Connect with us

International

ഗാസയില്‍ മിസൈല്‍ ആക്രമണം; പത്രപ്രവര്‍ത്തകരടക്കം ആറ് മരണം

Published

|

Last Updated

ഗാസാ സിറ്റി: ഗാസയില്‍ പ്രഖ്യാപിച്ച 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ മണിക്കൂര്‍ ശേഷിക്കെ, ഇസ്‌റാഈല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പത്രപ്രവര്‍ത്തകര്‍ അടക്കം ആറ് പേര്‍ മരിച്ചു. വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയയിലാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടന്നത്. ബോംബ് നിര്‍വീര്യമാക്കുന്ന സംഘത്തിന് നേരെയാണ് ഇസ്‌റാഈല്‍ സേന മിസൈല്‍ തൊടുത്തു വിട്ടത്. ഇറ്റലിയില്‍ നിന്നും ഫലസ്തീനില്‍ നിന്നുമുള്ള പത്രപ്രവര്‍ത്തകര്‍ക്ക് പുറമേ ബോംബ് നിര്‍വീര്യമാക്കുന്ന സംഘത്തിലെ നാല് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
അസോസിയേറ്റ് പ്രസ് അടക്കം നിരവധി അന്താരാഷ്ട്ര ഏജന്‍സികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്‍ സിമോണ്‍ കാമില്ലിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇത്തവണത്തെ ആക്രമണപരമ്പരയില്‍ കൊല്ലപ്പെടുന്ന ആദ്യ വിദേശ പത്രപ്രവര്‍ത്തകനാണ് സിമോണ്‍ കാമില്ലി.
അതേസമയം, ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗാസ മുനമ്പില്‍ മരിച്ചവരുടെ എണ്ണം 1951 ആയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ 469 കുട്ടികളും 243 സ്ത്രീകളും 88 വയോധികരും ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അശ്‌റഫ് അല്‍ ഖദ്‌റ പറഞ്ഞു. 10,193 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.
ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് എന്ന പേരില്‍ കഴിഞ്ഞ മാസം എട്ടാം തീയതി മുതലാണ് ഇസ്‌റാഈല്‍ സൈന്യം ആക്രമണം ആരംഭിച്ചത്. ആദ്യം വ്യോമാക്രമണവും നാവികാക്രമണവും നടത്തിയ ഇസ്‌റാഈല്‍ ദിവസങ്ങള്‍ക്കകം ഗാസയില്‍ കടന്ന് കരയാക്രമണവും നടത്തുകയായിരുന്നു. 67 ഇസ്‌റാഈലികളുമാണ് കൊല്ലപ്പെട്ടത്. ഇവരില്‍ അധികവും സൈനികരാണ്. യു എന്‍ അഭയാര്‍ഥി ക്യാമ്പുകളും സ്‌കൂളുകളും താമസസ്ഥലങ്ങളും ഇസ്‌റാഈല്‍ ആക്രമിച്ചിരുന്നു. ഇസ്‌റാഈല്‍ നടത്തിയ മനുഷ്യാവകാശലംഘനവും യുദ്ധക്കുറ്റവും അന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.