ശുചിത്വമില്ലായ്മ: ഹോട്ടലും ക്വാര്‍ട്ടേഴ്‌സും ആരോഗ്യവകുപ്പധികൃതര്‍ അടപ്പിച്ചു

Posted on: August 19, 2014 1:36 am | Last updated: August 19, 2014 at 1:36 am

തൃക്കരിപ്പൂര്‍: മതിയായ ശുചിത്വമില്ലാത്തതിന്റെ പേരില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നോട്ടീസ് നല്‍കിയ വാടക ക്വാട്ടേര്‍സുകളും ഹോട്ടലും ഒടുവില്‍ പൂട്ടി. പൂച്ചോല്‍ ബസ്‌സ്‌റ്റോപ്പിന് സമീപത്തെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ് ഇന്നലെ വൈകുന്നേരം പൂട്ടിച്ചത്. ഹോട്ടല്‍ ഉടമയും മറ്റും ഉദ്യോഗസ്ഥരെ തടഞ്ഞത് സ്ഥലത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നു. ഒടുവില്‍ ചന്തേര എസ് ഐ ചന്ദ്രബാനുവിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസിന്റെ സഹായത്തോടെ കെട്ടിടങ്ങള്‍ താഴിട്ട് പൂട്ടുകയായിരുന്നു.
രണ്ട് മാസം മുമ്പാണ് മാലിന്യ പ്രശ്‌നങ്ങള്‍ മൂലം വാടക ക്വാര്‍ട്ടേഴ്‌സുകള്‍ക്കും ഹോട്ടലിനും നോട്ടീസ് നല്‍കിയത്. എന്നാല്‍ ശുചീകരണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഇന്നലെ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകിയ നിലയിലുണ്ടായിരുന്ന സമീപത്തെ ക്വാര്‍ട്ടേസിന്റെ ഉടമയ്ക്കും ആരോഗ്യവകുപ്പ് അധികൃതര്‍ നോട്ടീസ് നല്‍കുകയും ചെയ്തു.