ദീര്‍ഘകാല വെടിനിര്‍ത്തലിന് തയ്യാറല്ല: നെതന്യാഹു

Posted on: August 18, 2014 7:19 am | Last updated: August 18, 2014 at 7:19 am
SHARE

nethanyahuടെല്‍ അവീവ്: തങ്ങളുടെ സുരക്ഷാ ആവശ്യങ്ങള്‍ക്ക് പരിഹാരമാകും വരെ ദീര്‍ഘകാല വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇസ്‌റാഈല്‍- ഫലസ്തീന്‍ ചര്‍ച്ച കൈറോയില്‍ ആരംഭിച്ച അവസരത്തിലാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്. ഇന്ന് അര്‍ധരാത്രിയിലാണ് അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിന്റെ സമയപരിധി അവസാനിക്കുന്നത്.
ഇസ്‌റാഈലിന്റെ സുരക്ഷാ ആവശ്യങ്ങളില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചാണ് ഇസ്‌റാഈല്‍ പ്രതിനിധികള്‍ കൈറോയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജറൂസലമില്‍ പ്രതിവാര മന്ത്രിസഭായോഗത്തില്‍ നെതന്യാഹു പറഞ്ഞു. ഇസ്‌റാഈലിന്റെ സുരക്ഷാ ആവശ്യങ്ങളില്‍ വ്യക്തമായ ഉത്തരം ഉണ്ടായാല്‍ മാത്രമേ, ഒരു ധാരണയിലെത്താന്‍ തങ്ങള്‍ സമ്മതിക്കുകയുള്ളൂ. ഗാസയില്‍ ഒരു മാസത്തിലേറെ നീണ്ടുനിന്ന ആക്രമണം ഇനിയും തുടരാത്ത അവസരമൊരുക്കുന്നതിനാണ് കൈറോയില്‍ ദീര്‍ഘകാല വെടിനിര്‍ത്തല്‍ കരാറിന് വേണ്ടി പരോക്ഷ ചര്‍ച്ച നടക്കുന്നത്. ദീര്‍ഘകാല വെടിനിര്‍ത്തലിന് തയ്യാറാകുന്ന വിഷയത്തില്‍ മന്ത്രിസഭാംഗങ്ങള്‍ക്കിടയില്‍ വലിയ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫലസ്തീനിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ ഗാസയിലെ തുറമുഖ വികസന വിഷയത്തില്‍ ചര്‍ച്ച തന്നെ വേണ്ടെന്നാണ് മന്ത്രിസഭയിലെ തീവ്ര നിലപാടുകാരുടെ വാദം. വന്‍ സൈനിക നഷ്ടമുണ്ടായ ഹമാസിന് ഇനിയും നഷ്ടങ്ങളുണ്ടാകുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയമായ വിജയം കൂടാതെ കൈറോയില്‍ നിന്ന് മടങ്ങില്ല. രാഷ്ട്രീയ നേട്ടം കൊണ്ട് സൈനിക നഷ്ടം പരിഹരിക്കാമെന്നാണ് ഹമാസ് ചിന്തിക്കുന്നതെങ്കില്‍ തെറ്റി. റോക്കറ്റുകള്‍ വിക്ഷേപിച്ച് ഇളവ് വരുത്തുന്നതിലേക്ക് തങ്ങളെ സമ്മര്‍ദം ചെലുത്താമെന്നാണെങ്കില്‍ തെറ്റി. സമാധാനമുണ്ടായില്ലെങ്കില്‍ ഹമാസിന് വന്‍ നഷ്ടമാണുണ്ടാകുക- നെതന്യാഹു ഭീഷണി മുഴക്കി.
ഏഴ് വര്‍ഷമായി തുടരുന്ന ഉപരോധം അവസാനിപ്പിക്കുക അടക്കമുള്ള പ്രധാന ആവശ്യങ്ങള്‍ പരിഗണിക്കാതെ ചര്‍ച്ച വിജയകരമാകില്ലെന്ന് ഹമാസ് വക്താവ് സമി അബു സുഹ്‌രി പറഞ്ഞു. ഫലസ്തീനിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അതില്‍ നിന്ന് പിന്നാക്കം പോകില്ല. അടിസ്ഥാന മനുഷ്യാവകാശങ്ങളില്‍ ഊന്നിയുള്ളതാണ് തങ്ങളുടെ ആവശ്യങ്ങള്‍. ഇസ്‌റാഈലിന്റെ കോര്‍ട്ടിലാണ് പന്തുള്ളതെന്നും ഹമാസ് വക്താവ് കൂട്ടിച്ചേര്‍ത്തു.