സപ്ലൈകോ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്‌

Posted on: August 20, 2014 5:01 am | Last updated: August 20, 2014 at 7:15 am

കൊച്ചി: സപ്ലൈകോ ജീവനക്കാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സപ്ലൈകോ ട്രേഡ് യൂനിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ അടച്ചിട്ടാണ് സമരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സപ്ലൈകോയെ നിലനിര്‍ത്താന്‍ ആവശ്യമായ സബ്‌സിഡി തുക അനുവദിക്കുക, സര്‍ക്കാറിന് സാമ്പത്തിക ബാധ്യതയില്ലാത്ത പ്രൊ മോഷനുകള്‍ നടപ്പാക്കുക, താല്‍ക്കാലിക പാക്കിംഗ് ജീവനക്കാര്‍ക്ക് മിനിമം വേജസ് നല്‍കുക, ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കുക, കോമണ്‍ സര്‍വീസ് റൂള്‍ നടപ്പാക്കുക, പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. വകുപ്പുമന്ത്രിയും ലേബര്‍ കമ്മീഷണറും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടു പോകുന്നതെന്നും അവര്‍ പറഞ്ഞു. സപ്ലൈകോയിലെ ഡെപ്യൂട്ടേഷന്‍ ഘട്ടം ഘട്ടമായി അവസാനിപ്പിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. ശമ്പളയിനത്തില്‍ ഡെപ്യൂട്ടേഷനില്‍ നിയമിക്കപ്പെട്ടവര്‍ക്ക് 50 കോടി രൂപയാണ് പ്രതിവര്‍ഷം നല്‍കുന്നത്. ഇത് സബ്‌സിഡിയായി ജനങ്ങള്‍ക്ക് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത സമരസമിതി കണ്‍വീനര്‍ എന്‍ എ മണി, വര്‍ക്കിംഗ് ചെയര്‍മാന്‍ ആര്‍ വിജയകുമാര്‍, ടി കെ സുഖു, അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.