കേരളത്തിന്റെ തെളിഞ്ഞ കാഴ്ചകള്‍, തെളിയാത്ത ബോധങ്ങള്‍

Posted on: August 19, 2014 6:00 am | Last updated: August 19, 2014 at 1:02 am

suresh gopiഅയല്‍ സംസ്ഥാനങ്ങളായ തമിഴകത്തും ആന്ധ്രയിലും (ഇപ്പോള്‍ രണ്ടായി മുറിഞ്ഞു) സാധ്യമാകുന്നതു പോലെ, സിനിമാ താരങ്ങള്‍ക്കും സംവിധായകര്‍ക്കും എളുപ്പത്തിലുള്ള രാഷ്ട്രീയ പ്രവേശങ്ങളും വിജയങ്ങളും കേരളത്തില്‍ നടപ്പിലാകാറില്ല. നിത്യഹരിത നായകനായിരുന്ന പ്രേംനസീര്‍ മുതല്‍ മുരളി വരെ പലരും തിരഞ്ഞെടുപ്പിലടക്കം നിന്ന് മഹനീയ തോല്‍വി ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്നസെന്റിന് ലഭിച്ച വിജയം മാത്രമാണ് അടുത്ത കാലത്ത് നാം കണ്ട ഒരു അപവാദം. രാഷ്ട്രീയത്തില്‍ സിനിമാക്കാര്‍ക്ക് വലിയ സ്ഥാനം കല്‍പ്പിച്ചു കൊടുക്കാന്‍ തയ്യാറില്ലാത്തത്രയുമെങ്കിലും പക്വതയും സമചിത്തതയും കേരളീയര്‍ കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് ഈ കാര്യം കൊണ്ട് നിരീക്ഷിക്കാനാകുമോ എന്നറിയില്ല.
മാധ്യമ കേന്ദ്രീകൃതമായ വര്‍ത്തമാന കാലത്ത്, ടെലിവിഷന്‍ ചാനലുകളില്‍ രാഷ്ട്രീയ അപഗ്രഥനത്തിനായി സിനിമാ ക്ലിപ്പിംഗുകള്‍ തലങ്ങും വിലങ്ങും ഉപയോഗിക്കുന്നത് നമുക്കെല്ലാം ഹരമാണ്. എല്‍ ഡി എഫ് എന്തുകൊണ്ട് തോറ്റു എന്നതിന്, ശ്രീനിവാസന്‍/സത്യന്‍ അന്തിക്കാട് സംഘത്തിന്റെ സന്ദേശത്തില്‍ പാര്‍ട്ടി താത്വികാചാര്യനായി വരുന്ന ശങ്കരാടി കൊടുക്കുന്ന മറുപടിയും മറ്റും എല്ലാ തിരഞ്ഞെടുപ്പു ഫല കാലത്തും ചാനലുകളിലും യുട്യൂബിലും വിലസുന്നതു കാണാം. സന്ദേശത്തിലൂടെയും അറബിക്കഥയിലൂടെയും കമ്മ്യൂണിസ്റ്റുകാര്‍ക്ക് ബുദ്ധി ഉപദേശിച്ചു കൊടുത്ത ശ്രീനിവാസനെ കമ്മ്യൂണിസ്റ്റ് സഹയാത്രികനായിട്ടാണ് പല സഖാക്കളും കരുതുന്നതെന്നത്, രാഷ്ട്രീയത്തിന്റെയാണോ സിനിമയുടെയാണോ ചരിത്രത്തിന്റെയാണോ അപചയം എന്ന് വിശദീകരിക്കപ്പെടാനിരിക്കുന്നതേ ഉള്ളൂ.
