അതിര്‍ത്തി സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വികസനം: പ്രധാനമന്ത്രി

Posted on: August 13, 2014 6:00 am | Last updated: August 13, 2014 at 12:32 am

NARENDRA MODIകാര്‍ഗില്‍: ജമ്മു കാശ്മീര്‍ അടക്കമുള്ള അതിര്‍ത്തി സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന പരിഹാരം വികസനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1999ല്‍ താന്‍ ഇവിടെ വന്നപ്പോള്‍ വെടിയൊച്ചകള്‍ മാത്രമാണ് കേട്ടിരുന്നത്. ഇപ്പോള്‍ കൈയടി ശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ. രാജ്യത്തിന്റെ മറ്റിടങ്ങളിലുള്ളവര്‍ക്ക് വിശ്വസിക്കാനാകാത്ത മാറ്റമാണ് കാര്‍ഗിലില്‍ ഉണ്ടായിരിക്കുന്നതെന്നും മോദി പറഞ്ഞു. കാര്‍ഗിലിലെ ബിമാതാംഗ് ഗ്രൗണ്ടില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലെ കച്ചില്‍ താന്‍ പോയപ്പോള്‍ ഒരാള്‍ ചോദിച്ചു: താങ്കള്‍ എന്തുകൊണ്ടാണ് അതിര്‍ത്തി രക്ഷയെക്കുറിച്ച് സംസാരിക്കുന്നത്? അവിടുത്തെ വികസനത്തെക്കുറിച്ച് സംസാരിക്കാത്തതെന്ത്?’ ആ വാക്കുകള്‍ പ്രധാനമന്ത്രിയായ ശേഷവും കാതില്‍ മുഴങ്ങുന്നുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജമ്മു കാശ്മീരിലെയും പ്രശ്‌നങ്ങള്‍ക്ക് താന്‍ നിര്‍ദേശിക്കുന്ന പരിഹാരം വികസനം മാത്രമാണ്- മോദി പറഞ്ഞു.
പാക് അധീന കാശ്മീരില്‍ നിന്ന് പിഴുതെറിയപ്പെട്ടവരുടെയും ആഭ്യന്തരമായി പിഴുതെറിയപ്പെട്ട കാശ്മീരി പണ്ഡിറ്റുകളുടെയും അന്തസ്സ് കാത്ത് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കും. ജമ്മു കാശ്മീരിലെ റോഡ് വികസനത്തിന് ഉടന്‍ 8,000 കോടി രൂപ കൂടി അനുവദിക്കും. കാര്‍ഗിലിനെ ഏത് കാലാവസ്ഥയിലും പുറം ലോകവുമായി ബന്ധിപ്പിക്കുന്ന സോജിലാ തുരങ്ക പദ്ധതിക്ക് കൂടുതല്‍ തുക വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
44 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള ചാതുക് ജലവൈദ്യുതി പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തു. സുരു നദിക്ക് കുറുകേയാണ് ഇതിന്റെ ഭാഗമായി അണക്കെട്ട് വരിക. 45 മേഗാവാട്ട് ശേഷിയുള്ള മറ്റൊരു പദ്ധതി ലേയിലും അദ്ദേഹം ഉദ്ഘാടനം ചെയ്തു.