Connect with us

Gulf

'സൈനിക സേവനം പവിത്രം'

Published

|

Last Updated

അബുദാബി: സൈനിക സേവനം പവിത്രമായ കര്‍ത്തവ്യമാണെന്നു ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ (എഫ്ഡിഎഫ്) അധ്യക്ഷയും ജനറല്‍ വിമന്‍സ് യൂണിയന്‍ മേലധികാരിയുമായ ശൈഖ ഫാത്തിമ ബിന്‍ത് മുബാറക്. നാഷനല്‍ ആന്‍ഡ് റിസര്‍വ് സര്‍വീസ് അതോറിറ്റി സംഘടിപ്പിച്ച “നാഷനല്‍ സര്‍വീസ് എ ഹോളി ഡ്യൂട്ടി എന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു ശൈഖ ഫാത്തിമ. സൈന്യത്തില്‍ ചേരാന്‍ സ്വദേശി വനിതകള്‍ പ്രദര്‍ശിപ്പിച്ച ആവേശത്തെ അവര്‍ പ്രകീര്‍ത്തിച്ചു.
രാജ്യത്തിന്റെ പരമാധികാരവും നേട്ടങ്ങളും സംരക്ഷിക്കാനും രാജ്യത്തിനു വേണ്ടി ത്യാഗം അനുഷ്ഠിക്കാനും സ്വദേശി വനിതകള്‍ താല്‍പര്യം കാട്ടി. രാജ്യത്തോടുള്ള സ്‌നേഹത്തിന്റെയും വിശ്വസ്തതയുടെയും അടയാളമായിരുന്നു സൈനിക സേവനത്തിനായി റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളില്‍ ചേരാന്‍ സ്ത്രീകള്‍ തടിച്ചുകൂടിയത്. ഇക്കാര്യത്തില്‍ താന്‍ അവരെ അഭിവാദ്യം ചെയ്യുന്നതായി ശൈഖ ഫാത്തിമ പറഞ്ഞു.
വെല്ലുവിളികളെ നേരിടാനും നിസ്വാര്‍ഥത ശീലിക്കാനും നേതൃപാടവവും വ്യക്തിഗതമായ കഴിവുകളും വികസിപ്പിക്കാന്‍ സഹായിക്കുന്നതാണു സൈനിക സേവനം. വിശുദ്ധമായ കര്‍ത്തവ്യം മാത്രമല്ല, ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള ശേഷിയും സൈനിക സേവനം പ്രദാനം ചെയ്യുന്നെന്നും അവര്‍ പറഞ്ഞു. നാഷനല്‍ ആന്‍ഡ് റിസര്‍വ് സര്‍വീസ് ചെയര്‍മാന്‍ സ്റ്റാഫ് മേജര്‍ ജനറല്‍ പൈലറ്റ് ശൈഖ് അഹമ്മദ് ബിന്‍ തഹ്‌നൂന്‍ അല്‍ നഹ്‌യാന്‍, ഉന്നത സൈനിക ഉദ്യോഗസ്ഥകള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Latest