Connect with us

National

ജഡ്ജിമാരുടെ നിയമനം: പുതിയ നിയമനിര്‍മാണത്തിനെതിരെ ചീഫ് ജസ്റ്റിസ്

Published

|

Last Updated

ന്യൂഡല്‍ഹി: അധികാര വിഭജനം സംബന്ധിച്ച ഭരണഘടനാ തത്വം പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ. നീതിന്യായ വിഭാഗവും നിയമനിര്‍മാണ വിഭാഗ (പാര്‍ലിമെന്റ്)വും പരസ്പര ബഹുമാനം സൂക്ഷിക്കണം. ഭരണത്തിന്റെ എല്ലാ ഘടകങ്ങളും സുഗമമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കാന്‍ അത് അനിവാര്യമാണെന്നും സ്വാതന്ത്ര്യദിനത്തില്‍ ബാര്‍ കൗണ്‍സില്‍ അസോസിയേഷന്‍ ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷം ചീഫ് ജസ്റ്റിസ് പറഞ്ഞു. ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപരെ നിശ്ചയിക്കുന്നതിനുള്ള കൊളീജിയം സമ്പ്രദായത്തിന് അന്ത്യം കുറിച്ച് ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മീഷന്‍ രൂപവത്കരിക്കാനുള്ള ബില്‍ പാര്‍ലിമെന്റ് പാസ്സാക്കിയ സാഹചര്യത്തില്‍ ജസ്റ്റിസ് ആര്‍ എം ലോധയുടെ പരാമര്‍ശത്തിന് ഏറെ പ്രധാന്യമുണ്ട്.
ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജിമാരെ നിയോഗിക്കുന്നതിനുള്ള കൊളീജിയം സമ്പ്രദായം അവസാനിപ്പിക്കുന്നതിനും പുതിയ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മീഷന്‍ രൂപവത്കരിക്കുന്നതിനുമുള്ള ബില്ലും 121 ാം ഭരണഘടനാ ഭേദഗതിയും കഴിഞ്ഞ ദിവസം പാര്‍ലിമെന്റ് അംഗീകരിച്ചിരുന്നു. ഇതോടെ 21 വര്‍ഷത്തെ സമ്പ്രദായത്തിനാണ് അന്ത്യമാകുന്നത്. പുതിയ സംവിധാനം നിയമനിര്‍മാണ മേഖലക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നുവെന്ന് നിയമ വൃത്തങ്ങള്‍ ആരോപിക്കുന്നുണ്ട്.
നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് പ്രമുഖ അഭിഭാഷകന്‍ ഫാലി എസ് നരിമാനും മുന്‍ മന്ത്രി കപില്‍ സിബലും സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്.
പുതിയ ബില്‍ പ്രകാരം ആറംഗ സമിതിയാണ് ജഡ്ജിമാരെ നിശ്ചയിക്കുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായിരിക്കും. നിയമമന്ത്രിയും അംഗമായിരിക്കും. രണ്ട് മുതിര്‍ന്ന ന്യായാധിപരും രണ്ട് പ്രമുഖ വ്യക്തികളും കമ്മീഷനില്‍ അംഗങ്ങളായിരിക്കും.
കൊളീജിയം സമ്പ്രദായത്തിലൂടെ ഹൈക്കോടതിയിലെ 906 ജഡ്ജിമാരുടെയും സുപ്രീം കോടതിയിലെ 31 ജഡ്ജിമാരുടെയും നിയമനം മാത്രമാണ് നടക്കുന്നതെന്നും കീഴ്‌ക്കോടതികളിലെ 19,000 ജഡ്ജിമാരെ നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാറുകളാണെന്നും ജസ്റ്റിസ് ആര്‍ എം ലോധ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഒന്നുകില്‍ കേസ്- ജഡ്ജി അനുപാതമോ, ജഡ്ജി- ജനസംഖ്യ അനുപാതമോ കൂട്ടണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന 50 ശതമാനം അന്തേവാസികളും വിചാരണ കാത്ത് കഴിയുന്നവരാണ്. ജില്ലാ കോടതികളില്‍ ഇത് 72 ശതമാനം വരും. ഇത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
നീതിന്യായ വിഭാഗത്തിന്റെ അന്തസ്സും സ്വതന്ത്ര്യവും കാത്തു സൂക്ഷിക്കാന്‍ തന്റെ സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

Latest