Connect with us

Kasargod

കെട്ടിടങ്ങള്‍ക്ക് അനുമതി; മംഗല്‍പ്പാടി പഞ്ചായത്തിനുണ്ടായ നഷ്ടം സെക്രട്ടറിയില്‍ നിന്ന് ഈടാക്കണമെന്ന് ഭരണസമിതി

Published

|

Last Updated

ഉപ്പള: കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതില്‍ മംഗല്‍പ്പാടി പഞ്ചായത്തിനുണ്ടായ നഷ്ടം സെക്രട്ടറി ബി കെ കേശവയുടെ ബാധ്യതയില്‍ ഉള്‍പ്പെടുത്തി ഈടാക്കണമെന്ന് പഞ്ചായത്ത് അടിയന്തിര ഭരണസമിതി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
അരക്കോടിയിലേറെ രൂപയാണ് സെക്രട്ടറി കേശവ ബാധ്യത വരുത്തിയത്. തക്ക സമയത്ത് സെക്രട്ടറിയെ സ്ഥലംമാറ്റിയ സര്‍ക്കാറിനെ അഭിനന്ദിച്ചു. ഭാവിയില്‍ നടപടി ക്രമങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി വന്‍ കെട്ടിടങ്ങള്‍ക്കു അനുമതി നല്‍കാനും നികുതി ചുമാത്താനും ഉദ്യോഗസ്ഥര്‍ക്കു നല്‍കിവരുന്ന അധികാരം പിന്‍വലിച്ച് ഭരണസമിതിയുടെ അംഗീകാരത്തിനു വിധേയമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മംഗല്‍പ്പാടിയില്‍ ക്രമക്കേട് നടക്കുന്നതായി ബോധ്യപ്പെട്ടപ്പോള്‍ 26-11-13ലെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ വന്‍ കെട്ടിടങ്ങള്‍ക്കു പെര്‍മിറ്റ് നല്‍കുന്നതിനുമുമ്പായി ഭരണസമിതിയുടെ അനുമതി വാങ്ങണമെന്ന് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ ഇത് തന്റെ നേരിട്ടുള്ള ചുമതലയാണെന്നുപറഞ്ഞ് സെക്രട്ടറി പ്രസ്തുത തീരുമാനം നിരാകരിക്കുകയുണ്ടായി. സെക്രട്ടറിയുടെ ചെയ്തികള്‍ പകല്‍വെളിച്ചംപോലെ ബോധ്യപ്പെട്ടിട്ടും ചില തത്പര കക്ഷികള്‍ ഭരണസമിതിക്കെതിരെ തിരിയുന്നത് ദുഷ്ടലാക്കോടെയാണെന്ന് യോഗം കുറ്റപ്പെടുത്തി. സി പി എം അംഗങ്ങളായ അലിക്കുഞ്ഞിയും സുജാത ഷെട്ടിയും യോഗ തീരുമാനത്തെ പിന്താങ്ങി.
പ്രസിഡന്റ് ആഇശത്ത് താഹിറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം കെ അലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കുബ്‌റ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അസീം, ആരിഫ മൊയ്തീന്‍, മെമ്പര്‍മാരായ കെ എം ഇസ്മാഈല്‍, അഷറഫ് സിറ്റിസണ്‍, ഇഖ്ബാല്‍, ബി പി മുഹമ്മദ്, അലിക്കുഞ്ഞി, മുഹമ്മദ് ഫാറൂഖ്, ഖൈറുന്നീസ, റംല മൂസ്സ, സുജാത ഷെട്ടി, സാഹിറ ബാനു, പുഷ്പരാജ്, ജയലക്ഷ്മി, ഹേമവതി, റഫീഖ്, ജയന്തിഷെട്ടി പ്രസംഗിച്ചു. അസി.സെക്രട്ടറി ഗിരിഷ് ഷെട്ടി സ്വാഗതം പറഞ്ഞു.

Latest