അടുത്ത ദിവസങ്ങളില്‍, രണ്ട് മലയാള സിനിമാ താരങ്ങള്‍ നടത്തിയ സമൂഹ, മനുഷ്യ സ്‌നേഹ തത്പരത കണ്ട് അന്തം വിട്ടതിന്റെ ഫലമായാണ് ഈ കുറിപ്പ് എഴുതുന്നത്. ആദ്യത്തേത്, രോഷാകുലനായ യുവ, വൃദ്ധ നായകന്‍ സുരേഷ് ഗോപി തന്നെ. ‘മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വിവരമില്ല’ എന്നായിരുന്നു സൂപ്പര്‍ സ്റ്റാര്‍ ചമഞ്ഞ് ദേശീയ അവാര്‍ഡും കൈക്കലാക്കി; ആണത്ത വീര താരം എന്നത് കേവലം കോമഡി മാത്രമാണെന്ന് തിരിച്ചറിഞ്ഞ മലയാള സിനിമാ പ്രേക്ഷകന്റെ അവഗണന നേരിട്ട സുരേഷ് ഗോപിയുടെ വെളിപാട്. ഡോ. ഇഖ്ബാല്‍ അഭിപ്രായപ്പെട്ടതു പോലെ, തികച്ചും അനുചിതവും സംസ്‌കാരശൂന്യവുമായ പദപ്രയോഗമായിരുന്നു ഇത്. രാഷ്ട്രീയഭിന്നതയുള്ളവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും യൂത്ത് കോണ്‍ഗ്രസുകാരുടെ അപക്വമായ പ്രതികരണത്തിന്റെയും പേരില്‍ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുതെന്നും ഇഖ്ബാല്‍ മാഷ് ഓര്‍മിപ്പിക്കുന്നു. തന്റെ സിനിമകളിലൂടെ ആഭാസകരമായ പദപ്രയോഗങ്ങളും ആക്രമണോത്സുകതയും പ്രോത്സാഹിപ്പിച്ചാണ് സുരേഷ് ഗോപി ജനപ്രിയത നേടിയെടുത്തത്.
കൊട്ടിഘോഷിക്കപ്പെട്ട സുരേഷ് ഗോപി പടമായ കമ്മീഷനറില്‍ നിന്ന് ചില ഡയലോഗുകള്‍ ശ്രദ്ധിക്കുക: – രാഷ്ട്രീയ നേതാവിന്റെ ഭാര്യയോട് പറയുന്നു: ഓര്‍മയുണ്ടോ ഈ മുഖം. ജീവിതത്തില്‍ ഇങ്ങനെ കുറെയേറെ മുഖങ്ങള്‍ കേറിയിറങ്ങി പോയതല്ലേ. ചിലപ്പോള്‍ ഓര്‍മയുണ്ടാകില്ല. പത്തുപന്ത്രണ്ട് കൊല്ലം മുമ്പുള്ള കഥയാ. അന്ന് ഞാന്‍ കണ്ണൂര്‍ എ എസ് പി. ഓണ്‍ പ്രൊബേഷന്‍. ടൗണിലെ കുബേരന്മാരുടെ നിശാ ക്ലബ്ബില്‍ ഉടുത്തിരുന്നതെല്ലാം ഉരിഞ്ഞെറിഞ്ഞ് കുടിച്ച് ബോധം കെട്ടവന്മാരുടെ നടുക്ക് നിന്ന് റെക്കോഡ് ഡാന്‍സ് ചെയ്ത നിങ്ങളെ, ഞാനറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടു. രാത്രി മുഴുവന്‍ നിങ്ങള്‍ ലോക്കപ്പിലിരുന്ന് കരഞ്ഞു. …….
നേതാവിനോട്: പാര്‍ട്ടിയും തിരക്കും കഴിഞ്ഞ് എപ്പോഴെങ്കിലും ഒറ്റക്ക് കിട്ടിയാല്‍ ഒന്ന് മനസ്സിലാക്കി കൊടുക്കണം, ആണെന്ന വാക്കിന്റെ അര്‍ഥം എന്തെന്ന്. (സല്യൂട്ട്).
മേലുദ്യോഗസ്ഥനോട് : ബുള്‍ഷിറ്റ്, ഒലക്കേടെ മൂട്.
മുസ്‌ലിം രാഷ്ട്രീയ നേതാവിനോട് : എടോ സായ്‌വേ, താനിപ്പോള്‍ പറഞ്ഞ ഈ ഉമ്മാക്കിയുണ്ടല്ലോ. ട്രാന്‍സ്ഫര്‍, ദേ ഇതാ എനിക്ക് (കൈത്തയിലെ രോമം പിടിച്ചുകൊണ്ട്), രോമം.
