണ്ടാം നിരയില്‍ ലോ എന്‍ഫോഴ്‌സും മൂന്നാം നിരയില്‍ സൈനികരുമാണ്. റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും ലാത്തിയും മാത്രമേ പ്രയോഗിക്കാവൂവെന്ന് നിര്‍ദേശമുണ്ട്.