സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രി അഞ്ച് പദ്ധതികള്‍ പ്രഖ്യാപിച്ചു

Posted on: August 15, 2014 10:49 am | Last updated: August 16, 2014 at 6:03 pm

oommen chandyതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. സ്വാതന്ത്യദിനത്തോടനുബന്ധിച്ച് അഞ്ചു പ്രധാന പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സറിനുള്ള ചികിത്സ സൗജന്യമാക്കുന്നതും കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുന്നതുമാണ് ഒരു പദ്ധതി. എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക വിഭാഗം രൂപീകരിക്കും. സംസ്ഥാന കാന്‍സര്‍ സുരക്ഷാദൗത്യം സുകൃതം എന്ന പേരില്‍ ഇതു നടപ്പാക്കുന്നതാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഇതിന് ആവശ്യമായ ഫണ്ട് സമാഹരിക്കും.
മറ്റൊരു പദ്ധതി നിലവിലുള്ള പദ്ധതികള്‍ക്കു പുറമെ പാവപ്പെട്ടവര്‍ക്ക് അടുത്ത രണ്ടുവര്‍ഷം കൊണ്ട് 25,000 വീട് നിര്‍മിച്ചു നല്കുന്നതാണ്. വന്‍കിട സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടും ഇടതു സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയും വിനിയോഗിച്ചാണ് വീടുകള്‍ നിര്‍മിക്കുന്നത്. ഒരു വീടിന് മൂന്നു ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

മൂന്നാമത്തെ പദ്ധതി സംസ്ഥാനത്തെ കോളജുകളിലും സര്‍വകലാശാലകളിലുമുള്ള കാഴ്ചവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായത്തിന് ലാപ് ടോപ്പുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകള്‍ സൗജന്യമായി നല്കുന്നതാണ്. കാഴ്ചവൈകല്യമുള്ള എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ഇന്റര്‍ ആക്ടീവ് വെബ് പോര്‍ട്ടലുകള്‍ തുടങ്ങുന്നതാണ്. സര്‍ക്കാര്‍ വെബ് പോര്‍ട്ടലുകള്‍ ഇവര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ പരിഷ്‌കരിക്കും. കാഴ്ചവൈകല്യമുള്ളവര്‍ക്കവേണ്ടിയുള്ള അസിസ്റ്റീവ് സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ പ്രോത്സാഹനം നല്കും.
നാലാമത്തെ പദ്ധതി അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ പേരെയും ഇ സാക്ഷരരാക്കുന്ന ബൃഹദ് പദ്ധതിക്ക് തുടക്കംകുറിക്കും. ഒരു ദശകംമുമ്പ് തുടക്കമിട്ട് അന്തര്‍ദേശീയ അംഗീകാരം ലഭിച്ച അക്ഷയ പദ്ധതിയിലൂടെയാണ് ഇതു നടപ്പാക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് കാര്യക്ഷമതയോടെ അതിവേഗം ലഭിക്കുന്നതിന് ഇതു വഴിയൊരുക്കും.
ഗുണമേന്മയും വിലക്കുറവുമുള്ള ഭക്ഷണം ജനങ്ങള്‍ക്കു നല്കുന്ന പരിപാടിയുടെ ഭാഗമായി ഒന്നാംഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ഉച്ചഭക്ഷണം നല്കുന്നതാണ് അഞ്ചാമത്തെ പദ്ധതി. പിന്നീടിത് മറ്റു പ്രധാനപ്പെട്ട പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കും.
പദ്ധതികളെല്ലാം ഗാന്ധി ജയന്തി ദിനത്തിന് മുമ്പ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്വാതന്ത്ര്യദിന സന്ദേശം…