ഇടപാടുകാരെ പറ്റിച്ച് ചിട്ടിക്കമ്പനി അടച്ചുപൂട്ടി

Posted on: August 13, 2014 10:13 am | Last updated: August 13, 2014 at 10:13 am

tsy anglo chits closed (1)താമരശ്ശേരി: ആംഗ്ലോ ചിറ്റ്‌സ് എന്ന പേരില്‍ താമരശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ചിട്ടിക്കമ്പനി അടച്ചുപൂട്ടി. നൂറുകണക്കിനാളുകളില്‍നിന്നും സമാഹരിച്ച ഒരു കോടിയോളം രൂപയുമായാണ് ചിട്ടി നടത്തിപ്പുകാര്‍ മുങ്ങിയത്. താമരശ്ശേരി, പുതുപ്പാടി, കോടഞ്ചേരി, ഉണ്ണികുളം, കിഴക്കോത്ത്, കൊടുവള്ളി പഞ്ചായത്തുകളില്‍നിന്നുള്ളവരാണ് ആംഗ്ലോയുടെ തട്ടിപ്പിനിരയായത്.
കുറി വിളിച്ചെടുക്കുന്നവര്‍ക്ക് പണം നല്‍കാതെ കബളിപ്പിക്കലും ഇടപാടുകാരുടെ ബഹളത്തെതുടര്‍ന്ന് പോലീസ് ഇടപെടലും താമരശ്ശേരി ബ്രാഞ്ചില്‍ പതിവായിരുന്നു. ചിട്ടിക്കമ്പനി അടച്ചുപൂട്ടാന്‍ സാധ്യതയുള്ളതായി കാണിച്ച് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 30നാണ് താമരശ്ശേരിയിലെ ബ്രാഞ്ച് അടച്ചുപൂട്ടിയത്.
വയനാട് പനമരം ചെറുക്കാട്ടൂര്‍ പാറത്തോട്ടായില്‍ ബിജു ജോസഫ് മാനേജിംഗ് ഡയറക്ടറും ഭാര്യ ഷിംന ഡയറക്ടറുമായ കമ്പനിക്ക് കോഴിക്കോട്, വയനാട് ജില്ലകളില്‍ ബ്രാഞ്ചുകളുണ്ട്. ഇതില്‍ സുല്‍ത്താന്‍ ബത്തേരിയിലെ ഹെഡ് ഓഫീസും കുറ്റിയാടി, ബാലുശ്ശേരി ബ്രാഞ്ചുകളും അടച്ചുപൂട്ടിയതായി തട്ടിപ്പിനരയായവര്‍ക്ക് അന്വേഷണത്തില്‍ മനസ്സിലായി.
പണമടച്ച പലര്‍ക്കും ബിജു ജോസഫിന്റെ പേരിലുള്ള സൗത്ത് ഇന്ത്യന്‍ ബേങ്കിന്റെ ചെക്ക് നല്‍കിയിരുന്നുവെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തിനാല്‍ മടങ്ങി. ഓഫീസിലെത്തി അന്വേഷിച്ചവരെ ഭീഷണിപ്പെടുത്തുകയും കാത്തിരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ഇരകള്‍ പറയുന്നു.
തട്ടിപ്പിനിരയായവര്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കുകയും ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
പരാതി നല്‍കിയ 37 പേര്‍ക്കായി അര കോടിയോളമാണ് നഷ്ടപ്പെട്ടത്. പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.