ഇറോം ശര്‍മിളയുടെ മോചനം

Posted on: August 20, 2014 6:00 am | Last updated: August 20, 2014 at 12:30 am

SIRAJ.......മണിപ്പൂരില്‍ തടങ്കലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയുടെ മോചനത്തിന് വഴിതെളിയുകയായി. അവരെ തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ മണിപ്പൂര്‍ സെഷന്‍സ് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കയാണ്. മണിപ്പൂരിലെ സായുധ സേനാ പ്രത്യേകാധികാര നിയമം (അഫ്‌സ്പ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പതിനാല് വര്‍ഷമായി നിരാഹാര സമരം നടത്തി വരുന്ന ഇറോം ശര്‍മിളയെ ആത്മഹത്യാ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തു തടങ്കലിലാക്കിയത്. ആത്മഹത്യാ കുറ്റത്തിന് പരമാവധി തടവു ശിക്ഷ ഒരു വര്‍ഷമായതിനാല്‍ ശര്‍മിളയെ ഓരോ വര്‍ഷം കൂടുമ്പോഴും വിട്ടയക്കുകയും ഉടന്‍ തന്നെ വീണ്ടും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 14 വര്‍ഷമായി സര്‍ക്കാര്‍ ഈ പതിവ് തുടരുകയാണ്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇപ്പോള്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് അവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ശര്‍മിള ആത്മഹത്യാശ്രമം നടത്തിയതിന് യാതൊരു തെളിവുമില്ലെന്നും അവര്‍ക്കെതിരെ ചുമത്തിയ പ്രസ്തുത കുറ്റം നിലനില്‍ക്കില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.
2000 നവംബര്‍ രണ്ടിന് ഇംഫാല്‍ താഴ്‌വരയിലെ മാലോം പട്ടണത്തില്‍ സൈന്യം നടത്തിയ കൂട്ടക്കൊലയാണ് ‘അഫ്‌സ്പ’ക്കെതിരായ ശര്‍മിളയുടെ പോരാട്ടത്തിന് നിമിത്തമായത്. മാലോമിലെ ഒരു ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന നാട്ടുകാരായ പത്ത് പേരെ പാരാമിലിറ്ററി സേനയായ ആസ്സാം റൈഫിള്‍സ് അകാരണമായി വെടിവെച്ചു കൊല്ലുകയായിരുന്നു. മാലോം കൂട്ടക്കൊല എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംഭവത്തില്‍ ധീരതക്കുള്ള അവാര്‍ഡ് നേടിയ 18 കാരന്‍ മുതല്‍ 62 കാരിയായ വൃദ്ധ വരെ ദാരുണമായി കൊല്ലപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ‘അഫ്‌സ്പ’ എന്ന കിരാത നിയമമാണ് സൈന്യത്തിന്റെ ഇത്തരം ക്രൂര നടപടികള്‍ക്ക് പ്രചോദനമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രസ്തുത നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട ് അടുത്ത ദിവസം തൊട്ട് അവര്‍ നിരാഹാര സമരം തുടങ്ങിയത്.
പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സമാധാനം സ്ഥാപിക്കാനെന്ന പേരില്‍ 1958 സെപ്തംബര്‍ 11ന് പാര്‍ലിമെന്റ് പാസ്സാക്കിയ സായുധ സേനാ പ്രത്യേകാധികാര നിയമം അമിതാധികാരങ്ങളാണ് സൈന്യത്തിന് നല്‍കുന്നത് . ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ ഏതെങ്കിലുമൊരു പ്രദേശത്ത് പ്രവേശിക്കുന്ന സേനക്ക് അവിടെ എന്തുമാകാമെന്നതാണ് അവസ്ഥ. സായുധ സേനാംഗങ്ങളുടെ ജീവന് ഒരു ഭീഷണിയും ഉയരാതെതന്നെ, വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും സംശയം തോന്നിയാല്‍ വെടിവെക്കാനും, എവിടെയും കടന്നുചെല്ലാനും തടവിലാക്കി കൊല്ലാനുമുള്ള അനിയന്ത്രിത അധികാരം വ്യവസ്ഥ ചെയ്യുന്നു. ഇതിന്റെ മറവില്‍ മണിപ്പൂര്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും, കൊള്ളകളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുമാണ് സേന നടത്തി വരുന്നത്. ഇതുകൊണ്ടു തന്നെ ശര്‍മിളയുടെ സഹന സമരത്തിന് വ്യാപകമായ പിന്തുണ ലഭിക്കുകയുണ്ടായി.
ശര്‍മിളയെ ഉടനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട മണിപ്പൂര്‍ സെഷന്‍സ് കോടതി സേനാ നിയമം പിന്‍വലിക്കുന്ന കാര്യത്തില്‍ ഒരഭിപ്രായവും രേഖപ്പെടുത്താത്ത സാഹചര്യത്തില്‍, തടങ്കലില്‍ നിന്ന് മോചിതയായാലും അവരുടെ സമരം തുടരാനാണ് സാധ്യത. അഫ്‌സ്പ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് അവര്‍ പല തവണ വ്യക്തമാക്കിയതാണ്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷനുള്‍പ്പെടെ ഒട്ടേറെ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ ഈ നിയമം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അസം റൈഫിള്‍സിന്റെ കൂട്ടബലാത്സംഗത്തില്‍ തങ്ജം മനോരമ എന്ന സ്ത്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു നിയോഗിക്കപ്പെട്ട ജീവന്‍ റെഡ്ഢി കമ്മീഷന്‍ നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദേശിക്കുകയുമുണ്ടായി. ‘അഫ്‌സ്പ’ക്ക് മനുഷ്യ മുഖം നല്‍കാന്‍ ഭേദഗതി കൊണ്ടുവരുമെന്ന യു പി എ ഭരണകാലത്തെ പ്രഖ്യാപനം നിയമത്തിന്റെ മറവില്‍ സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും അതിക്രമങ്ങളും സര്‍ക്കാറിന് ബോധ്യപ്പെട്ടതായി വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍ ഇത് പിന്‍വലിക്കാനുള്ള നീക്കങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല. ശര്‍മിളയുടെ മോചനത്തിന് ഉത്തരവിട്ട കോടതിയുടെ ഇടപെടല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനതയെ സൈന്യത്തിന്റെയും പോലീസിന്റെയും ഇരകളാക്കുന്ന സായുധ സേനാ പ്രത്യേകാധികാര നിയമത്തിന്റെ കാര്യത്തിലും അനിവാര്യമാണ്.