സ്വയംഭരണ കോളജുകളില്‍ മികച്ചവയെ സര്‍വകലാശാലകളാക്കി ഉയര്‍ത്താന്‍ പദ്ധതി

Posted on: August 14, 2014 1:13 am | Last updated: August 14, 2014 at 1:13 am

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വയംഭരണ കോളജുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവയെ കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ പദ്ധതി (റുസ) യില്‍ സര്‍വകലാശാലകളാക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിച്ച സംസ്ഥാനത്തിന്റെ റുസ പദ്ധതി ശിപാര്‍ശയിലാണ് സ്വയംഭരണ കോളജുകളില്‍ മികച്ചവയെ ഭാവിയില്‍ സര്‍വകലാശാലകളാക്കാന്‍ ലക്ഷ്യമിടുന്നത്. 2016- 17 വര്‍ഷത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന രൂപത്തിലാണ് സ്വയം ഭരണ കോളജുകളുടെ കാര്യം പദ്ധതി ശിപാര്‍ശയില്‍ ഉള്‍പ്പെടുത്തിയതെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍, മെമ്പര്‍ സെക്രട്ടറി ഡോ. പി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിനായി 55 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ എയ്ഡഡ് കോളജുകളെ കൂടി റുസ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഈ വര്‍ഷം പദ്ധതി സമര്‍പ്പണ നടപടികള്‍ വൈകിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ കോളജുകളില്‍ നിന്ന് മാത്രമാണ് പദ്ധതി ശിപാര്‍ശകള്‍ സ്വീകരിച്ചത്. എയ്ഡഡ് കോളജുകളില്‍ വരും വര്‍ഷങ്ങളില്‍ അടിസ്ഥാന സൗകര്യത്തിന് രണ്ട് കോടി രൂപ വീതം സംസ്ഥാനത്തിന്റെ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പദ്ധതി ശിപാര്‍ശ കഴിഞ്ഞ ഏഴിന് ഡല്‍ഹിയില്‍ റുസ മിഷന്‍ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. സംസ്ഥാനത്ത് നിലവിലുള്ള ക്ലസ്റ്റര്‍ കോളജുകളെ സര്‍വകലാശാലകളാക്കി പരിവര്‍ത്തിപ്പിക്കാനുള്ള നിര്‍ദേശവും പദ്ധതിയിലുണ്ട്. ഇതിനായും 55 കോടി രൂപയാണ് ആവശ്യപ്പെട്ടത്. റുസ ഫണ്ട് അനുവദിക്കുന്ന 18 ഘടകങ്ങളില്‍ 16 ഇനത്തിലും സംസ്ഥാനം തുക ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ഡിഗ്രി കോളജുകള്‍ മോഡല്‍ ഡിഗ്രി കോളജുകളായി ഉയര്‍ത്തുന്നതിന് 24 കോടി, സര്‍വകലാശാലകളുടെ അടിസഥാന സൗകര്യ വികസനത്തിന് 120 കോടി, പുതിയ മോഡല്‍ ഡിഗ്രി കോളജുകള്‍ക്ക് 48 കോടി, പുതിയ പ്രൊഫഷനല്‍ കോളജുകള്‍ക്ക് 52 കോടി, കോളജുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 506 കോടി, ഗവേഷണ സര്‍വകലാശാലക്കും ഗുണനിലവാരം ഉയര്‍ത്താനുമായി 120 കോടി, അധ്യാപക നിയമനത്തിന് 76.56 കോടി, അധ്യാപക പരിശീലനത്തിന് പത്ത് കോടി, ഫാക്കല്‍റ്റി ട്രെയിനിംഗ് അക്കാദമിക്ക് 15 കോടി, കേരള സ്റ്റേറ്റ് അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ സ്ഥാപിക്കാന്‍ 20 കോടി, പോളിടെക്‌നിക്കുകള്‍ക്കായി 145.79 കോടി തുടങ്ങിയവയാണ് കേരളം 12 ാം പദ്ധതി കാലത്തേക്ക് സമര്‍പ്പിച്ച ശിപാര്‍ശകളില്‍ പ്രധാനം. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗം ഡോ. ആര്‍ ജയപ്രകാശ്, സംസ്ഥാന റുസ മിഷന്‍ കോ- ഓഡിനേറ്റര്‍ ഡോ. പി കെ വേലായുധന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ റിസര്‍ച്ച് ഓഫീസര്‍ ക്രിസ്റ്റി ക്ലമന്റ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.