കുടുംബങ്ങള്‍ താമസിക്കുന്നിടത്ത് ബാച്ചിലര്‍മാര്‍: നഗരസഭ കര്‍ശന നടപടിക്ക്‌

Posted on: August 19, 2014 8:10 pm | Last updated: August 19, 2014 at 8:10 pm

അബുദാബി: കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ ബാച്ചിലര്‍ പാര്‍പ്പിടങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അബുദാബി നഗരസഭ മുന്നറിയിപ്പു നല്‍കി. മുറികളില്‍ അമിതമായി ബാച്ചിലര്‍മാരെ താമസിപ്പിക്കുന്ന കെട്ടിടം ഉടമകള്‍ക്കെതിരെയും വാടകക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അബുദാബി നഗരസഭാ വിദേശ വിഭാഗം ഡയറക്ടര്‍ അഹ്മദ് ഫാദില്‍ അല്‍ മസ്‌റൂയി അറിയിച്ചു. കെട്ടിടങ്ങളില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. കുടുംബങ്ങള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ ബാച്ചിലര്‍മാര്‍ പാടില്ല, താമസക്കാര്‍ക്ക് ഉയര്‍ന്ന നിലവാരം ഉറപ്പുവരുത്തണം എന്നീ സന്ദേശങ്ങളാണ് എത്തിക്കുന്നത്.
ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിശോധന. മാത്രമല്ല, യു എ ഇ നിഷ്‌കര്‍ഷിക്കുന്ന മൂല്യങ്ങളും മാനദണ്ഡങ്ങളും പാലിക്കപ്പെടേണ്ടതുണ്ട്. നിയമം എല്ലാവര്‍ക്കും ബാധകമാണ്. ഉടമകളും റിയല്‍ എസ്റ്റേറ്റ് കമ്പനികളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. ബാച്ചിലര്‍മാരെ കൂട്ടമായി താമസിപ്പിക്കുന്നത് നിയമ നടപടി ക്ഷണിച്ചുവരുത്തും. ഇതിനകം നിരവധി തവണ ബോധവത്കരണം നടത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും മാന്യമായ പാര്‍പ്പിടങ്ങളും ജീവിത സാഹചര്യങ്ങളും ഒരുക്കാനാണ് ശ്രമം.
വാണിജ്യ കേന്ദ്രങ്ങള്‍, കുടുംബങ്ങള്‍ താമസിക്കുന്ന കേന്ദ്രങ്ങള്‍, പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ബാച്ചിലര്‍മാരുടെ പാര്‍പ്പിടം നിരോധിക്കപ്പെട്ടിട്ടുണ്ട്. താമസകേന്ദ്രങ്ങള്‍ വാടകക്ക് കൊടുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം. കുടുംബമാണെങ്കില്‍ ഭര്‍ത്താവും ഭാര്യയും കുട്ടികളും എന്നത് ഉറപ്പുവരുത്തണം. ഇവരുടെ താമസസ്ഥലം അന്യര്‍ക്ക് പങ്കുവെക്കാന്‍ നല്‍കരുത്. കുടുംബത്തോടെ അല്ലെങ്കില്‍ ഒരു വില്ലയില്‍ ആറുപേര്‍ മാത്രമേ പാടുള്ളു. അത്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വാണിജ്യ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടവര്‍, നയതന്ത്രകാര്യാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആയിരിക്കണം. അബുദാബി ടൂറിസം അതോറിറ്റിയുടെ അനുമതിയുള്ള താമസ സ്ഥലങ്ങള്‍ക്കും ഇത് ബാധകമാണ്.
പ്രത്യേക സാമ്പത്തിക മേഖല, തൊഴില്‍ മന്ത്രാലയം, താമസ- കുടിയേറ്റ വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. വാണിജ്യ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ നടത്തുന്നവര്‍ ഉടന്‍ തന്നെ ബാച്ചിലര്‍മാരുടെ താമസ സ്ഥലങ്ങള്‍ സംബന്ധിച്ച് പുനരാലോചനക്ക് തയ്യാറാകണം.
ബാച്ചിലര്‍മാര്‍ക്കെതിരെ കുടുംബങ്ങളില്‍ നിന്ന് പരാതി ലഭിച്ചാല്‍ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും അഹ്മദ് ഫാദില്‍ വ്യക്തമാക്കി.