ന്യൂനപക്ഷ പ്രീണനം വിനയായെന്ന് ആന്റണി സമിതി

Posted on: August 17, 2014 10:29 am | Last updated: August 18, 2014 at 8:06 am

Antonyന്യൂഡല്‍ഹി: ന്യൂനപക്ഷ പ്രീണന നടപടികളാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായതെന്ന് എ കെ ആന്റണി സമിതി റിപ്പോര്‍ട്ട്. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി ജെ പിക്ക് അനുകൂലമായ ഭൂരിപക്ഷ ഏകീകരണത്തിന് വഴിയൊരുക്കി. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് അന്വേഷിക്കുന്നതിനാണ് എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് തന്ത്രം രൂപവത്കരിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ അഞ്ഞൂറിലധികം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം യു പി എ അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി.
കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനത്തെ ന്യൂനപക്ഷങ്ങള്‍ പോലും സംശയത്തോടെയാണ് നോക്കിക്കണ്ടത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം പൂര്‍ണമായും നേടിയെടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ വന്നതും പരാജയത്തിലേക്ക് നയിച്ചു. ന്യൂനപക്ഷ സംവരണം സംബന്ധിച്ച ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ തിരിച്ചടിയായി. കേന്ദ്രവും സംസ്ഥാന നേതൃത്വങ്ങളും തമ്മിലുള്ള ആശയവിനിമയം നടന്നില്ല. എ ഐ സി സി ജനറല്‍ സെക്രട്ടറിമാര്‍ ചുമതലയില്‍ വീഴ്ച വരുത്തിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മിക്ക ജനറല്‍ സെക്രട്ടറിമാരും അവരവര്‍ക്ക് ചുമതലയുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുക പോലും ചെയ്തിരുന്നില്ല. രാഹുലിനെയും സോണിയയെയും പേരെടുത്ത് വിമര്‍ശിക്കാത്ത റിപ്പോര്‍ട്ട് നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തിരിച്ചു വരണമെങ്കില്‍ മുഖ്യമന്ത്രിമാരെയോ പി സി സി അധ്യക്ഷന്മാരെയോ മാറ്റേണ്ടതുണ്ടെന്നും ശിപാര്‍ശയുണ്ട്.
യു പി എ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പാര്‍ട്ടിക്ക് സംഘടനാപരമായ വീഴ്ച പറ്റി. സംഘടനാ ബലക്ഷയം തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്നായി. കോണ്‍ഗ്രസ് ഭരണത്തിലുള്ള അസം, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട കോണ്‍ഗ്രസ് 44 സീറ്റ് നേടിയപ്പോള്‍ യു പി എ സഖ്യത്തിന് 58 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
കോണ്‍ഗ്രസിന് ബദല്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രമാണ് ന്യൂനപക്ഷത്തിന്റെ വോട്ടുകള്‍ നേടാനായത്. അതോടൊപ്പം കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ ഭരണവിരുദ്ധ വികാരങ്ങള്‍ പലയിടങ്ങളിലുമുണ്ടായി. ബൂത്ത് തലത്തില്‍ ബി ജെ പിക്ക് വേണ്ടി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയപ്പോള്‍, കോണ്‍ഗ്രസിന്റെ കീഴ്ഘടകങ്ങള്‍ നിശ്ചലമായിരുന്നു. ഒപ്പം മോദിയെ മാന്ത്രികനായി ചിത്രീകരിക്കുന്നതില്‍ ആര്‍ എസ് എസ് വിജയിച്ചു. എന്നാല്‍, ദുര്‍ബലമായ സംഘടനാ സംവിധാനവുമായാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ചില മാധ്യമങ്ങളും കോര്‍പറേറ്റ് സ്ഥാപനങ്ങളും ബി ജെ പിക്ക് സഹായം നല്‍കി. ഇതിനെ പ്രതിരോധിക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞില്ല. മതേതരത്വവും വര്‍ഗീയതയും നേര്‍ക്കുനേര്‍ പോരാടിയ തിരഞ്ഞെടുപ്പില്‍ കൃത്യമായ നിലപാടുകള്‍ മുന്നോട്ടുവെക്കുന്നതില്‍ പരാജയപ്പെട്ടതാണ് പാര്‍ട്ടി നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കോണ്‍ഗ്രസിനെ നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.