വിമാനങ്ങള്‍ക്ക് ഇറങ്ങാനും പൊങ്ങാനും ദുബൈ വിമാനത്താവളം ഏറ്റവും അനുയോജ്യം

Posted on: August 18, 2014 8:37 pm | Last updated: August 18, 2014 at 8:37 pm

dubai airportദുബൈ: വിമാനങ്ങള്‍ക്ക് ഇറങ്ങാനും പറന്നുപൊങ്ങാനും ഏറ്റവും അനുയോജ്യമായ വിമാനത്താവളമാണ് ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടെന്ന് ഡി സി എ എ (ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി) പ്രസിഡന്റ് ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം. ആഴ്ചകള്‍ക്ക് മുമ്പ് 80 ദിവസം നീണ്ട റണ്‍വേ അറ്റകുറ്റപണി കൂടി പൂര്‍ത്തിയാക്കിയതോടെയാണ് വിമാനത്താവളത്തിന് ഈ നേട്ടത്തിലേക്ക് എത്താനായതെന്നും ശൈഖ് അഹമ്മദ് വ്യക്തമാക്കി. കൃത്യമായ ആസൂത്രണമാണ് പണി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. വിമാന സര്‍വീസുകളെ കാര്യമായി ബാധിക്കാത്ത രീതിയില്‍ പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് നേട്ടമാണ്. ഏറ്റവും ക്ലേശകരവും ബുദ്ധിമുട്ടേറിയതുമായിരുന്നു റണ്‍വേയുടെ ഉപരിതലം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തി. തന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള കഠിന പ്രവര്‍ത്തനമാണ് റണ്‍വേയുടെ അറ്റകുറ്റ പണി റെക്കാര്‍ഡ് വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ഇടയാക്കിയതെന്നും ശൈഖ് അഹമ്മദ് ഓര്‍മിപ്പിച്ചു.

രണ്ട് റണ്‍വേകളുടെ അറ്റകുറ്റ പണികളും നിലവാരം ഉയര്‍ത്തലുമായിരുന്നു പ്രധാനമായും നടന്ന പ്രവര്‍ത്തികളെന്ന് ഡി സി എ എ ഡയറക്ടര്‍ ജനറലും ഡി എ എന്‍ എസ്(ദുബൈ എയര്‍ നാവിഗേഷന്‍ സര്‍വീസസ്) സി ഇ ഒയുമായ മുഹമ്മദ് അബ്ദുല്ല അഹ്‌ലി വ്യക്തമാക്കി. പരമാവധി വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യാതെ ജോലി പൂര്‍ത്തീകരിക്കാനായത് ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ മികവാണ് തെളിയിക്കുന്നത്.
സിവില്‍ ഏവിയേഷന്റെ ചരിത്രത്തില്‍ ഇതുപോലെ ഒരു പ്രവര്‍ത്തനം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2014ന്റെ ആദ്യ ആറുമാസങ്ങള്‍ക്കിടയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 6.2 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് മാസത്തിനും ജൂണ്‍ മാസത്തിനും ഇടയില്‍ 26 ശതമാനം വിമാനങ്ങളുടെ സര്‍വീസ് റദ്ദു ചെയ്തിട്ടും ഈ നേട്ടം ഉണ്ടാക്കാനായത് ചെറിയ കാര്യമല്ലെന്നും മുഹമ്മദ് അബ്ദുല്ല പറഞ്ഞു.
ലോകത്തിലെ ഏറ്റവും തിരക്കു പിടിച്ച വിമാനത്താവളമെന്ന പദവി ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് കഴിഞ്ഞ ജൂലൈയില്‍ സ്വന്തമാക്കിയിരുന്നു. അറ്റ്‌ലാന്റ എയര്‍പോര്‍ട്ടിനെ പിന്തള്ളിയാണ് ദുബൈ അഭിമാനകരമായ ഈ നേട്ടത്തിന് അര്‍ഹമായത്. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ദുബൈ അധികം വൈകാതെ ലണ്ടനെ പിന്നിലാക്കി ഒന്നാമതാവുമെന്നായിരുന്നു അന്ന് വാര്‍ത്ത. എന്നാല്‍ ലണ്ടണിലെ ഹീത്രു വിമാനത്താവളത്തിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അറ്റ്‌ലാന്റ രണ്ടാം സ്ഥാനത്തും ദുബൈ ഒന്നാമതും എത്തിയത്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്തവളങ്ങളില്‍ ഇടം കണ്ടെത്തിയതിനൊപ്പം വളര്‍ച്ചാ നിരക്ക് രണ്ടക്കത്തില്‍ എത്തിക്കാന്‍ സാധിച്ച ലോകത്തിലെ ഏക വിമാനത്തവളമെന്ന പദവിയും ദുബൈ കഴിഞ്ഞ മാസം കരസ്ഥമാക്കിയിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ നേട്ടത്തിനായുള്ള ഒരുക്കത്തിലായിരുന്നു വിമാനത്താവളമെന്ന് അഭിമാനകരമായ പദവി ലഭിച്ച അവസരത്തില്‍ സി ഇ ഒ പോള്‍ ഗ്രിഫ്ത്‌സ് വാര്‍ത്ത പുറത്തുവിട്ടുകൊണ്ട് വ്യക്തമാക്കിയിരുന്നു. ത്വരിതഗതിയിലുള്ള വികസന പ്രവര്‍ത്തനത്തിലൂടെയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ കൈകാര്യം ചെയ്യുന്ന വിമാനത്താവളമായി ദുബൈ മാറിയത്. ദുബൈ വിമാനത്താവളത്തിന് ഈ പദവി ലഭിക്കാന്‍ സഹായകമായത് എമിറേറ്റ്‌സും സഹോദര സ്ഥാപനമായ ഫ്‌ളൈ ദുബൈയും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസിനായി ഇറക്കിയതിലൂടെയാണ്.
കഴിഞ്ഞ വര്‍ഷം വിമാനത്താവളം 6.64 കോടി യാത്രക്കാരെയാണ് കൈകാര്യം ചെയ്തത്. മാളിനോളം സൗകര്യമുള്ള ഡ്യൂട്ടി ഫ്രീയും ട്രാന്‍ക്വില്‍ സെന്‍ ഗാര്‍ഡണും ആഡംബര കാര്‍ ഉള്‍പ്പെടുത്തിയുള്ള നറുക്കെടുപ്പുമെല്ലാം വിമാനത്താവളത്തിന്റെ ജനപ്രീതിക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തുണ്ടായിരുന്ന വിമാനത്താവളമാണ് ഹാര്‍ട്ട്‌സ്ഫീല്‍ഡ് ജാക്‌സണ്‍ അറ്റ്‌ലാന്റ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. 2007ല്‍ ഗ്രിഫ്ത്‌സ് സ്ഥാനമേറ്റതിന് ശേഷമാണ് ദുബൈ വിമാനത്താവളം ഒന്നാമതാവാനുള്ള പരിശ്രമങ്ങള്‍ക്ക് വേഗം കൂട്ടിയത്.