സി പി ഐയിലെ പ്രതിസന്ധി

Posted on: August 13, 2014 6:00 am | Last updated: August 13, 2014 at 12:25 am

SIRAJ.......തിരുവനന്തപുരത്തെ ലോക്‌സഭാ സ്ഥാനാര്‍ഥി പ്രശ്‌നത്തെച്ചൊല്ലി സി പി ഐയില്‍ ഉടലെടുത്ത പ്രശ്‌നം കൊടുങ്കാറ്റായി പരിണമിച്ചിരിക്കയാണ്. തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ദയനീയ പരാജയത്തെക്കുറിച്ചുള്ള അന്വേഷണ റിപോര്‍ട്ടില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തിയതെങ്കിലും, ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചവരെ തഴഞ്ഞു ബെന്നറ്റ് എബ്‌റഹാമിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ സംസ്ഥാന സെക്രട്ടറിയടക്കമുള്ള ഉന്നതര്‍ക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. വെള്ളിയാഴ്ച നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ചില അംഗങ്ങള്‍ ഇത് തുറന്നു പറയുകയും സംസ്ഥാന സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെടുക പോലുമുണ്ടായി. മുഖം രക്ഷിക്കാനായി ദേശീയ നിര്‍വാഹക സമിതിയംഗം സി ദിവാകരന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം അഡ്വ. പി രാമചന്ദ്രന്‍ നായര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി എന്നിവര്‍ക്കെതരെ സ്വീകരിച്ച അച്ചടക്ക നടപടി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തു.
പാര്‍ട്ടിയിലെ വിഭാഗീയതയാണ് പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ചില നേതാക്കളുടെ പ്രസ്താവനയിലും അത് തെളിഞ്ഞു കാണുന്നുണ്ട്. അച്ചടക്കത്തിന് വിധേയമായവര്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ വിശിഷ്യാ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പാര്‍ട്ടി നടപടിയെ പരസ്യമായി ചോദ്യം ചെയ്യുന്ന പ്രവണത സി പി ഐയിലെന്നല്ല ഇടതു പക്ഷ പ്രസ്ഥാനങ്ങളില്‍ തന്നെ പതിവില്ലാത്തതാണ്.
പേമെന്റ് സീറ്റ് വിവാദങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതുമയില്ല. വലതുപക്ഷ കക്ഷികളില്‍ ഇത് മുമ്പേ നടപ്പുണ്ട്. നിലവിലുള്ള പാര്‍ലിമെന്റില്‍ അഞ്ചിലൊന്ന് അംഗങ്ങള്‍ ‘ശതകോടീ ശ്വരന്മാരാ’ണ്. . കഴിഞ്ഞ പാര്‍ലിമെന്റിലെ 206 കോണ്‍ഗ്രസ് എം പിമാരില്‍ 138 പേര്‍ കോടീശ്വരന്മാരായിരുന്നു. ബി ജെ പി അംഗങ്ങളിലുമുണ്ട് നിരവധി അതിസമ്പന്നര്‍. പാര്‍ട്ടിക്ക് ചെയ്ത സേവനത്തെ മുന്‍നിര്‍ത്തിയോ ജനപിന്തുണയുടെ അടിസ്ഥാനത്തിലോ അല്ല ഇവരില്‍ പലര്‍ക്കും സീറ്റ് നേടാനായത്. സാമ്പത്തിക സ്വാധീനത്തിന്മേലാണ്. മന്ത്രി സ്ഥാനത്തിനു വേണ്ടിയും വില പേശല്‍ നടക്കാറുണ്ട്. അംബാനിക്കും കോര്‍പറേറ്റ് ഭീമന്മാര്‍ക്കും വേണ്ടപ്പെട്ടവരെ കേന്ദ്രമന്ത്രിമാരാക്കുന്നതിന്റെ ഉള്ള റ രഹസ്യങ്ങള്‍ നീരാ റാഡിയ ടേപ്പ് പുറ ത്തുകൊണ്ടുവന്നതാണ്.എന്നാല്‍ രാഷ്ട്രീയ രംഗത്തെ ഇത്തരം ദുഷ്പ്രവണതകളില്‍ നിന്ന് ഇടതുപക്ഷം മോചിതമാണെന്നായിരുന്നു പൊതുധാരണ. തിരുവനന്തപുരം സീറ്റ് ബെന്നറ്റ് എബ്‌റഹാം പണം കൊടുത്തു നേടിയതാണെന്ന വെളിപ്പെടലോടെ ആ ധാരണ തിരുത്തേണ്ടി വന്നിരിക്കയാണ്.
