തട്ടിപ്പ്: നാലു സ്ഥാപനങ്ങള്‍ അടപ്പിച്ചു

Posted on: August 16, 2014 6:21 pm | Last updated: August 16, 2014 at 6:21 pm
SHARE

gulfഅജ്മാന്‍: വിവിധ തട്ടിപ്പുമായി ബന്ധപ്പെട്ട് നാലു സ്ഥാപനങ്ങള്‍ അടപ്പിച്ചതായി അജ്മാന്‍ നഗരസഭാ അധികൃതര്‍ വെളിപ്പെടുത്തി. വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായും താക്കീത് ഉള്‍പ്പെട്ട നോട്ടീസുകള്‍ നല്‍കിയതായും കണ്‍ട്രോള്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് ഡയറക്ടര്‍ സഊദ് സുല്‍ത്താന്‍ അല്‍ ഷമ്മാരി വെളിപ്പെടുത്തി. റമസാനിലും ഈദ് അവധി ദിനങ്ങളിലും വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായിരുന്നു നടപടി. രണ്ടു ഷിഫ്റ്റായി പ്രവര്‍ത്തിച്ചാണ് പരിശോധകര്‍ ജോലി പൂര്‍ത്തീകരിച്ചതെന്നും അല്‍ ഷമ്മാരി വെളിപ്പെടുത്തി.
വാണിജ്യ രംഗത്തെ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. ഷോപ്പിംഗ് കേന്ദ്രങ്ങളിലും കടകളിലും ഉള്‍പ്പെടെയായിരുന്നു പരിശോധന നടത്തിയത്. മൊത്തത്തില്‍ 465 പരിശോധനകളാണ് നടത്തിയത്. 50 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു. 167 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുക, തെറ്റായ പ്രൊമോഷന്‍ അറിയിപ്പുകള്‍ നല്‍കി ഉപഭോക്താക്കളെ വഞ്ചിക്കുക, അനുമതി വാങ്ങാതെ ഡിസ്‌കൗണ്ട് കാമ്പയിന്‍ സംഘടിപ്പിക്കുക, കച്ചവട വസ്തുക്കള്‍ തെരുവിലേക്ക് പ്രദര്‍ശിപ്പിച്ച് വില്‍പ്പന നടത്തുക, വില പ്രദര്‍ശിപ്പിക്കാതിരിക്കുക, ലൈസന്‍സില്‍ അനുവദിക്കാത്ത ഇടപാടുകള്‍ നടത്തുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
സ്ത്രീകള്‍ക്കായുള്ള ബ്യൂട്ടി സലൂണുകളും പിഴ ചുമത്തുകയും താക്കീത് നോട്ടീസ് നല്‍കുകയും ചെയ്തവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റമസാനിലും ഈദ് അവധി ദിനങ്ങളിലും വാണിജ്യസ്ഥാപനങ്ങള്‍ക്കും മാളുകള്‍ക്കും കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here