പ്ലസ് ടു: സര്‍ക്കാറിന് ഹൈക്കോടതിയുടെ അന്ത്യശാസനം

Posted on: August 14, 2014 8:42 am | Last updated: August 14, 2014 at 8:42 am

high courtകൊച്ചി: പ്ലസ് ടു കേസില്‍ രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. സംസ്ഥാനത്ത് പുതിയ പ്ലസ് ടു സ്‌കൂളുകളും അധിക ബാച്ചുകളും അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ അഡ്വക്കറ്റ് ജനറല്‍ സാവകാശം തേടിയതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. രേഖകള്‍ ബുധനാഴ്ച മാത്രമാണ് തനിക്ക് ലഭിച്ചതെന്നും അവ പഠിക്കാന്‍ സമയം വേണമെന്നും അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും രേഖകള്‍ ഹാജരാക്കാന്‍ രണ്ട് ദിവസം ലഭിച്ചിട്ടും ഇക്കാര്യത്തില്‍ സാവകാശം തേടുന്നത് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ വിലയിരുത്തി. അതേസമയം, ഫയലുകള്‍ ഹാജരാക്കാന്‍ കോടതിയുടെ രേഖാമൂലമുള്ള ഉത്തരവുണ്ടായിരുന്നില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ വാദിച്ചു. എ ജിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് പതിനായിരം രൂപ കോടതി ചെലവ് ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്ന് അഡ്വക്കറ്റ് ജനറല്‍ തന്റെ നിലപാടില്‍ നിരുപാധികം ഖേദം പ്രകടിപ്പിച്ചു. ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ സര്‍ക്കാറിന് മണിക്കൂറുകള്‍ കൊണ്ട് ഫയലുകള്‍ കോടതിയില്‍ എത്തിക്കാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
പുതിയ പ്ലസ് ടു സ്‌കൂളുകളും അധിക ബാച്ചുകളും അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ നല്‍കിയ ശിപാര്‍ശ പരിഗണിക്കാതെയാണ് മന്ത്രിസഭാ ഉപസമിതി സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കിയതെന്നും ആരോപിച്ചാണ് ഹരജി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച മാനദണ്ഡം പരിശോധിക്കുന്നതിനായാണ് ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ കോടതി തിങ്കളാഴ്ച സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്. എം ഇ എസ് അടക്കമുള്ള വിവിധ മാനേജ്‌മെന്റുകളാണ് സ്‌കൂളുകളും അധിക ബാച്ചുകളും അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്.