വീണ്ടും മേലുദ്യോഗസ്ഥനോട് : കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് മൂന്ന് സസ്‌പെന്‍ഷന്‍, മുപ്പത്തിമൂന്ന് ട്രാന്‍സ്ഫര്‍, ഇവരുടെ ഗവണ്മെന്റിന്റെ രണ്ടര വര്‍ഷത്തിനിടയില്‍ പന്ത്രണ്ട് ട്രാന്‍സ്ഫര്‍. ഇനി എവിടേക്കാണ് സര്‍. ഗോകര്‍ണത്തേക്കോ. അതോ ശൂന്യാകാശത്തേക്കോ. എവിടേക്കായാലും ഐ ജസ്റ്റ് ഡോണ്‍ട് കെയര്‍. ബട്ട് ഐ വോണ്‍ട് സ്റ്റാന്‍ഡ് എനി സിനിസ്റ്റേര്‍ഡ് ഡീല്‍ ഷവേര്‍ഡ് ബൈ എനി ഓഫ് ദീസ് റോട്ടണ്‍ ബാസ്റ്റാര്‍ഡ്‌സ്. പിന്നെ മലയാളത്തില്‍ മുസ്‌ലിം നേതാവിനോട്. തന്റെ മറ്റവന്റെ. എറങ്ങിപ്പോടാ ചെറ്റേ.
ദേശീയ നേതാവിനോട്: മുമ്പൊരിക്കല്‍ നീ പറഞ്ഞതോര്‍മയുണ്ടോ. ഈ കേരളമെന്ന ഇട്ടാ വട്ടത്തില്‍ കെടന്ന് ഒരു സാദാ പോലീസുകാരനോട് തായം കളിക്കാന്‍ നിനക്ക് താത്പര്യമില്ലെന്ന്. ബട്ട്, ഇന്നെനിക്ക് ബോധ്യായി. നിന്റെ ചീപ്പ്‌നസ്സ്. കാലണക്ക് തല്ലാന്‍ നടക്കുന്ന കവലച്ചട്ടമ്പികളെ വിട്ട് നാണം കെടുത്തിയാല്‍ ഞാന്‍ തോറ്റു പോകുമെന്ന് വിചാരിച്ചോ. അല്ലേടാ പുല്ലേ. ഐ ജസ്റ്റ് കെയിം ടു വാണ്‍ യു. ചര്‍ക്കയില്‍ നൂറ്റെടുത്ത ഖദര്‍ കൊണ്ട് നാണം മറക്കുന്ന ദരിദ്രവാസി രാഷ്ട്രീയക്കാരനെ പുറം കാല്‍ കൊണ്ട് ചവിട്ടി പുറന്തള്ളി, പകരം നിന്നെപ്പോലുള്ള എമ്പോക്കികള്‍ക്കെടുത്തമ്മാനമാടാന്‍ കോടികള്‍ പ്രസവിക്കുന്ന ഡല്‍ഹിയുണ്ടല്ലോ. ഹൈടെക്കും ബ്ലൂചിപ്പും കമ്പ്യൂട്ടറും കൊണ്ട് കൗപീനം ധരിക്കുന്ന നിന്റെ പുതിയ ഡല്‍ഹി. ഈ ഭരത് ചന്ദ്രനൊന്ന് പിടി മുറുക്കിക്കഴിഞ്ഞാല്‍ പിന്നെ, ആ ഡല്‍ഹിക്കുമാകില്ല നിന്നെ രക്ഷപ്പെടുത്താന്‍. ഓര്‍ത്തോ. നിന്റെ ഈ ചിരിയുണ്ടല്ലോ. അധികാരം ഇങ്ങനെയെടുത്ത് കൈക്കുമ്പിളില്‍ വെക്കുന്ന ഉപജാപകന്റെ ചിരി. ഇനി നമ്മള്‍ കണ്ടുമുട്ടുമ്പോള്‍ നിന്റെ മുഖത്ത് ഈ ചിരി ബാക്കിയുണ്ടാകില്ല. ദിസീസ് യുവര്‍ ലാസ്റ്റ് സ്മയില്‍. ഇല്ല. കുഴിച്ചു മൂടുന്നതിനു മുമ്പ്, നിന്നെ കുളിപ്പിക്കുന്ന ചടങ്ങു കൂടി ബാക്കിയുണ്ട്. ദാ ഇങ്ങനെ.
