Connect with us

Eranakulam

ഗുരുശിഷ്യ ബന്ധത്തിന്റെ മേളപ്പെരുക്കം തീര്‍ത്ത് ഗുരുവും പ്രിയ ശിഷ്യനും

Published

|

Last Updated

കൊച്ചി: ഗുരുശിഷ്യ ബന്ധത്തിന്റെ തീവ്രതയും സൗന്ദര്യവും മേളപെരുക്കത്തിന്റെ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ പ്രസ്‌ക്ലബ് ഹാളില്‍ തിങ്ങിനിറഞ്ഞവര്‍ക്ക് പൂരംകണ്ട അനുഭൂതി. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ വായ്ത്താരിക്കും കൈത്താളത്തിനുമൊപ്പം ജയറാം മേളപ്പെരുക്കം ഹൃദിസ്ഥമാക്കിയപ്പോള്‍ അവര്‍ക്കിടയില്‍ വളര്‍ന്നത് അപൂര്‍വമായ ഗുരു ശിഷ്യ ബന്ധം കൂടിയാണ്. അതിന്റെ ആഴമാണ് എറണാകുളം പ്രസ്‌ക്ലബിന്റെ “ഓണം പൊന്നോണം” പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇരുവരും തുറന്നുകാട്ടിയത്.
ഗുരുനാഥനെ കുറിച്ച് ശിഷ്യന് പറയാനും ശിഷ്യനെ കുറിച്ച് ഗുരുനാഥന് പറയാനും ഏറെയുണ്ടായിരുന്നു. ലോകത്തു പലയിടത്തും ശിഷ്യരുണ്ട്. എങ്കിലും ഈ ശിഷ്യനാണു നമ്പര്‍ വണ്‍…! അടുത്തിരുന്ന നടന്‍ ജയറാമിന്റെ തോളത്തു കൈവച്ച് മേളവിസ്മയം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഇതുപറയുമ്പോള്‍, ജയറാമിന്റെ മുഖത്ത് വിനയം കലര്‍ന്ന പുഞ്ചിരി. കൂടെ ചെണ്ടയില്‍ മറ്റേതു ഗുരുവിനേക്കാള്‍ ശ്രേഷ്ഠനാണു മട്ടന്നൂരാശാനെന്നു മറുപടി. ഷഷ്ഠിപൂര്‍ത്തിയാണെങ്കിലും മട്ടന്നൂരാശാനു ഇപ്പോള്‍ പതിനെട്ടിന്റെ ചെറുപ്പമാണെന്നുകൂടി പറഞ്ഞതോടെ ഇരുവരുടെയും മുഖങ്ങളില്‍ മേളപ്പെടുക്കത്തിന്റെ ആവേശച്ചിരി.
ആഗ്രഹിച്ച കലകളെല്ലാം വലിയ ഗുരുക്കന്മാരില്‍ നിന്നു പഠിക്കാന്‍ തനിക്കു ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നു ജയറാം പറഞ്ഞു. അച്ഛനാണ് മിമിക്രിയില്‍ പ്രധാനമായും പ്രോത്സാഹിപ്പിച്ചത്. പിന്നെ ബന്ധുക്കളായ മലയാറ്റൂര്‍ രാമകൃഷ്ണന്‍, പി കെ വി അങ്ങനെ പലരും തനിക്കു ഗുരുസ്ഥാനീയരായി. കലാഭവന്‍ സ്ഥാപകനായ ആബേലച്ചനേപ്പോലൊരു ഗുരു ഇല്ലായിരുന്നെങ്കില്‍ സിനിമയിലേക്കു എനിക്കു വരാനാകുമായിരുന്നില്ല. സിനിമയില്‍ പത്മരാജന്‍ ഗുരുവായി. പത്തു വര്‍ഷം മുമ്പ് പാലക്കാട് വെള്ളിനേഴിക്കടുത്ത് ഷൂട്ടിംഗിനു പോയപ്പോഴാണ് മേളം പഠിക്കാനുള്ള ആഗ്രഹവുമായി മട്ടന്നൂരിനെ സമീപിച്ചത്. ഗുരുകുല രീതിയില്‍ അദ്ദേഹം പഠിപ്പിച്ച കാര്യങ്ങള്‍ കുട്ടിക്കാലത്തു അക്ഷരം പറഞ്ഞുതന്ന ആശാന്റെ പഠിപ്പിക്കലിനു തുല്യമായിരുന്നു. രണ്ടും എന്റെ മനസില്‍ നി്ന്ന് ഒരിക്കലും മായില്ല. നൂറുവയസിനപ്പുറവും ലോകം മുഴുവന്‍ മട്ടന്നൂരാശാന്റെ ചെണ്ടയുടെ താളം അലയടിച്ചുയരുമെന്നും ജയറാം പറഞ്ഞു.
തന്റെ പ്രധാന തൊഴിലല്ലെങ്കിലും ചെണ്ടയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയതാണു ജയറാമില്‍ കണ്ട പ്രധാന ഗുണമെന്നും മട്ടന്നൂര്‍ പറഞ്ഞു. മേളത്തില്‍ നടുവില്‍ നിന്നാലും അറ്റത്തു നിന്നാലും മനസുകളുടെ പൊരുത്തമാണ് വലുത്. ജയറാമും താനും മേളത്തില്‍ എവിടെ നിന്നാലും പരസ്പരം എല്ലാം അറിയാം. തിരക്കുകള്‍ക്കിടയിലും ചെണ്ടയിലെ സാധകം മുടക്കാത്ത ജയറാം നല്ല ശിഷ്യനാണ്. ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ അടുത്തിടെ ചെണ്ടപരിശീലനത്തിനു മണിക്കൂറുകള്‍ ചെലവഴിച്ചതിന്റെ ഓര്‍മകളും മട്ടന്നൂര്‍ പങ്കുവച്ചു.
ചെണ്ട പഠിക്കാന്‍ മുമ്പത്തേക്കാള്‍ ഇന്നു കൂടുതല്‍ പേര്‍ വരുന്നുണ്ട്. മാരാര്‍മാര്‍ മാത്രമല്ല, മറ്റു വിഭാഗങ്ങളിലുള്ളവരും ചെണ്ട പഠിക്കുന്നുണ്ട്. ചെണ്ട പഠിച്ചാല്‍ അടുത്ത പരിപാടി അമേരിക്കയിലാണ് എന്ന ബോധ്യത്തിലെങ്കിലും അതു പഠിക്കുന്നവര്‍ നിരവധിയാണ്. ചെണ്ടയുടെ പ്രോത്സാഹനത്തിനു സര്‍ക്കാരിന്റെ പദ്ധതികള്‍ക്കു കാത്തുനില്‍ക്കേണ്ടതില്ല. സത്യസന്ധതയുള്ള ഗുരുക്കന്മാരും ശിഷ്യരും ഉണഅടെങ്കില്‍ ചെണ്ട എന്നും നിലനില്‍ക്കുമെന്നും മട്ടന്നൂര്‍ പറഞ്ഞു.
അറുപതു വയസു തികയുന്ന മട്ടന്നൂരിനെ ആദരിക്കല്‍ ചടങ്ങുകൂടിയായി അപൂര്‍വസംഗമം. ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്ന മട്ടന്നൂരിനെ ജയറാം പൊന്നാടയണിയിച്ചു.