ഹിന്ദു രാഷ്ട്രം അകലെയാണ്

Posted on: August 14, 2014 6:00 am | Last updated: August 14, 2014 at 1:23 am

mohan bhagavathനരേന്ദ്ര മോദിയെ പ്രധാനമന്ത്രി കസേരയിലിരുത്തിയ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് നേടനായത് കേവലം 31 ശതമാനം വോട്ട്. ഇന്ത്യന്‍ ജനസംഖ്യയുടെ 80.5 ശതമാനവും ഹിന്ദുക്കളാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെയാണിത്. രാജ്യത്തെ മൊത്തം ഹിന്ദുക്കള്‍ക്കിടയില്‍ നിന്ന് വെറും 20 ശതമാനത്തിന്റെ പിന്‍ബലം നേടാന്‍ മാത്രമാണ് സര്‍വസ്വരൂപവുമെടുത്ത് ഉറഞ്ഞാടിയിട്ടും ബി ജെ പി ക്കായത്. 80 ശതമാനം വരുന്ന മഹാഭൂരിപക്ഷം ഹിന്ദുക്കളും ഹിന്ദു ആശയത്തിനെതിരല്ല എെന്നല്ലാവര്‍ക്കുമറിയാം. സംഘപരിവാറിനോട് മാത്രമാണവരുടെ വിയോജിപ്പ്. മിത്തില്‍ നിന്ന് പുറത്ത് കടന്ന് മനനം ചെയ്താല്‍ മേല്‍പ്പറഞ്ഞ ചില്ലറ കപട കാഷായമണിഞ്ഞവര്‍ മൊഴിയുന്ന ഹിന്ദു രാഷ്ട്രത്തിലേക്ക് കുറച്ചധികം ദൂരമുണ്ടാകും.
രാജ്യം ഭരിക്കുന്ന ബി ജെ പിയടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ പതിറ്റാണ്ടുകളായി കപടഹിന്ദുത്വവത്കരിക്കാനുള്ള തത്രപ്പാടിലാണ്. അതിനായി ഇടതടവില്ലാതെ അങ്ങിങ്ങായി അവര്‍ നടത്തിയ ദൂഷ്‌ചെയ്തികളും വാക്ശരങ്ങളും പരസ്പരം സ്‌നേഹൈശ്വര്യത്തോടെ കഴിഞ്ഞ് കൂടിയിരുന്ന ജനതകള്‍ക്കിടയില്‍ സ്പര്‍ധയും ധ്രൂവീകരണവുമുണ്ടാക്കി. ലെജിസ്ലേച്ചറും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും മാധ്യമങ്ങളും സമയാസമയങ്ങളില്‍ തങ്ങളുടെ അജന്‍ഡ നടപ്പാക്കാന്‍ ഉപയോഗിക്കത്തക്ക വണ്ണം പാകപ്പെടുത്തി വെക്കേണ്ടിയിരുന്നു അവര്‍ക്ക്. ജനാധിപത്യത്തിന്റെയും നീതിയുടെയും അവസാന പ്രതീക്ഷയായ ജുഡീഷ്യറിയെ പോലും അവര്‍ക്ക് കീഴ്‌പെടുത്താന്‍ കഴിഞ്ഞത് ഭീതിജനകമാണ്. ഗോവ നിയമസഭയില്‍ ചര്‍ച്ചക്കിടെ മന്ത്രി ദീപക്ക് ധവാലിക്കര്‍ നരേന്ദ്ര മേഡി നയിക്കുന്ന ഹിന്ദു രാഷ്ട്രത്തെ കുറിച്ച് വാ തോരാതെ സംസാരിച്ചുവത്രെ. സംസാരം വിവാദമായപ്പോള്‍ ഗോവ ഉപമുഖ്യമന്ത്രി പ്രാന്‍സീസ് ഡീസൂസ ഇതിേനോട് ഫ്രതികരിച്ചത് അതിലേറെ വിചിത്രവും അപകടവും നിറഞ്ഞ രീതിയിലായിരുന്നു: ‘ഇന്ത്യ ഇപ്പോള്‍ തന്നെ ഒരു പൂര്‍ണ ഹിന്ദു രാഷ്ട്രമാണ്’
കോടതിയില്‍ ജഡ്ജിയാകേണ്ട പാനലില്‍ നിന്ന് ഗോപാല്‍ സുബ്രമണ്യത്തെ മാറ്റി നിര്‍ത്തിയത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തിക്കൊണ്ടാണ്. വെട്ടി മാറ്റി പകരം മറ്റൊരാളെ അവരോധിച്ചതിലുമുണ്ടൊരു സംഘ് സ്റ്റൈല്‍. അമിത് ഷായുടെ സ്വന്തം അഭിഭാഷകന്‍ യു യു ലളിതിനെ ജഡ്ജിയാക്കുന്നതിനുള്ള യോഗ്യത വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലും വിവാദമായ ക്രിമിനല്‍ കേസുകളിലും അമിത് ഷാക്ക് വേണ്ടി വാദിച്ചതാണത്രെ. അതേ സമയം ഗോപാല്‍ സുബ്രമണ്യത്തോടുള്ള നിലപാടിലൊരു ‘നിലക്കുനിര്‍ത്തല്‍ രാഷ്ട്രീയ’മുണ്ട്. അമിത് ഷായ്‌ക്കെതിരെ സി ബി ഐ കണ്ടെത്തിലിന്റെ ഭാഗമായി റിപോര്‍ട്ട് നല്‍കിയിരുന്നു ഗോപാല്‍ സുബ്രമണ്യം.
ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷനാകുക എന്നത് ചില്ലറ കാര്യമല്ല. ഭരിക്കുന്നവനെ ഭരിക്കാനുള്ള താക്കോല്‍ സ്ഥാനമാണ് പദവി. ജന്മം കൊണ്ട് ജൈനനായ അമിത് ഷാക്കുള്ള നരേന്ദ്ര മോദിയുടെ ഉപകാരസ്മരണയാണത്. അതിവര്‍ഗീയത വില്‍പ്പന നടത്തി അമിത് ഷാ വെട്ടിത്തെളിച്ച പാതയിലൂടെ അതിവേഗം മുന്നേറിയാണ് മോദി ഇന്നിരിക്കുന്നേടത്തെത്തിയത്. ഗുജറാത്തിന്റെ ചെറു ഗ്രാമങ്ങളില്‍ കൃത്രിമ വര്‍ഗീയ കലാപങ്ങളും വ്യാജ ഏറ്റുമുട്ടലുകളും സൃഷ്ടിച്ചു തങ്ങളുടെ വരുതിയിലാക്കിയവര്‍ ഡല്‍ഹിയിലേക്കുള്ള പ്രയാണം നടത്തിയത് യു പിയിലെ മുസാഫര്‍ നഗറിലുടെയായിരുന്നു. അവിടെയും വര്‍ഗീയ വിഷം ചീറ്റുന്ന നാഗത്താന്റെ വേഷമണിഞ്ഞത് അമിത് ഷാ തന്നെ.
