പ്ലസ്ടു: അധിക ബാച്ചുകള്‍ക്ക് ഹൈക്കോടതി സ്‌റ്റേ

Posted on: August 18, 2014 2:20 pm | Last updated: August 19, 2014 at 1:00 am

kerala-high-court

കൊച്ചി: പ്ലസ് ടു കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ഹയര്‍ സെക്കന്ററി ഡയറക്ടറുടെ ശുപാര്‍ശ മറികടന്ന് അനുവദിച്ച അധിക ബാച്ചുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത സ്‌കൂളുകള്‍ക്ക് താല്‍ക്കാലിക അനുമതി നല്‍കണം. ഡയറക്ടര്‍ ശുപാര്‍ശ ചെയ്യാത്ത സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുത്. മതിയായ സൗകര്യമില്ലാത്ത സ്‌കൂളുകള്‍ക്ക് അനുമതി നല്‍കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടും മന്ത്രിസഭാ ഉപസമിതി തള്ളിയ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കാനും കോടതി ഉത്തരവിട്ടു. കോടതി വിധിയോടെ 104 സ്‌കൂളുകള്‍ക്ക് അനുമതി ലഭിക്കില്ല.

വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വിധി പഠിച്ച ശേഷം തുടര്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. വിധിയില്‍ അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് പ്ലസ്ടു അഴിമതിയെന്ന് വി എസ് വാര്‍ത്താക്കുറിപ്പില്‍ പ്രസ്താവിച്ചു.

വിധി ആശ്വാസകരമാണെന്ന് എംഇഎസ് അധ്യക്ഷന്‍ ഫസല്‍ ഗഫൂര്‍ പറഞ്ഞു. തങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായും ഫസല്‍ ഗഫൂര്‍ പറഞ്ഞു.