സി പി ഐ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗീകരിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ പന്ന്യന്‍ രവീന്ദ്രന്‍, സി ദിവാകരന്‍, പി രാമചന്ദ്രന്‍ നായര്‍ എന്നിവരുടെ പേരുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബെന്നറ്റ് എബ്‌റഹാമിന്റെ പേരും ചര്‍ച്ചക്കിടെ ഉയര്‍ന്നു വന്നെങ്കിലും ബഹുഭൂരിപക്ഷവും അതിനോട് വിയോജിപ്പാണ് പ്രകടിപ്പിച്ചത്. എന്നിട്ടും കൗണ്‍സിലിന്റെ പട്ടിക ചവറ്റുകൊട്ടയിലെറിഞ്ഞു കൗണ്‍സില്‍ നിരാകരിച്ചയാള്‍ സ്ഥാനാര്‍ഥിയായി വന്നുവെന്നത് സി പി ഐയെ പോലുള്ള ഒരു കക്ഷിയില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ലളിത ജീവിതത്തിന്റെ ഉടമകളും ആദശ രാഷ്ട്രീയത്തിന്റെ വക്താക്കളുമായിരുന്നു മുന്‍കാലങ്ങളില്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തെ നയിച്ച എം എന്‍ ഗോവിന്ദന്‍നായര്‍, ടി വി തോമസ്,സി അച്യുതമേനോന്‍, പി കെ വാസു ദേവന്‍ നായര്‍, എന്‍ ഇ ബലറാം, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയ നേതാക്കള്‍. ഇവരുടെ കാല ശേഷം വലതുപക്ഷ രാഷ്ട്രീയത്തിലെന്ന പോലെ സി പി ഐയിലും ജനാധിപത്യം പണാധിപത്യത്തിന് വഴിമാറിയിരിക്കുന്നുവെന്നാണ് പുതിയ വിവാദങ്ങള്‍ ബോധ്യപ്പെടുത്തുന്നത്.
ആരോപണവിധേയര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി തയാറായത് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിലെ മറ്റു ചില ഉന്നതര്‍ക്കും ബെന്നറ്റ് എബ്‌റഹാമിന്റെ സ്ഥാനാര്‍ഥിത്തില്‍ പങ്കുണ്ടെന്നും, അവര്‍ക്ക് വേണ്ടി തങ്ങളെ ബലിയാടാക്കുകയാണെന്നും അച്ചടക്ക നടപടിക്ക് വിധേയരാവര്‍ ആരോപിക്കുമ്പോള്‍ അതിന്റെ നിജസ്ഥിതി അറിയാന്‍ അണികള്‍ക്ക് താത്പര്യമുണ്ട്. ബെന്നറ്റ് എബ്‌റഹാമിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച വേളയില്‍ തന്നെ ഈ ആരോപണം ഉയര്‍ന്നു വന്നിരുന്നതാണ്. അന്ന് പാര്‍ട്ടി നേതൃത്വം അത് നിഷേധിച്ചിരുന്നുവെങ്കിലും പാര്‍ട്ടിക്കകത്തുള്ളവര്‍ അത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയും ആവശ്യമെങ്കില്‍ തുടര്‍നടപടകള്‍ സ്വീകരിച്ചും പാര്‍ട്ടിയെ ശുദ്ധീകരിക്കാനും നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനും നേതൃത്വം ആര്‍ജവം കാണിക്കേണ്ടിയിരിക്കുന്നു.

ALSO READ  കശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കിയതു കൊണ്ടായില്ല