ബി ജെ പി നേടിയ അധികാര ലബ്ധി കാലങ്ങളായി സംഘ്പരിവാര്‍ നടത്തി വരുന്ന ഹിന്ദു രാഷ്ട്രവത്കരണത്തിന് കുറുക്കുവഴികള്‍ സൃഷ്ടിക്കുമെന്നത് നിസ്സാരമല്ല. ബ്യൂറോക്രസിയുടെ താഴെത്തട്ട് മുതല്‍ മേല്‍ തട്ട് വരെ തങ്ങളുടെ വിചാരവും വികാരവുമുള്ളവരെ അവരോധിക്കാന്‍ സംഘ്പരിവാര്‍ ആശയക്കാര്‍ക്ക് ആയാസരഹിതമാണെന്നത് നമ്മുടെ മതേതര ആശയത്തിന്റെ നിലനില്‍പ്പ് അസാധ്യമാക്കുന്നതാണ്. കോണ്‍ഗ്രസേതര സര്‍ക്കാര്‍ അധികാരത്തിലിരുന്ന 1977ല്‍ ഭരണപക്ഷത്തുണ്ടായിരുന്ന ജനസംഘിന്റെയും ആര്‍ എസ് എസിന്റെയും ഒത്താശയോടെ കേന്ദ്ര സര്‍വീസിലെ ഉന്നത ശ്രേണിയിലേക്ക് നുഴഞ്ഞുകയറിയവരും അവരുടെ പിന്‍മുറക്കാരും ഹിന്ദുരാഷ്ട്രവത്കരണിത്തിനായ് സ്വധീനം ചെലുത്തുന്ന ദുഃശക്തികളായി പണ്ട് മുതലേ ഇന്ദ്രപ്രസ്ഥത്തിലെ ഇടനാഴികളില്‍ കറങ്ങി നടന്നിരുന്നുവെങ്കിലും ഇപ്പോഴാണ് അവരുടെ വേതാളാശയങ്ങള്‍ അഭിമാനത്തോടെ പുറത്തെടുക്കാനുള്ള നേരം പുലര്‍ന്നത്.
ട്രായ് നിയമം ഭേദഗതി വരുത്തിയാണ് നൃപേന്ദ്ര മിശ്രയെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയത്. എന്തിനാണ് ഒരാള്‍ക്കു വേണ്ടി ഇങ്ങനെയൊരു നിയമഭേദഗതി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പാര്‍ലിമെന്റില്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. സംഘ്പരിവാര്‍ ബന്ധമാണ് കാരണമെന്ന് സര്‍ക്കാര്‍ പറയാതെ തന്നെ മാലോകര്‍ക്കറിയാം. രാമായണവും മഹാഭാരതവും മിത്തല്ല, ഇതിഹാസ ചരിത്രമാണെന്നും അത് വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും പഠിക്കേണ്ടതാണെന്നും അഭിപ്രായം പറഞ്ഞ സുദര്‍ശന്‍ റാവുവിനെ ഐ സി എച്ച് ആറിന്റെ ചെയര്‍മാനാക്കിയതിലൂടെ മോദിയും സംഘ്പരിവാറും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വളരെ വ്യക്തമാണ്. ഇന്ത്യയുടെ ചരിത്രത്തെ വികലമാക്കി തിരുത്തി എഴുതാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിത്.
സ്മൃതി ഇറാനിയുടെ നേതൃത്വത്തിലുള്ള മാനവവിഭവശേഷി വകുപ്പ് വിദ്യാര്‍ഥികളെ കാവി ചരിത്രം പഠിപ്പിക്കാനുള്ള പുസ്തകങ്ങളുമായി പള്ളിക്കൂടത്തിന്റെ പടികയറി ക്ലാസിലെത്തിയിട്ടുണ്ട്. എന്‍ സി ഇ ആര്‍ ടിയെ ഉടച്ച് വാര്‍ത്ത് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. സംഘപരിവാറിന്റെ സന്തതസഹചാരിയും ആര്‍ എസ് എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ ദേശീയ നിര്‍വഹക സമിതിയംഗവുമായ ദീനനാഥ് ബത്രയുടെ നേതൃത്വത്തിലാണ് ഈ അഴിച്ചുപണി. ഗുജറാത്തിലെ വിദ്യാലയങ്ങളില്‍ ബത്രയുടെ പുസ്തകം പഠിപ്പിക്കല്‍ ഇതിനകം നിര്‍ബന്ധമാക്കിക്കഴിഞ്ഞു. വിദ്യാഭ്യാസത്തിന്റെ ‘ഭാരത വത്കരണം’ ശാസ്ത്ര സത്യങ്ങളെപ്പോലും വളച്ചൊടിച്ച് മിത്തോളജിയെ ചരിത്ര വത്കരിക്കുകയാണ്. കാറും ടി വിയും കണ്ടുപിടിച്ചത് സന്യാസിമാരാണെന്നും വിമാനം മഹാഭാരത സൃഷ്ടിയാണെന്നും ഇനി കുട്ടികള്‍ പഠിക്കും. കണ്ടുപിടിത്തങ്ങളുടെ അടിസ്ഥാനം മഹാഭാരതവുമാണേത്ര. ഇങ്ങനെ പോകുന്നു പുതിയ കാവി ചരിത്രം. ഐ എച്ച് ആര്‍ ഡി പുതിയ സര്‍ക്കുലറും പുറത്തിറക്കാന്‍ പോകുകയാണ്. വിദ്യാര്‍ഥികളുടെ സ്വഭാവരൂപവത്കരണത്തിന് ഇനി ഹാപ്പി ബര്‍ത്ത് ഡേ ഡയലോഗും കേക്ക് മുറിക്കലും വേണ്ട; പകരം പരമ്പരാഗത വസ്ത്രമണിഞ്ഞ് ഹോമം നടത്തുക. ഗോക്കളെ തീറ്റുക, ജയ് കാളി, ജയ് ഭാരത് വിളിക്കുക, ഇംഗ്ലീഷ് പഠിക്കേണ്ടതില്ല; പകരം സംസ്‌കൃതം അഭ്യസിക്കുക. വിദ്യാലയങ്ങളില്‍ സരസ്വതീ ദേവിയെ പൂജിക്കുക, വന്ദേമാതരം പാടുക, കാവിസ്വഭാവ രൂപവത്കരണം ഇതിലൂടെ നീണാള്‍ വാഴും.
ഹിന്ദു രാഷ്ട്രവത്കരണത്തിന്റെ വക്താക്കള്‍ രാജ്യം മുഴുവന്‍ തങ്ങളുടെ കാല്‍ക്കീഴിലായി എന്ന് കരുതി മേലും കീഴും നോക്കാതെ പെരുമ്പറയിട്ട് നടക്കുകയാണ്. നോമ്പ് നോറ്റയാളുടെ വായയിലേക്ക് ചപ്പാത്തി തിരുകി കയറ്റാനുള്ള അധികാരമാണ് ഭരണത്തിലൂടെ കൈവന്നതെന്ന് കണക്കാക്കുന്ന ശിവസൈനികരെ പൂജിക്കാതെ ന്യൂനപക്ഷത്തിന് മുന്നോട്ട് പോകാനാകില്ലെന്നാണ് അശോക് സിംഗാളിന്റെ പുതിയ ഉദ്‌ബോധനം. തൊഗാഡിയയുടെ മുന്നറിയിപ്പും വന്നു; ഗുജറാത്ത് മറന്നാലും മസാഫര്‍ നഗര്‍ മറക്കാതിരിക്കലാണ് നല്ലത്. ഇസ്‌ലാമിന്റെയോ മുസ്‌ലിമിന്റെയോ ബ്രാന്‍ഡ് അംബാസിഡറല്ലാതിരുന്നിട്ടും സാനിയ മിര്‍സക്ക് തെലുങ്കാനയുടെ അംബാസഡറകാന്‍ യോഗ്യതയില്ലാതാകുന്നത് പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ കല്യാണം കഴിച്ചതു കൊണ്ട് മാത്രമല്ല; ഇന്ത്യക്കാരയ ഇംറാന്‍ മിര്‍സയുടെയും നജ്മയുടെയും മകളായതു കൊണ്ട് കൂടിയാണ്. ഡല്‍ഹിയിലെ ഭരണ ഗോപുരങ്ങള്‍ക്കിടയിലെ ഉദ്യോഗസ്ഥ പ്രഭുക്കള്‍ക്കിടയില്‍ പ്രചുലപ്രചാരം നേടിയ ആശയമാണ് ഏക സിവില്‍ കോഡ്. അഥവ ഹിന്ദു കോഡ്. ഹിന്ദു രാഷ്ട്രവത്കരണത്തിന്റെ ആദ്യ ചെക്ക്‌പോസ്റ്റ,് അവിടുത്തേക്കുള്ള പേപ്പറുകള്‍ എഴുതിത്തയ്യാറാക്കുന്ന പണിയിലാണ് മോദിയും കൂട്ടരുമിന്ന്.