ഇടത് പാര്‍ട്ടികള്‍ ലയിക്കണമെന്ന് എം എ ബേബി

Posted on: August 16, 2014 6:14 pm | Last updated: August 17, 2014 at 12:50 am

ma-babyതൃശൂര്‍: ഇടത് പാര്‍ട്ടികള്‍ ലയിക്കണമെന്ന് സി പി എം പോളിറ്റ്ബ്യൂറോ മെമ്പര്‍ എം എ ബേബി. രണ്ടായി പിളര്‍ന്ന പാര്‍ട്ടികള്‍ ഒന്നിക്കണമെന്നത് സമൂഹത്തിന്റെ ആഗ്രഹമാണ്. പ്രായോഗിക ബുദ്ധിമുട്ടുകളുടെ പേരില്‍ ഏകീകരണം ഉപേക്ഷിക്കേണ്ടതില്ലെന്നും ബേബി പറഞ്ഞു. സി അച്ചുതമേനോന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം എ ബേബി. ഏറെക്കാലമായി സി പി ഐ ഉന്നയിക്കുകയും സി പി എം തള്ളുകയും ചെയ്യുന്ന കാര്യമാണ് ഇടത് പാര്‍ട്ടികളുടെ ലയനം.

എന്നാല്‍ വേണ്ടത് ലയനമല്ല പുനരേകീകരണമാണെന്ന് സി പി ഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ലയനം ബൂര്‍ഷ്വാ പാര്‍ട്ടികളുടെ നിലപാടാണ്. ബേബിയുടെ ആത്മാര്‍ത്ഥതയെ സ്വാഗതം ചെയ്യുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കട്ടെ എന്നും പന്ന്യന്‍ പറഞ്ഞു. ബിനോയി വിശ്വം, കെ ഇ ഇസ്മാഈല്‍ തുടങ്ങിയ സി പി ഐ നേതാക്കളും ബേബിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു. ലയനം സ്വാഗതാര്‍ഹമാണെങ്കിലും ബേബി ഇക്കാര്യം പറയേണ്ടത് പോളിറ്റ്ബ്യൂറോയിലാണെന്ന് സി പി എം നേതാവ് എം എം ലോറന്‍സ് പറഞ്ഞു.