ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ച പ്രളയം

Posted on: August 19, 2014 1:27 am | Last updated: August 19, 2014 at 1:27 am

laknow

ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ച പ്രളയം
ലക്‌നോ: കനത്ത മഴയെത്തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ പ്രളയക്കെടുതികള്‍ക്ക് ശമനമില്ല. ഉത്തര്‍ പ്രദേശ്, അസം, ഉത്താരാഖണ്ഡ്, ബിഹാര്‍, ഒഡീഷ സംസ്ഥാനങ്ങളിലാണ് പ്രളയം ഏറ്റവും അധികം ദുരിതം വിതച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ജനങ്ങളാണ് ഇവിടങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നത്. ദുരന്തബാധിത മേഖലകളില്‍ ജില്ലാ ഭരണകൂടങ്ങളുടെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഉത്തരാഖണ്ഡില്‍ രണ്ട് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെയായി മരിച്ചവരുടെ എണ്ണം 50 ആയി. ഗംഗ, നന്ദകിനി, പിന്‍ഡാര്‍ നദികള്‍ അപകട രേഖക്ക് മുകളില്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ബദരീനാഥ്, ഗംഗോത്രി, യമുനോത്രി തീര്‍ഥാടനത്തിന് നിരോധനമേര്‍പ്പെടുത്തി. ഇവിടങ്ങളിലെ മിക്ക ഹൈവേകളും അടച്ചിട്ടുണ്ട്.
കനത്ത മഴയും പ്രളയവും തുടരുന്ന ഉത്തര്‍പ്രദേശില്‍ ഇതുവരെയായി 41 പേരാണ് മരിച്ചത്. സംസ്ഥാനത്തെ പല നദികളും അപകട രേഖക്ക് മുകളില്‍ കൂടിയാണ് ഒഴുകുന്നത്. ഇതുവരെയായി ആയിരത്തിലേറെ ഗ്രാമങ്ങളെ പ്രളയം ബാധിച്ചു കഴിഞ്ഞു. അറുനൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ശ്രാവസ്തിയില്‍ എട്ട് പേര്‍ പ്രളയത്തില്‍ മരിച്ചു. ബഹറയിലും ബല്‍റാംപൂരിലും രണ്ട് പേര്‍ വീതവും പ്രളയത്തെത്തുടര്‍ന്ന് മരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 117 ഗ്രാമങ്ങളിലായി 60,000പേര്‍ പ്രളയത്തിന്റെ രൂക്ഷത അനുഭവിച്ചു കഴിഞ്ഞു.
ഗംഗാനദി കരകവിഞ്ഞൊഴുകുന്നതിനാല്‍ പോഷക നദികളും കരകവിഞ്ഞൊഴുകുകയാണ് അതുകൊണ്ട് തന്നെ പ്രളയത്തിന്റെ രൂക്ഷതയും കൂടുതലാണ്. നദിക്കരയില്‍ കഴിയുന്നവരെയെല്ലാം രക്ഷാപ്രവര്‍ത്തകര്‍ മാറ്റിക്കഴിഞ്ഞു. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ആര്‍മി ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നാല് ലക്ഷം പേരെയാണ് ബീഹാറിലെ ഒമ്പത് ജില്ലകളിലായി പ്രളയം ബാധിച്ചത്. കമലബാലന്‍, ഗന്ദക് നദികള്‍ കരകവിഞ്ഞൊഴുകുന്നു.
അസമിലും മഴക്കെടുതിക്ക് ശമനമില്ല. ബ്രഹ്മപുത്രാ നദി കരകവിഞ്ഞു. ലഖിംപൂര്‍, ധെമജി, സോന്‍ഡിപൂര്‍, നാഗോണ്‍, മൊറിഗോണ്‍, ദിബ്രുഗഢ് ജില്ലകളെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. അസമിലെ പ്രളയം അയല്‍ സംസ്ഥാനമായ അരുണാചലിനെയും നേരിയ തോതില്‍ ബാധിച്ചിട്ടുണ്ട്. കസിരംഗ നാഷനല്‍ പാര്‍ക്, പൊബിതോറ വന്യമൃഗ സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലുള്ള വന്യ മൃഗങ്ങളെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ഒഡിഷയില്‍ പ്രളയത്തെ തുടര്‍ന്ന് ഇതുവരെയായി 47 പേര്‍ മരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ ഉത്തരാഖണ്ഡിലെത്തി. ദുരന്തബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു. ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.