ഇത്തരം ഡയലോഗുകള്‍ നിരന്തരം ഉരുവിട്ട് മലയാള സിനിമയെ അടക്കി ‘ഭരിച്ചതിന്റെ ഹുങ്ക് കൊണ്ട്, ‘ഭരണഘടനാ പ്രകാരമുള്ള ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറിയ മുഖ്യമന്ത്രിയെ വരെ വെല്ലുവിളിക്കാമെന്ന വിഡ്ഢിത്തം നിറഞ്ഞ അഹങ്കാരത്തിലേക്ക് സിനിമാ താരം വളര്‍ന്നു പടര്‍ന്നുവെങ്കില്‍ ആ അവസ്ഥയെ പരിതാപകരം എന്നും ദയനീയം എന്നുമല്ലാതെ എന്തു പറയാന്‍? ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്, കീര്‍ത്തിചക്ര, കുരുക്ഷേത്ര തുടങ്ങിയ സിനിമകളില്‍ പട്ടാളക്കാരന്റെ വേഷത്തിലഭിനയിച്ചു എന്നതിന്റെ പേരില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ ഇന്ത്യന്‍ പട്ടാളത്തിന്റെ മേജറോ മറ്റോ ആക്കിയ പരിഹാസ്യമായ വിഡ്ഢിത്തത്തെ, ശ്രീനിവാസന്‍ തന്റെ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍ എന്ന സിനിമയില്‍ കണക്കിന് കളിയാക്കുന്നുണ്ട്. പോലീസ് ആപ്പീസറായി തെറിയും പറഞ്ഞ് ഇടിച്ചു നിരത്തിയ നിരവധി വേഷങ്ങളില്‍ തിളങ്ങിയ സുരേഷ് ഗോപിയെ ആകട്ടെ ഏതെങ്കിലും പദവി കൊടുത്ത് പോലീസിലെടുത്തില്ല എന്നു മാത്രമല്ല, ഏതോ സിനിമയുടെ ഷൂട്ടിംഗിനിടെ പോലീസ് വേഷത്തില്‍ പൊതു ചടങ്ങില്‍ പങ്കെടുത്തു എന്ന കുറ്റത്തിന് കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായി. മോഹന്‍ലാലിനൊരു ന്യായം, സുരേഷ് ഗോപിക്കൊരു ന്യായം എന്ന വിവേചനത്തില്‍ വിഷമമോ പരിഹാസമോ ഒക്കെ തോന്നിയിരുന്നു. എന്നാല്‍, താന്‍ പട്ടാളമാണെന്ന് തെറ്റിദ്ധരിച്ച് പാക്കിസ്ഥാനിലേക്ക് മിസൈല്‍ തൊടുത്തു വിടാന്‍ തുനിയാതിരുന്ന മോഹന്‍ലാലെവിടെ; താന്‍ പോലീസ് കമ്മീഷനറാണെന്നു കരുതി മുഖ്യമന്ത്രിയെ വിവരം കെട്ടവന്‍ എന്നു വിളിച്ച് അബദ്ധത്തില്‍ പെട്ട സുരേഷ് ഗോപിയെവിടെ.!
സിനിമാ താരങ്ങളെ കെട്ടിയെഴുന്നള്ളിക്കുന്ന ബുദ്ധി കുറഞ്ഞവരും വകതിരിവില്ലാത്തവരുമായ സംഘാടകരും മന്ത്രിമാര്‍ തന്നെയും ഇതൊക്കെയനുഭവിക്കേണ്ടവരാണെന്നും കരുതാം. ദൈവത്തിന്റെ കുഞ്ഞുങ്ങളെന്ന് പറയുന്ന കുട്ടികള്‍ക്കായി മഹാരാജാവ് ദാനം ചെയ്ത സ്ഥലമായ ശ്രീ ചിത്രാ പുവര്‍ ഹോം ഇടിച്ചു നിരത്തി ഷോപ്പിംഗ് സമുച്ചയം നിര്‍മിക്കുന്നതിനെതിരെയും; ആലപ്പുഴ കുട്ടനാട്ടില്‍ കൃഷി ചെയ്തവര്‍ക്കൊപ്പം കൊയ്യാനും; സര്‍ക്കാഖിന്റെ മരം വെച്ച് പിടിപ്പിക്കാനുള്ള ഹരിതശ്രീയില്‍ സജീവമായും; മദ്യവും മയക്കുമരുന്നും രോഗപീഡകളുമുള്ള ഇടങ്ങളില്‍ ആരുമറിയാതെ നിറഞ്ഞ സാന്നിധ്യമായും സുരേഷ് ഗോപി ദൈവത്തിന് തുല്യനാണെന്നാണ് മലയാളത്തില്‍ ഈയാഴ്ച ഇറങ്ങിയ ഒരു വനിതാ മാസിക വിവരിക്കുന്നത്. ‘സുരേഷ് ഗോപി ക്ഷുഭിതനാകുന്നു’ എന്നാണ് കവര്‍ സ്റ്റോറിയുടെ തലക്കെട്ട് തന്നെ. ‘ജസ്റ്റ് റിമംബര്‍ ദാറ്റ്’ എന്ന ഇംഗ്ലീഷ് തലക്കെട്ടുള്ളിലും. അട്ടപ്പാടിയിലെ ഗൊഞ്ചിയൂര്‍ ഗ്രാമക്കാര്‍ അവരുടെ പേര് തന്നെ സുരേഷ് ഗോപി ഗ്രാമം എന്നാക്കിയെന്നൊക്കെയാണ് കൊട്ടിഘോഷിക്കപ്പെടുന്നത്. ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തിന്റെ ‘ഭാഗമായാണ് സുരേഷ് ഗോപി, മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത്. ആ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചവര്‍ പോലും ഇത്തരം അപക്വവും ആഭാസകരവും താന്‍പ്രമാണിത്തപരവും തട്ടുപൊളിപ്പന്‍ സിനിമകളിലെ അശ്ലീല ഡയലോഗുകളെ പിന്‍ പറ്റുന്നതുമായ ഇടപെടലുകളെ അപലപിക്കുമെന്നതാണ് യാഥാര്‍ഥ്യം. വിമാനത്താവളം വന്നാലും വേണ്ടില്ല, ഇത്തരം കപടവേഷക്കാരുടെ നിഴല്‍നാടകങ്ങള്‍ അസഹനീയമാണെന്ന് പറയേണ്ട അവസ്ഥയിലാണവര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ആളെ പറഞ്ഞുവിട്ട് സുരേഷ് ഗോപിയെ വരുത്തി അള്‍ട്ടിമേറ്റ് പേഴ്‌സന്‍ എന്ന് സ്തുതിച്ചു എന്നും ഇദ്ദേഹം വീമ്പിളക്കുന്നുണ്ട്. ദൂരദര്‍ശന്‍, സുപ്രീം കോര്‍ട്ട് ബഞ്ച് എന്നിങ്ങനെ പല കാര്യങ്ങളും സുരേഷ് ഗോപിയുടെ ആവശ്യപ്രകാരം മോദി അനുവദിക്കാന്‍ പോകുന്നുവത്രെ. മുമ്പൊരു വാര്‍ത്തയില്‍, മലയാള സിനിമയുടെ രക്ഷാ പാക്കേജും മോദിയുമായി സുരേഷ് ഗോപി ചര്‍ച്ച ചെയ്തതായി വായിച്ചിരുന്നു. എന്തെല്ലാം മറിമായങ്ങള്‍!
സുരേഷ് ഗോപിക്ക് മറുമരുന്ന് കൊടുക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്, ദിലീപിന്റെ വിവാഹത്തില്‍ നിന്ന് അടുത്തിടെ രക്ഷപ്പെട്ട മഞ്ജു വാര്യരാണെന്ന് തോന്നുന്നു. സ്വന്തം ലേഖകന്‍ അടുത്ത ദിവസം പാലക്കാട്ടു നിന്ന് റിപോര്‍ട്ട് ചെയ്തത് ഇപ്രകാരമാണ്: രണ്ട് ഭാഗം കെട്ടിയ നീണ്ട മുടി ചലച്ചിത്ര താരം മഞ്ജു വാര്യര്‍ കത്രിക കൊണ്ട് വെട്ടിയെടുക്കുമ്പോള്‍ ഏഴാം ക്ലാസുകാരി സ്‌നേഹ സന്തോഷത്തോടെ നിന്നു. മഞ്ജു വാര്യര്‍ക്ക് ബാര്‍ബര്‍ ഷോപ്പില്‍ പണി കിട്ടിയെന്നോ അല്ലെങ്കില്‍ ബാര്‍ബര്‍ ഷോപ്പ് ഉദ്ഘാടനം ചെയ്യുകയാണെന്നോ കരുതേണ്ട. ഒരു മുടിയെണ്ണ/കഴുകല്‍ ഷാംപൂ കമ്പനിക്കാരുടെ പരസ്യാര്‍ഥം, ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുണ്ടാക്കാനാണത്രെ ഈ മുടി ശേഖരിക്കുന്നത്. നവജാതി വാലും ശരീരാവവശിഷ്ടവും പെയ്ഡ് ന്യൂസും ചേര്‍ന്ന മിശ്രിതമായിരിക്കും ഈ വാര്‍ത്തയും മുടിക്കഷണങ്ങളും ജീവകാരുണ്യവും എല്ലാം കൂടിക്കലരുന്ന അശ്ലീലം.
ശ്രേഷ്ഠ മലയാളത്തിന്റെ ചരിത്രമനുസരിച്ച് മഞ്ജു വാരസ്യാര്‍ എന്നായിരുന്നു പേര് സ്വീകരിക്കേിയിരുന്നത്. സവര്‍ണ ജാതി വ്യവസ്ഥയെ പുരുഷാധിപത്യവുമായി സംലയിപ്പിക്കുന്നതിലൂടെയാണ്, മഞ്ജു വാര്യര്‍ എന്ന പേര് രൂപവത്കരിക്കപ്പെടുന്നത്. ‘നീലിമ തീയ്യന്‍’, ‘പ്രിയങ്ക പുലയന്‍’ എന്നൊന്നും കേരളത്തിലാരും പേര് പറയാറില്ല. അപ്പോള്‍ മഞ്ജു വാര്യര്‍ക്ക് ലഭിക്കുന്ന ബഹുമാനത്തിന്റെയും ആദരവിന്റെയും ജാതി കാരണം വെളിവായില്ലേ? മുടിയാണെങ്കില്‍, കേരളത്തിലങ്ങോളമിങ്ങോളമുള്ള ബാര്‍ബര്‍ ഷാപ്പുകളില്‍ ഇഷ്ടം പോലെയുണ്ട്. അത് കോരിയെടുത്ത് ലോറിയില്‍ നിറക്കുന്നതിനു പകരം, സ്‌കൂള്‍ സമയം കളഞ്ഞ് പാവം കുട്ടികളെ വിഡ്ഢി വേഷം കെട്ടിച്ചതിന്റെ പേരില്‍ ഒരു പ്രധാനാധ്യാപികയും സസ്‌പെന്‍ഡ് ചെയ്യപ്പെടുകയോ സ്ഥലം മാറ്റം ചെയ്യപ്പെടുകയോ ചെയ്യില്ല എന്നു സമാധാനിക്കട്ടെ. ശാന്തം പാപം.
ദ ഹിന്ദുവിന്റെ പാലക്കാട് ലേഖകന്‍ കെ എ ഷാജിയുടെ ഒരു ഫേസ്ബുക്ക് കുറിപ്പോടെ ഈ ചിങ്ങം ഒന്നാം തീയതിയിലെഴുതുന്ന കുറിപ്പ് അവസാനിപ്പിക്കാം: ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ ശ്രീമതി മഞ്ജു വാര്യര്‍ നടത്തിയ കാര്‍ഷിക വിപ്ലവം കണ്ടിരിക്കാവുന്ന ഒരു തമാശ എന്നതിനപ്പുറം മറ്റൊന്നും ആയിരുന്നില്ല. ഇതിലും മോശമായി കാര്‍ഷിക വിഷയം കൈകാര്യം ചെയ്തിരുന്നത് ഒരു പക്ഷേ ആകാശവാണിയുടെ പഴയ വയലും വീടും/കൃഷിപാഠം ഒരു പഠന പരിപാടിയില്‍ ആയിരുന്നു എന്നത് മറക്കുന്നില്ല. ആ പരിപാടി വരുമ്പോള്‍ പകല്‍ മുഴുവന്‍ പണിയെടുത്ത കര്‍ഷകന്‍ റേഡിയോ പൂട്ടിവെക്കുന്നത് കണ്ടിട്ടുണ്ട്. ഇന്നലെ നടന്ന സംസ്ഥാനതല കര്‍ഷക ദിനാഘോഷത്തില്‍ ശ്രീമതി മഞ്ജു വാര്യര്‍ മുഖ്യാതിഥിയായി എത്തിയത് എന്തായാലും ഗംഭീരമായി. കൃഷി തന്റെ ഹോബി എങ്കിലും ആണെന്ന് അവര്‍ പറഞ്ഞതായി എവിടെയും വായിച്ച അറിവില്ല. സിനിമാക്കാരും ക്രിക്കറ്റുകാരും ഇല്ലാതെ നമുക്കെന്ത് ബോധവത്കരണം! ഇനി കഞ്ചാവ് വേട്ട നടത്തുമ്പോള്‍ മുഖ്യാതിഥിയായി സാക്ഷാല്‍ സുരേഷ് ഗോപിയെ വിളിക്കണം. മുഖ്യമന്ത്രിയോട് അദ്ദേഹം മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ പ്രത്യേകിച്ചും.!

ALSO READ  വംശവെറി വീണ്ടും ഇരകളെ തേടുന്നു