ഗാസ ആക്രമണം: യു എന്‍ കമ്മീഷനെ നിയോഗിച്ചു

Posted on: August 13, 2014 6:00 am | Last updated: August 12, 2014 at 11:57 pm

ജനീവ: ഗാസ മുനമ്പില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണ സമയത്ത് ഇരുകൂട്ടരും നടത്തിയ മനുഷ്യാവകാശലംഘനവും യുദ്ധക്കുറ്റവും അന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര കമ്മീഷനെ നിയോഗിച്ചു. യു എന്‍ മനുഷ്യാവകാശ സമിതിയുടെ അന്വേഷണ കമ്മീഷനെ ‘കംഗാരു കോടതി’ എന്നാണ് ഇസ്‌റാഈല്‍ വിശേഷിപ്പിച്ചത്. ഗാസക്കെതിരെ അധിനിവേശക്കാര്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാനുള്ള തീരുമാനത്തെ ഹമാസ് സ്വാഗതം ചെയ്തതായി വക്താവ് സാമി അബു സുഹ്‌രി അറിയിച്ചു.
ജൂണ്‍ 13 മുതല്‍ ആരംഭിച്ച സൈനിക നടപടിക്കിടെയുണ്ടായ എല്ലാ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ ലംഘനങ്ങളും സ്വതന്ത്ര സംഘം അന്വേഷിക്കുമെന്ന് യു എന്നിന്റെ പ്രസ്താവനയില്‍ പറയുന്നു. അന്താരാഷ്ട്ര നിയമം എന്ന വിഷയത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച കനേഡിയന്‍ പ്രൊഫസര്‍ വില്യം ഷാബസാണ് സംഘത്തലവന്‍. യു എന്‍ മനുഷ്യാവകാശ മുന്‍ വിദഗ്ധനായ സെനഗല്‍കാരന്‍ ദൂദൂ ദീനെ, ബ്രിട്ടീഷ്- ലെബനീസ് അഭിഭാഷകനായ അമാല്‍ അലാമുദ്ദീന്‍ എന്നിവരാണ് സംഘത്തിലുള്ളത്. എന്നാല്‍, താന്‍ സംഘത്തിലുണ്ടാകില്ലെന്ന് അമാല്‍ അലാമുദ്ദീന്‍ പിന്നീട് പറഞ്ഞു. സംഘത്തിലുള്‍പ്പെട്ടതിലൂടെ ഏറെ ആദരിക്കപ്പെട്ടു. പക്ഷേ മറ്റ് നിരവധി ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇത് സ്വീകരിക്കാന്‍ സാധിക്കില്ല. അവര്‍ അറിയിച്ചു.
അടുത്ത വര്‍ഷം മാര്‍ച്ചിലാണ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. യു എന്‍ മനുഷ്യാവകാശ സമിതിയില്‍ അംഗമല്ലാത്ത ഇസ്‌റാഈല്‍, സമിതിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കാറുണ്ട്. സമിതിയിലെ 47 അംഗരാഷ്ട്രങ്ങളും ഇസ്‌റാഈലിനോട് വിവേചനം കാണിക്കുന്നുവെന്നാണ് പ്രധാന പരാതി. ഒരു മാസം നീണ്ടുനിന്ന ആക്രമണത്തില്‍ 1938 ഫലസ്തീനികളും 67 ഇസ്‌റാഈലികളുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഫലസ്തീനികളില്‍ ഭൂരിപക്ഷവും കുട്ടികളും സ്ത്രീകളും സാധാരണക്കാരുമാണ്. ഇസ്‌റാഈല്‍ ഭാഗത്ത് സൈനികരാണ് അധികവും കൊല്ലപ്പെട്ടത്. യു എന്‍ അഭയാര്‍ഥി ക്യാമ്പുകളും സ്‌കൂളുകളും താമസസ്ഥലങ്ങളും ഇസ്‌റാഈല്‍ ആക്രമിച്ചിരുന്നു.