Connect with us

Malappuram

മലയാള സര്‍വകലാശാല അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം 19ന്

Published

|

Last Updated

mal uniതിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല പുതുതായി പണി കഴിപ്പിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഈമാസം 19ന് വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. മലയാള സര്‍വകലാശാല ഇടക്കാല ആസ്ഥാനമായ വാക്കാട് അക്ഷരം ക്യാമ്പസിലാണ് പുതിയ അക്കാദമിക് ബ്ലോക്ക് പണി കഴിപ്പിച്ചിട്ടുള്ളത്. 

ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. സര്‍വകലാശാലയുടെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. സര്‍വകലാശാലയുടെ പുതിയ പ്രോജക്ടുകളുടെ ഉദ്ഘാടനം ഇ ടി മുഹമ്മദ് ബശീര്‍ എം പി നിര്‍വഹിക്കും. സമഗ്രമലയാള ഓണ്‍ലൈന്‍ നിഘണ്ടു, ഭാഷാഭേദ സര്‍വേ, പൈതൃകസര്‍വേ എന്നിങ്ങനെ മൂന്ന് പ്രോജക്ടുകളാണ് ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ നിഘണ്ടു സി ഡാക്ക് , ഐ ഐ ഐ ടി എം കെ, ചെന്നൈയിലെ എയു- കെ ബി സി റിസര്‍ച്ച് സെന്റര്‍ എന്നീ മൂന്ന് സ്ഥാപനങ്ങളുടെ സാങ്കേതിക സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. ഓണ്‍ലൈനില്‍ മലയാളം വാക്കുകളും അര്‍ത്ഥവും തത്തുല്യമായ ഇംഗ്ലീഷ് പദങ്ങളും മറ്റ് ഭാഷാപരമായ വിവരങ്ങളും ലഭ്യമാക്കുന്നതോടൊപ്പം ഉച്ചാരണവും കേള്‍ക്കാന്‍ സാധിക്കുമെന്നതായിരിക്കും ഈ നിഘണ്ടുവിന്റെ പ്രത്യേകത.
28 ലക്ഷം രൂപയാണ് പ്രോജക്ടിന്റെ മതിപ്പു ചെലവ്. സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര പ്രൊഫസര്‍ ഡോ. എം. ശ്രീനാഥന്‍, പ്രൊഫ. പി ഗോപിനാഥന്‍ എന്നിവരാണ് നിഘണ്ടുവിന്റെ എഡിറ്റര്‍മാര്‍. ഭാഷാഭേദസര്‍വേയും പൈതൃകസര്‍വേയും പൈലറ്റ് അടിസ്ഥാനത്തില്‍ ആദ്യം മലപ്പുറം പാലക്കാട് ജില്ലകളിലാണ് ആരംഭിക്കുന്നത്. ഓരോ പ്രോജക്ടിനും വേണ്ട പ്രോജക്ട് അസിസ്റ്റന്റുമാരെ തെരഞ്ഞെടുത്തുകഴിഞ്ഞു. നിലവിലുള്ള കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. 20923 ചതുരശ്ര അടി വിസ്തൃതിയില്‍. പതിനെട്ട് ക്ലാസ്മുറികളും അധ്യാപകര്‍ക്കക്കുള്ള മുറികളും, ഓഡിറ്റോറിയവും ഉള്‍പ്പെടുന്നതാണ് കെട്ടിടം. ഹിന്ദുസ്ഥാന്‍ പ്രീഫാബ് എന്ന പൊതുമേഖലാ സ്ഥാപനമാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. മാധ്യമപഠന വിദ്യാര്‍ത്ഥികള്‍ക്കും, മാധ്യമ സംബന്ധിയായ വിഷയങ്ങളില്‍ ഡിപ്ലോമ പഠനം നടത്തുന്നവര്‍ക്കുമായി 20 ലക്ഷം രൂപ ചെലവില്‍ മീഡിയാലാബ് പുതിയ കെട്ടിടത്തില്‍ ആരംഭിക്കും.
വീഡിയോ സ്റ്റുഡിയോ, ശബ്ദ ലേഖന സ്റ്റുഡിയോ, വീഡിയോ എഡിറ്റിംഗ് എന്നീ സൗകര്യങ്ങളാണ് ലഭ്യമാവുക. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് പുറമേ സര്‍വകലാശാലയുടെ പൊതുവായ ഡോക്യുമെന്റേഷന്‍ പരിപാടികള്‍ക്കും, വിദഗ്ദ്ധ അദ്ധ്യാപകരുടെ ക്ലാസുകളും പ്രമുഖ എഴുത്തുകാരുടെ സംഭാഷണങ്ങളും റിക്കാര്‍ഡ് ചെയ്യാനും ഈ ലാബ് പ്രയോജനപ്പെടും. ഓടു പാകിയ മേല്‍കൂരയോട് കൂടിയ കെട്ടിടത്തിന് 2.30 കോടിയാണ് ചെലവ്. പുതുതായി ആരംഭിക്കുന്ന നാല് എം എ കോഴ്‌സുകള്‍ ഉള്‍പ്പെടെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. അഭിരുചിപ്പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക്‌ലിസ്റ്റില്‍ നിന്നും നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിക്കഴിഞ്ഞു. അവശേഷിക്കുന്ന ഏതാനും സീറ്റുകളില്‍ പ്രവേശനത്തിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.

Latest