Connect with us

Malappuram

മുസ്‌ലിം ലീഗിന് ഒരു സീറ്റും ലഭിച്ചില്ല നന്നമ്പ്ര സര്‍വീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരി

Published

|

Last Updated

തിരൂരങ്ങാടി: നന്നമ്പ്ര സര്‍വീസ് സഹകരണ ബേങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും കോണ്‍ഗ്രസ് നേടി. 13 അംഗഭരണ സമിതിയിലേക്ക് 10 സീറ്റിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് നടന്ന സീറ്റുകളില്‍ മുഴുവനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
ഒമ്പത് സീറ്റില്‍ മത്സരിച്ച മുസ്‌ലിം ലീഗിന് ഒരു സീറ്റും ലഭിച്ചില്ല. ആകെ പോള്‍ ചെയ്ത 2066 പാനല്‍ വോട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ 1925 വോട്ടുകള്‍ നേടിയപ്പോള്‍ മുസ്‌ലിം ലീഗ് പാനലിന് വെറും 141 വോട്ടുകളാണ് ലഭിച്ചത്.
മൂന്ന് പേര്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിജയിച്ചവര്‍: കെ പി ഹൈദ്രോസ് കോയതങ്ങള്‍, പൂഴിക്കല്‍ രാധാകൃഷ്ണന്‍, മൊയ്തീന്‍ കുട്ടി, രവീന്ദ്രന്‍ പാറയില്‍, താമി കൈതക്കാട്ടില്‍, സജിത് കാച്ചീരി, മഅ്‌റൂഫ് തിലായില്‍, സൈതലവി ചെറിയേരി, പനക്കല്‍ മരക്കാരുട്ടി, ചാത്തുട്ടി, പാറമ്മല്‍ രമാഭായ്, നൂര്‍ജഹാന്‍, കണ്ണം പറമ്പത്ത് രാധ.
ബേങ്ക് തിരഞ്ഞടുപ്പിനോടനുബന്ധിച്ച് ശക്തമായ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. പോലീസ് കാവലിലാണ് കോണ്‍ഗ്രസ് ആഹ്ലാദ പ്രകടനം നടത്തിയത്. ബേങ്ക് ഭരണസമിതിയിലേക്ക് മുസ്‌ലിം ലീഗിന് സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് മുസ്‌ലിം ലീഗ് ഇവിടെ മത്സരിച്ചത്. ലീഗിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റിനെ മുസ്‌ലിം ലീഗ് അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു.

 

Latest