Connect with us

Gulf

'അല്‍മുല്ല' ചരിത്രത്തിന്റെ ഭാഗമാകുന്നു

Published

|

Last Updated

അബുദാബി: അബുദാബിയില്‍ ഏറ്റവും പഴക്കം ചെന്ന കെട്ടിടമായ അല്‍ മുല്ല ചരിത്രത്തിന്റെ ഭാഗമാകുന്നു. ഇലക്ട്ര റോഡില്‍ ലൈഫ്‌ലൈന്‍ സിഗ്‌നലിന് സമീപത്തുള്ള ബഹുനില കെട്ടിടമായ അല്‍മുല്ലയാണ് കാലയവനികക്കുള്ളിലേക്ക് മറയുന്നത്. ഏതാണ്ട് അരനൂറ്റാണ്ട് പഴക്കമുണ്ട് ഈ കെട്ടിടത്തിന്. അബുദാബിയില്‍ ഇന്ന് കാണുന്ന വികസനത്തിന് മുമ്പ് ഏഷ്യന്‍ വംശജര്‍ പ്രധാനമായും ഒരുമിച്ച് കൂടിയിരുന്നത് അല്‍ മുല്ലയുടെ അടുത്തായിരുന്നു.
നിരവധി പേരുടെ കണ്ണുനീരും ആഹ്ലാദവും കണ്ട കെട്ടിടമാണ്. പൊളിച്ച് മാറ്റുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഉടമ ആരംഭിച്ചു കഴിഞ്ഞു. വൈകുന്നേരങ്ങളിലെ സായാഹ്നം ചിലവഴിച്ചിരുന്നത് ഇവിടെയായിരുന്നു. വാരാന്ത്യഅവധി ദിവസങ്ങളായ വ്യാഴം, വെള്ളി ദിവസങ്ങളില്‍ പരസ്പരം സ്പര്‍ശിക്കാതെ ഇവിടെ നടന്ന് പോകുവാന്‍ കഴിയില്ലെന്ന് പഴമക്കാര്‍ പറയുന്നു. ഇലക്ട്ര റോഡില്‍ പ്രധാനമായും ടെലിഫോണ്‍ ബൂത്തുകള്‍ പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിന്റെ സമീപങ്ങളിലാണ്. നാട്ടിലേക്ക് വിളിച്ച് സുഖ വിവരമറിയുന്നതിന് വേണ്ടി മണിക്കൂറുകളോളം ക്യൂനിന്ന് ഫോണ്‍ വിളിക്കുമായിരുന്നു പലരും.
ബംഗ്ലാദേശ് സ്വദേശികള്‍ “ഹമാര” എന്ന് ആദ്യം പറഞ്ഞാണ് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് അല്‍ മുല്ലയെ പരിചയപ്പെടുത്തിയിരുന്നത്. ഇന്നും ബംഗ്ലാദേശികള്‍ ഇങ്ങനെതന്നെയാണ് പറയുന്നത്. ഇവിടെ താമസിച്ചിരുന്നവരിലധികവും ബംഗ്ലാദേശ് സ്വദേശികളായിരുന്നു. പലരുടെയും ജേഷ്ഠനും അനുജനും ബന്ധുമിത്രാദികളും ഇവിടെയാണ് താമസിച്ചിരുന്നത്. അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്നവര്‍ അവധി ദിവസങ്ങളില്‍ ഇവിടെ എത്തും. നാട്ടില്‍ നിന്നും നാട്ടുകാരുടെയും ബന്ധുമിത്രാദികളുടെയും കൈവശം കൊടുത്തുവിടുന്ന സാധനങ്ങള്‍ ഇവിടെനിന്നുമാണ് കൈമാറുന്നത്. അല്‍ മുല്ല അറിയാത്തവര്‍ അബുദാബിയില്‍ വിരളമായിരിക്കും. അല്‍ മുല്ലയെകുറിച്ച് പറയുമ്പോള്‍ പഴമക്കാര്‍ക്ക് ആയിരം നാവാണ്. അത്രയും പറയാനുണ്ട് പലര്‍ക്കും ഈ കെട്ടിടത്തെക്കുറിച്ച്. കാലപ്പഴക്കം ചെന്നത് കൊണ്ടാണ് കെട്ടിടം പൊളിച്ചുമാറ്റുന്നത്. ഇവിടെ താമസിച്ചിരുന്നവരെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഒഴിപ്പിച്ചിരുന്നു. കച്ചവട സ്ഥാപനങ്ങളും കാലിയാക്കി. അധികം വൈകാതെ “അല്‍ മുല്ല”യും കാലയവനികക്കുള്ളില്‍ മറിഞ്ഞ് ചരിത്രത്തിന്റെ ഭാഗമാകും. ഉടന്‍ തന്നെ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി